ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ ഞായറാഴ്ച രാത്രി ദൃശ്യമാധ്യമപ്രവര്‍ത്തകനായ സുലഭ് ശ്രീവാസ്തവ ദുരൂഹമായ ഒരുപകടത്തില്‍ മരണമടഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആശങ്കയോ ഉല്‍കണ്ഠയോ പ്രകടിപ്പിച്ചിട്ടില്ല. തിങ്കളാഴ്ച പൊലീസ് അപകടമരണത്തിന് കേസെടുത്തുവെങ്കിലും രാത്രിയില്‍ നടന്ന ഈ അപകടം വളരെ ദൂരൂഹമാണെന്ന് മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും പറയുന്നത് പൊലീസ് പരിഗണിച്ചിട്ടില്ല. ഒരന്വേഷണവും പ്രത്യേകിച്ച് പ്രഖ്യാപിച്ചിട്ടില്ല. ലാല്‍ഗഞ്ച് എന്ന സ്ഥലത്തു നിന്നും ബൈക്കില്‍ വരുന്ന വഴിയാണ് രാത്രിയില്‍ സുലഭ് അപകടത്തിനിരയായത്. എന്നാല്‍ പൊലീസ് ഇത് ഒരു സാധാരണ അപകടമരണം എന്ന നിലയിലാണ് കാണുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു.
യു.പി. സര്‍ക്കാര്‍ പ്രത്യേകിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ച് രംഗത്തു വന്നത് ശ്രദ്ധേയമായി. യു.പി. സര്‍ക്കാരിന്റെ നിര്‍ജ്ജീവമായ സമീപനത്തെ മമത ഇന്നലെ ചോദ്യം ചെയ്തു. ജനാധിപത്യവും സ്വാതന്ത്ര്യവും സമൂഹത്തിന്റെ മൂല്യങ്ങളാണെന്നു പറയുന്നുണ്ടെങ്കിലും നിര്‍ഭയമായി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമറിപ്പോര്‍ട്ടര്‍മാരുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്നത് ദയനീയമാണ്. ഈ സംഭവത്തില്‍ പ്രതിഷേധിക്കുന്നു–മമത പ്രതികരിച്ചു.













