അർജുൻ ആയങ്കി സ്വർണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അർജുൻ കരിപ്പൂരിൽ എത്തിയത് സ്വർണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സജേഷ് അർജുൻ ആയങ്കിയുടെ ബിനാമി മാത്രമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. സജേഷിന്‍റെ പേരിൽ കാർ വാങ്ങിയെന്ന് മാത്രമേയുള്ളൂ. അർജുൻ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ അയാളുടേത് തന്നെയാണ്. സ്വർണക്കടത്തിൽ നിരവധി ചെറുപ്പക്കാർക്ക് പങ്കുണ്ട്. സ്വർണം കടത്താനും കടത്തി കൊണ്ടു വന്ന സ്വർണം തട്ടിയെടുക്കാനും ചെറുപ്പക്കാരെ ഉപയോഗിക്കുന്ന സ്ഥിതിയാണ്.
ഫോൺ രേഖകളെല്ലാം നശിപ്പിച്ച ശേഷമാണ് അർജുൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. മൊഴിയെടുത്തപ്പോൾ കസ്റ്റംസിന് നൽകിതെല്ലാം കെട്ടിചമച്ച വിവരങ്ങളാണ്. അന്വേഷണവുമായി ഇയാൾ സഹകരിക്കുന്നില്ല. ആഡംബര ജീവിതമാണ് അർജുൻ നയിച്ചിരുന്നത്– റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.













