കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം ഒരു മണിക്കൂറില്‍ താഴെ സമയം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായി മതാചാരങ്ങള്‍ നടത്താനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി ബില്ലില്‍ ഇളവുകൾ
കോവിഡ് പശ്ചാത്തലത്തില്‍ കെ.എസ്.ഇ.ബി. ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1997 സെപ്റ്റംബര്‍ 29 മുതല്‍ 500 വാട്ട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി, കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി ബോധകമാക്കും.

1000 വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റ് ഒന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി അനുവദിക്കും.
ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജില്‍ 25 ശതമാനം ഇളവ്
വാണിജ്യ/ വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജില്‍ 25 ശതമാനം ഇളവ് നല്‍കും. സിനിമ തീയേറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജില്‍ 50 ശതമാനം ഇളവ് നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജിേന്മേല്‍ നല്‍കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പലിശ രഹിതമായി മൂന്നു തവണകള്‍ അനുവദിക്കും. ഈ ഉപഭോക്തൃ വിഭാഗങ്ങള്‍ പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കും.
വാക്സിനേഷൻ മുൻഗണനാപ്പട്ടികയിൽ കൂടുതൽ വിഭാഗങ്ങൾ
ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കൽ വിദ്യാർത്ഥികൾ, ഫാർമസി കോഴ്സ് വിദ്യാർത്ഥികൾ എന്നിവർക്കുള്ള വാക്സിനേഷനും പൂർത്തീകരിക്കും.
ബസ്സുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് ബസ്സുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കും.

അന്തർസംസ്ഥാനയാത്രികർ കോവിഡ് നെഗറ്റീവ്സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവിൽ എയർ്പോർട്ടുകളിൽ ഫലപ്രദമായ പരിശോധനാസംവിധാനമുണ്ട്. മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും, അതിർത്തി ചെക്ക്പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
ബി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കും.
ഓഫീസുകളും സ്ഥാപനങ്ങളും തുറന്നിരിക്കുന്ന ഈ സമയത്ത് എല്ലാവരും അടിസ്ഥാനപരമായ പ്രതിരോധ മാർഗങ്ങളിൽ ശ്രദ്ധ വെക്കണം. പുറത്തിറങ്ങുന്നവർ എൻ 95 മാസ്കോ, ഡബിൾ മാസ്കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാണ്.













