കേരളത്തിന്റെ പോലീസ്ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന പൊലീസ് മേധാവിയെ തീരുമാനിക്കാനുള്ള പട്ടികയില്‍ ഡി.ജി.പി. റാങ്കിലുള്ള വനിത ഉള്‍പ്പെട്ടത് സംസ്ഥാനത്തിന് തന്നെ അഭിമാനകരം. ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യയാണ് സര്‍ക്കാരിന്റെ പരിഗണനാപട്ടികയില്‍ വന്നിരിക്കുന്ന മൂന്നു പേരില്‍ ഒരാള്‍. പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രണ്ടു പേര്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറും സേഫ്റ്റി കമ്മീഷണര്‍ അനില്‍ കാന്തും ആണ്. സീനിയോറിറ്റി അല്‍പം കൂടുതല്‍ സുദേഷ് കുമാറിനാണ്. ഇദ്ദേഹം സന്ധ്യയെ പോലെ തന്നെ നിലവില്‍ ഡി.ജി.പി. റാങ്ക് ഉള്ള വ്യക്തിയുമാണ്. അനില്‍കാന്ത് ഇപ്പോള്‍ അഡീഷണല്‍ ഡി.ജി.പി.ആണ്.

ടോമിന്‍ ജെ. തച്ചങ്കരിയെ പട്ടികയില്‍ നിന്നും ഒഴിവാക്കി എന്നതാണ് കേരളത്തെ സംബന്ധിച്ച് വലിയ രാഷ്ട്രീയ പ്രാധാന്യം ഉള്ള കാര്യം. തച്ചങ്കരി ഇടതുപക്ഷസര്‍ക്കാരിന്റെ ഇഷ്ടക്കാരനാണ്. ഒട്ടേറെ വിവാദങ്ങളിലും അദ്ദേഹം ചെന്നു ചാടിയിട്ടുണ്ട്. തച്ചങ്കരിയുടെ പേരില്‍ നിലവില്‍ വിജിലന്‍സ് കേസുണ്ട്. ഡി.ജി.പി. പട്ടികയില്‍ വരാനുള്ള സാധ്യത പരിഗണിച്ച് ഈ കേസ് ഉപായത്തില്‍ അവസാനിപ്പിക്കാനുള്ള നീക്കം അടുത്ത കാലത്ത് നടന്നിരുന്നു. എന്നാല്‍ നടന്നില്ല. ഇതിനു കാരണം വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍ തന്നെ ഡി.ജി.പി. സാധ്യതാപട്ടികയിലെ പ്രമുഖനാണ് എന്നതു കൂടിയാണ് എന്ന പ്രചാരണം ശക്തമായി ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ 12 പേരുകളാണ് യു.പി.എസ്.സി.യുടെ മുന്നിലേക്ക് നല്‍കിയത്. ഇവരെല്ലാം ഡി.ജി.പി. അല്ലെങ്കില്‍ എ.ഡി.ജി.പി. റാങ്കില്‍ ഉള്ളവരാണ്. 1987 മുതല്‍ 91 വരെയുള്ള കാലയളവില്‍ സര്‍വ്വീസില്‍ ചേര്‍ന്ന് 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരാണ് എല്ലാവരും.
ഇവരില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന പേര് അരുണ്‍കുമാര്‍ സിന്‍ഹയുടെതായിരുന്നു. സിന്‍ഹ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഒരുക്കുന്ന സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ആണ്.
കേരള ഡി.ജി.പി. സ്ഥാനത്തേക്ക് തനിക്ക് താല്‍പര്യമില്ലെന്ന് സിന്‍ഹ നേരത്തെ തന്നെ യു.പി.എസ്.സി.യെ അറിയിച്ചിരുന്നതിനാല്‍ അദ്ദേഹത്തെ അന്തിമപട്ടികയിലേക്ക് പരിഗണിച്ചില്ല.
യു.പി.എസ്.സി. പ്രതിനിധി കൂടി ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഇനി അന്തിമപട്ടികയില്‍ നിന്നും ഡി.ജി.പി.യെ നിശ്ചയിക്കുക. നേരത്തെ സംസ്ഥാനസര്‍ക്കാര്‍ തനിച്ച് തീരുമാനം എടുക്കുകയായിരുന്നു കീഴ് വഴക്കം. സീനിയോറിറ്റിക്കപ്പുറം മറ്റ് പരിഗണനകള്‍ തിരഞ്ഞെടുപ്പില്‍ നിഴലിക്കാറുണ്ടായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലോടെയാണ് ഈ പതിവ് അവസാനിച്ചത്.
പട്ടികയില്‍ ഉള്ള സുദേഷ് കുമാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് വലിയ വിവാദത്തിലും കേസിലും പെട്ടിട്ടുള്ള വ്യക്തിയാണ്. സുദേഷ് കുമാറിന്റെ മകള്‍ ഗണ്‍മാന്‍ ഗവാസ്‌കറെ ഭീകരമായി മര്‍ദ്ദിച്ച സംഭവമാണ് ഇതിനു കാരണമായത്. ബി.സന്ധ്യയും അനില്‍കാന്തും സര്‍ക്കാരിന്റെ ഗുഡ്ബുക്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ്.













