• Home
  • kerala
  • ഫയലുകൾ മരിച്ച രേഖകൾ ആവരുത്, തുടിക്കുന്ന ജീവിതങ്ങൾ ആവണമെന്ന് മുഖ്യമന്ത്രി…ഒക്ടോബർ രണ്ടിനകം വില്ലേജ് ഓഫീസ് സേവനങ്ങൾ ഓൺലൈനിൽ

ഫയലുകൾ മരിച്ച രേഖകൾ ആവരുത്, തുടിക്കുന്ന ജീവിതങ്ങൾ ആവണമെന്ന് മുഖ്യമന്ത്രി…ഒക്ടോബർ രണ്ടിനകം വില്ലേജ് ഓഫീസ് സേവനങ്ങൾ ഓൺലൈനിൽ

ഫയലുകൾ മരിച്ച രേഖകൾ ആവരുത്. തുടിക്കുന്ന ജീവിതങ്ങൾ ആവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് വർഷത്തിനകം വില്ലേജ് ഓഫീസുകൾ പൂർണമായും സ്മാർട്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന ഓഫീസുകളാണ് വില്ലേജ് ഓഫീസുകൾ. അതിനാൽ വേഗവും കാര്യക്ഷമവുമായ സേവനങ്ങൾ അനിവാര്യമാണ്. 1666 വില്ലേജ് ഓഫീസുകളിൽ 126 എണ്ണം സ്മാർട്ടായി. 342 ഓഫീസുകൾ സ്മാർട്ട് ആക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ കൂടി ഈ സർക്കാരിന്റെ കാലത്ത് പൂർത്തീകരിക്കും.

അന്യായമായി പണം വസൂലാക്കൽ മാത്രമല്ല അഴിമതി. ഒരേ സേവനത്തിനായി ജനങ്ങളെ പലതവണ ഓഫീസുകളിൽ വരുത്തുന്നതും ലഭ്യമായ അപേക്ഷകളിൽ സമയ ബന്ധിതമായി തീർപ്പ് കൽപ്പിക്കാത്തതും ഓൺലൈൻ അപേക്ഷയിൽ മതിയായ കാരണമില്ലാതെ ജനങ്ങളെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയുടെ ഗണത്തിൽപ്പെടും. ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാതെ സൂക്ഷിക്കുന്നതും അഴിമതിക്ക് അരങ്ങൊരുക്കലാണ്. ഇതൊന്നും അനുവദിക്കാനാവില്ല.

സർക്കാർ സേവനങ്ങൾ സുതാര്യവും സമയബന്ധിതവും കാര്യക്ഷമവുമല്ലെങ്കിൽ പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളോട് അതൃപ്തി ഉണ്ടാവും. അത് സർക്കാരിനെതിരെയും അതൃപ്തി ഉണ്ടാക്കും. അപേക്ഷയുടെ മെറിറ്റ് അനുസരിച്ച് തീരുമാനമെടുക്കാതെ ചില ഏജന്റുമാരെ കാണേണ്ട നില നേരത്തെ ഉണ്ടായിരുന്നു. ഏതെങ്കിലും തരത്തിൽ ഇത്തരം ദുഷ്പ്രവണത കണ്ടാൽ വെച്ചുപൊറുപ്പിക്കില്ല. കർശനമായ നടപടികളുണ്ടാവും. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത രണ്ട് വർഷം കൊണ്ട് 1666 വില്ലേജ് ഓഫീസുകളിലും നൂതന സാങ്കേതിക വിദ്യയായ കോർസ് ( കണ്ടിന്യൂയിംഗ് ഓപ്പറേറ്റിംഗ് റഫറൽ സിസ്റ്റം ) അധിഷ്ഠിതമായി ഇന്റഗ്രേറ്റഡ് ഭൂരേഖാ പോർട്ടൽ ലഭ്യമാക്കും. റവന്യു, സർവ്വേ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളിലായി നൽകുന്ന സേവനങ്ങൾ ഇതോടെ ഒറ്റ പോർട്ടലിൽ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, ലാന്റ് റവന്യു കമ്മീഷണർ കെ. ബിജു തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

ഫയലുകൾ മരിച്ച രേഖകൾ ആവരുത്, തുടിക്കുന്ന ജീവിതങ്ങൾ ആവണമെന്ന് മുഖ്യമന്ത്രി...ഒക്ടോബർ രണ്ടിനകം വില്ലേജ് ഓഫീസ് സേവനങ്ങൾ ഓൺലൈനിൽ - The Political Editor