Categories
latest news

മറ്റൊരു മമത….നമ്മൾ അറിയാത്ത മമത

ഇന്ത്യയില്‍ 56 ഇഞ്ച് നെഞ്ചളവ് വിലപ്പോകാത്തത് ഒരാളുടെ മുന്നില്‍ മാത്രമാണ്…പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവര്‍ക്കു മാത്രം സാധിക്കുന്ന പോര്‍വീര്യത്തോടെ നിര്‍വീര്യമാക്കുന്നത് നരേന്ദ്രമോദിയുടെ സമഗ്രാധിപത്യ അഹന്തകളെയാണ്…സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മമത നല്‍കിയ പൂഴിക്കടകന്‍ പ്രഹരം എന്താണെന്ന് രാജ്യം കണ്ടു..
മമതയ്ക്ക് ഈ പോരാട്ടവീര്യം, ഈ നിശ്ചയ ദാര്‍ഢ്യം എവിടെ നിന്നുമാണത് ലഭിക്കുന്നത്..ഉത്തരം തേടുമ്പോള്‍ നമ്മളറിയാത്ത ഒരു മമതാബാനര്‍ജി ഉണ്ടെന്ന തിരിച്ചറിവുണ്ടായേക്കാം. അതുണ്ടായ ഒരാള്‍ എഴുതിയ കുറിപ്പ് ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാകുന്നു….

ഇടത് സഹയാത്രികനും സാമൂഹ്യ നിരീക്ഷകനും സാഹിത്യകാരനുമായ എ.പി. അഹമ്മദ് എഴുതിയത് വായിക്കൂ…

അറിയാതെ പോയ മമത!

പ്രത്യയശാസ്ത്രമില്ലാത്ത രാഷ്ട്രീയ പ്രയോഗമാണ് മമതാ ബാനർജിയെന്ന് എപ്പോഴും വിമർശിക്കുന്ന ഒരാളാണ് ഞാൻ. ഇടതുപക്ഷത്തിന്റെ ബദൽ നാളങ്ങൾ ഊതിക്കെടുത്തിയല്ല, ഇന്ത്യയുടെ മതേതരപ്പന്തങ്ങൾ ജ്വലിക്കേണ്ടത് എന്ന് ഇപ്പോഴും വിശ്വസിക്കുന്നയാളുമാണ്. സ്വാതന്ത്ര്യാനന്തര ബംഗാളിനെ അക്രമ രാഷ്ട്രീയത്തിലേക്ക് വഴിതെറ്റിച്ചതിൽ മമതയ്ക്ക് വലിയ പങ്കുണ്ടെന്ന് കരുതുന്നയാളുമാണ്..

എ.പി. അഹമ്മദ്

എന്നാൽ ബംഗാളി ജനതയെ ഒപ്പം നിർത്തുന്നതിൽ ആ ജനനായിക പ്രകടിപ്പിക്കുന്ന മാസ്മരികത കുറേ കാലമായി എന്നെ വിസ്മയിപ്പിക്കുന്നു. അഴിമതി രാജാക്കന്മാരായ പുരുഷ നേതാക്കളെ വിറപ്പിച്ച് നയിക്കുന്ന ആ പെൺകരുത്ത് അത്യപൂർവം തന്നെ! ഉദ്യോഗസ്ഥ പ്രഭുത്വത്തെ കിടിലം കൊള്ളിക്കുന്ന ആ ആജ്ഞാശക്തി അതിലേറെ അപൂർവം! ഇടതു പക്ഷത്തെ നിലംപരിശാക്കുകയും ബിജെപിയെ നിലക്കു നിർത്തുകയും ചെയ്ത ആ നേതൃപാടവം അപൂർവങ്ങളിൽ അപൂർവം!

ആർക്കും മെരുങ്ങാത്ത ആ വന്യശക്തിയെ അറിയാൻ കമ്പം തോന്നിയപ്പോഴാണ് ആമസോണിൽ ഈ പുസ്തകത്തിന്റെ ആദായ വിൽപന കണ്ടത്. ഷുതാപാ പോൾ രചിച്ച ജീവചരിത്ര ഗ്രന്ഥം, മാധ്യമപ്പൊലിമയ്ക്കപ്പുറം മറഞ്ഞു കിടന്ന ഒരു അത്ഭുത ജന്മത്തെയാണ് അനാവരണം ചെയ്യുന്നത്. ദാരിദ്യം നുണഞ്ഞ ബാല്യം; ചികിത്സ കിട്ടാതെ മരിച്ച അച്ഛൻ; പഠനം പോരാട്ടമാക്കി നിയമം, ചരിത്രം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബിരുദം; ഇസ്ലാമിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദം; ഒന്നിലേറെ ഡോക്ടറേറ്റുകൾ..

