ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സി.കെ ജാനുവിന് പത്തു ലക്ഷം നൽകിയെന്ന് ജാനുവിന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. എൻഡിഎ യിലേക്ക് പോകാനുള്ള പ്രതിഫലമായാണ് ഈ തുക നൽകിയതെന്നും തിരുവനന്തപുരത്ത് സി കെ ജാനു താമസിച്ച ഹോട്ടലിൽ സുരേന്ദ്രൻ നേരിട്ടെത്തിയാണ് പണം കൈമാറിയതെന്നും പ്രസീത കണ്ണൂരിൽ ആരോപിച്ചു. പ്രസീതയുടെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും ഫോൺ സംഭാഷണം പുറത്തു വന്നതുനു പിന്നാലെയാണ് സുരേന്ദ്രനെതിരെയുള്ള ഗുരുതരമായ ആരോപണം പ്രസീത പൊതുമധ്യത്തിൽ വിളിച്ചുപറഞ്ഞത്.
കെ.സുരേന്ദ്രൻ്റെ വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് 6 നാണ് ജാനുവിന് പണം നൽകിയത്. പത്തു കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ജാനുവിന്റെ വ്യക്തിപരമായ ആവശ്യത്തിനാണ് തുക വാങ്ങിയതെന്നും പ്രസീത ആരോപിക്കുന്നു.













