പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വീകാര്യത കഴിഞ്ഞ മുന്‍ വര്‍ഷത്തേതില്‍ നിന്നും ഇടിഞ്ഞതായി ലോക നേതാക്കളുടെ റേറ്റിങില്‍ പഠനം നടത്തുന്ന അമേരിക്കന്‍ കമ്പനിയായ മോണിങ് കണ്‍സള്‍ട്ട് വിലയിരുത്തല്‍. 2019 ആഗസ്റ്റില്‍ 82 ശതമാനമായിരുന്നു ലോക നേതാവ് എന്ന നിലയില്‍ മോദിയുടെ റേറ്റിങ്. എന്നാല്‍ ഇപ്പോള്‍ അത് 66 ശതമാനമായി ഇടിഞ്ഞുവെന്ന് പഠനത്തില്‍ വെളിപ്പെടുന്നു. ജമ്മു-കാശ്മീര്‍ വിഭജനം, 370-ാം വകുപ്പ് എടുത്തുകളയല്‍ എന്നിവ മോദിയുടെ സ്വീകാര്യത കുറച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. സാമ്പിളായി ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ 2,126 പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ 66 ശതമാനം പേര്‍ മോദിയെ പിന്താങ്ങിയപ്പോള്‍ 28 ശതമാനം നിരാകരിച്ചുവെന്ന് മോണിങ് കണ്‍സള്‍ട്ട് പറയുന്നു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉരുത്തിരിയുന്നതിനും മുമ്പേയാണ് സര്‍വ്വേ നടത്തിയത് എന്നതും ശ്രദ്ധേയമാണ്.
എന്നിരിക്കിലും ഇപ്പോഴും ലോകത്തെ 13 നേതാക്കളില്‍ മുന്നില്‍ മോദി തന്നെയാണ്. അമേരിക്ക, ബ്രിട്ടണ്‍, റഷ്യ, ആസ്‌ത്രേലിയ, കാനഡ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ ഭരണാധികാരികൾക്കൊപ്പം മോദി ഉണ്ട്.













