• Home
  • kerala
  • കള്ളപ്പണം: കെ.സുരേന്ദ്രന്റെ മകനും ധര്‍മരാജനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം

കള്ളപ്പണം: കെ.സുരേന്ദ്രന്റെ മകനും ധര്‍മരാജനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം

കൊടകര കള്ളപ്പണക്കേസിലെ പ്രതി ധര്‍മരാജനുമായി ബി.ജെ.പി. പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ പല തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും കോന്നിയില്‍ തിരഞ്ഞെടുപ്പു കാലത്ത് ഇവര്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും കേസ് അന്വേഷിക്കുന്ന സംഘം കണ്ടെത്തി. അതിനാല്‍ ഹരികൃഷ്ണന്റെ മൊഴിയും പൊലീസ് എടുക്കും. ഇന്നലെ കെ.സുരേന്ദ്രന്റെ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് ധര്‍മരാജനെ അറിയാമെന്ന് അവര്‍ സമ്മതിച്ചിരുന്നു. മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ രണ്ടര ലക്ഷം നല്‍കി ഒരു സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ചു എന്ന വിവരവും ഇന്നലെ പുറത്തു വന്നു. ഉത്തരേന്ത്യയില്‍ ബി.ജെ.പി. നടത്തുന്ന തരം കുതിരക്കച്ചവടവും പണം കൊണ്ടുള്ള വോട്ടുകച്ചവടങ്ങളും കേരളത്തില്‍ കെട്ടിയിറക്കി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച കെ.സുരേന്ദ്രന് ലഭിക്കുന്ന തിരിച്ചടിയായിട്ടാണ് സമീപകാല സംഭവവികാസങ്ങളെ ബി.ജെ.പി. സംസ്ഥാനഘടകത്തിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇപ്പോള്‍ കാണുന്നത്. സുരേന്ദ്രന്‍ വിരുദ്ധ വിഭാഗം ആവട്ടെ ഇക്കാര്യത്തില്‍ സുരേന്ദ്രന്‍ തന്നെ കൈകാര്യം ചെയ്യട്ടെ എന്ന മാനസികാവസ്ഥയിലാണ്. ഇന്ന് കൊച്ചിയില്‍ നടക്കുന്ന കോര്‍ കമ്മിറ്റി യോഗം നിര്‍ണായകമാണ്. സുരേന്ദ്രനെ സംരക്ഷിച്ചു കൊണ്ടും എന്നാല്‍ സ്വയംവിമര്‍ശനത്തിനു വാതില്‍ തുറന്നു കൊണ്ടുമുള്ള പരിഹാരക്രിയകളായിരിക്കും ഉന്നത നേതൃത്വം നിര്‍ദ്ദേശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

കള്ളപ്പണം: കെ.സുരേന്ദ്രന്റെ മകനും ധര്‍മരാജനുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം - The Political Editor