• Home
  • exclusive
  • ജമ്മു-കാശ്മീര്‍: മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ഭരണം ഇനി ബി.ജെ.പി.ക്ക് ?

ജമ്മു-കാശ്മീര്‍: മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ഭരണം ഇനി ബി.ജെ.പി.ക്ക് ?

ജമ്മു-കാശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കാനും മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം തിരഞ്ഞെടുപ്പു നടത്താനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നില്‍ വ്യക്തമായ തന്ത്രങ്ങള്‍ ഉണ്ട്. സംസ്ഥാനത്തിന്റെ ഭരണം ബി.ജെ.പി.യില്‍ നിക്ഷിപ്തമാക്കുക എന്നതാണത്.
മണ്ഡലം പുനര്‍നിര്‍ണയം ചെയ്യാനുദ്ദേശിക്കുന്നത് ജമ്മു മേഖലയിലാണ്. അവിടെ ബി.ജെ.പി.യുടെ ശക്തി കേന്ദ്രമാണ്. ഇവിടെ നിലവില്‍ 37 സീറ്റുകളാണുള്ളത്. ഏഴ് മണ്ഡലങ്ങളാണ് പുതിയതായി നിലവില്‍ വരാന്‍ സാധ്യതയുള്ളത്. അതോടെ നിയമസഭാസീറ്റുകളുടെ എണ്ണം 44 ആകും.
കാശ്മീര്‍ മേഖലയില്‍ 46 സീറ്റുകളാണുള്ളത്. ഇവിടെ പി.ഡി.പി., നാഷണല്‍ കോണ്‍ഫറന്‍സ് പോലുള്ള കാശ്മീര്‍ പാര്‍ടികള്‍ക്കാണ് ആധിപത്യം. ഇതിനെ മറികടക്കാന്‍ ജമ്മുവിലെ ഭൂരിപക്ഷം കൊണ്ട് സാധിക്കുക എന്നതാണ് ബി.ജെ.പി.യുടെ തന്ത്രം.
ജമ്മു-കാശ്മീര്‍ നിയമസഭയില്‍ ഇപ്പോഴുള്ള സീറ്റുകള്‍ 83 ആണ്. ഇത് 90 ആകുന്നതോടെ ബി.ജെ.പി. മുഖ്യമായും ഭരണത്തില്‍ വരാനുള്ള വഴി തെളിയും. പാക് അധീന കാശ്മീരില്‍ 24 സീറ്റുകളാണ് ഉള്ളത്.

ലഡാക്കില്‍ നാല് സീറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കേന്ദ്രഭരണ പ്രദേശമായതോടെ അത്രയും സീറ്റുകള്‍ കുറയുകയും ചെയ്തു.
പ്രത്യേക പദവി റദ്ദാക്കിയ ശേഷം തന്നെ നടന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ ജമ്മു മേഖലയില്‍ ബി.ജെ.പി. ആറ് ജില്ലാ കൗണ്‍സിലുകളും നേടിയിരുന്നു. അതേമയം കാശ്മീര്‍ മേഖലയില്‍ ഇപ്പോഴത്തെ ഗുപ്കാര്‍ സഖ്യം( സി.പി.എം ഉള്‍പ്പെടെ ഏഴ് പാര്‍ടികളുടെ സഖ്യം-ഇതില്‍ കോണ്‍ഗ്രസ് ഇല്ല) ഒന്‍പത് കൗണ്‍സിലുകളും നിലനിര്‍ത്തുകയുണ്ടായി. ഇത് നല്‍കുന്ന സൂചന കൃത്യമാണ്–ജമ്മു ബി.ജെ.പി.യുടെയും കാശ്മീര്‍ മേഖല കാശ്മീര്‍ പാര്‍ടികളുടെയും ശക്തിദുര്‍ഗമായി തുടരും.

ഇതുവരെയുള്ള ജമ്മു-കാശ്മീര്‍ ഭരണത്തില്‍ ബി.ജെ.പി. എപ്പോഴും സഖ്യ കക്ഷിയായിരുന്നു. എ്ന്നാല്‍ ഇനി മറ്റുള്ളവരെ സഖ്യകക്ഷികളാക്കി തങ്ങളുടെ മുഖ്യമന്ത്രിയെ വാഴിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി.യും കേന്ദ്രസര്‍ക്കാരും കാശ്മീര്‍ പാര്‍ടികളുടെ മുന്നില്‍ വെച്ചു നീട്ടുന്നത്. ഇതിലെ അപകടം കാശ്മീര്‍ പാര്‍ടികള്‍ തിരിച്ചറിയുന്നുണ്ട്. അതിനാലാണ് അവര്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങളെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യാത്തതും.

Leave a Reply

Your email address will not be published. Required fields are marked *

ജമ്മു-കാശ്മീര്‍: മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ഭരണം ഇനി ബി.ജെ.പി.ക്ക് ? - The Political Editor