കൗമാരത്തിൽ തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കത്തിക്കയറിയ മമതയുടെ പിൽക്കാല ജീവിതം നമ്മുടെ ഓർമയിലുള്ളതുകൊണ്ട്, പുതുമയൊന്നും തോന്നിയില്ല. എങ്കിലും ജയപ്രകാശ് നാരായണന്റെ കാറിനു മുകളിൽ കയറി പ്രതിഷേധ നൃത്തം ചവിട്ടിയതും വനിതാ സംവരണ ബില്ലിനെ എതിർത്ത സമാജ് വാദി മെംബറെ ലോക്സഭയുടെ നടുത്തളത്തിൽ കഴുത്തിനു പിടിച്ചതുമൊക്കെ സമരവേദികളിൽ എപ്പോഴും നിലവിട്ടു പെരുമാറുന്ന ദീദിയുടെ മാത്രം സ്റ്റൈൽ ആണു താനും..

തോറ്റടിഞ്ഞും കുതിച്ചുയർന്നും മുന്നേറിയ ആ രാഷ്ട്രീയ ജീവിതം തൊട്ടതൊക്കെ ചരിത്രമാക്കി. കാൽ നൂറ്റാണ്ടുകാലം എംപിയും പലതവണ കേന്ദ്രമന്ത്രിയുമായ അവർ ബംഗാളിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി പത്ത് വർഷം പിന്നിടുന്നു. 66 വയസ്സിനുള്ളിൽ എത്രയോ ആയുസ്സുകൾ ജീവിച്ചു തീർത്ത അസാധാരണമായ സ്ത്രീജന്മം..

പുസ്തകത്തിന്റെ അവസാന താളുകളിലേക്കാണ് മമതയുടെ ഒരു അഭിമുഖം വാട്സാപ്പിൽ വന്നു കയറിയത്. പത്തനംതിട്ടയിൽ നിന്ന് പ്രിയസുഹൃത്ത് ഖാൻ ഷാജഹാനാണ്, ഒരു ഹിന്ദി വാർത്താ ചാനലിൽ വന്ന ആ ഇൻറർവ്യൂ എനിയ്ക്കയച്ചത്. ഹിന്ദി അധ്യാപകനായ സഹപ്രവർത്തകൻ സുമേഷ്, ദീദിയുടെ വാക്കുകൾ തെറ്റാതെ ഭാഷാന്തരം ചെയ്തു തന്നു. പുസ്തകവും അഭിമുഖവും ചേർന്ന് അനാവരണം ചെയ്തത്, ഞാൻ ഒട്ടും അറിയാതെ പോയ ഒരു ബഹുമുഖ പ്രതിഭയെ ആണ്. കൽക്കത്തയിലെ കൂലിത്തെരുവിൽ കൊച്ചു വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ദീദി, തെരുവിന്റെ മക്കളാണ് തന്റെ കുടുംബമെന്ന് തെളിയിക്കുന്നു..

എ.പി. അഹമ്മദ്

യഥാർഥ മമതാ ബാനർജി ബംഗാൾ മുഖ്യമന്ത്രി മാത്രമല്ല. ബംഗാളി ഭാഷയിൽ 87 പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞ ഗ്രന്ഥകാരിയാണ്! കൽക്കത്തയിൽ എത്രയോ തവണ സ്വന്തം പ്രദർശനം ഒരുക്കിയിട്ടുള്ള ചിത്രകാരിയാണ്! ഗാനങ്ങൾ എഴുതുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്യുന്ന കലാകാരിയാണ്! ഈ വിവരങ്ങളേക്കാൾ അത്ഭുതകരമാണ് മമത എന്ന ജനസേവിക പൊതുമുതലിനോട് പുലർത്തുന്ന സമീപനം!

മുഖ്യമന്ത്രി എന്ന നിലയിൽ മാസാന്തം രണ്ടു ലക്ഷത്തോളം രൂപ ശമ്പളം പറ്റാവുന്ന അവർ ഒരു നയാ പൈസയുടെ ആനുകൂല്യവും കൈപ്പറ്റുന്നില്ല. ഔദ്യോഗിക വസതിയോ വാഹനമോ സ്വീകരിച്ചിട്ടില്ല. സ്വന്തം വീടും വാഹനവും ഉപയോഗിക്കുന്നു. എക്കണോമി ക്ലാസിൽ സ്വന്തം ചിലവിൽ യാത്ര ചെയ്യുന്നു. യാത്രാബത്ത കൈപ്പറ്റുന്നില്ല. ഗസ്റ്റ് ഹൗസുകളിൽ വാടകയും ഭക്ഷണച്ചിലവും എപ്പോഴും സ്വയം കൊടുത്ത് താമസിക്കുന്നു. പാർലിമെന്റ് അംഗവും കേന്ദ്ര മന്ത്രിയും ആയിരുന്ന കാലത്തെ പെൻഷനും വേണ്ടെന്ന് വച്ചിരിക്കുന്നു. ചുരുക്കത്തിൽ രാഷ്ട്രത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട സമ്പൂർണ സൗജന്യ സേവനം!

പിന്നെ എന്താണ് ദീദിയുടെ വരുമാനം? പുസ്തകങ്ങളിൽ നിന്ന് പ്രതിവർഷം ശരാശരി രണ്ടു കോടി രൂപ റോയൽറ്റി ലഭിയ്ക്കുന്നു. ചിത്രങ്ങളും സംഗീതവും നൽകുന്ന വരുമാനം വേറെ! തനിച്ച് ജീവിക്കാനും യഥേഷ്ടം സംഭാവന ചെയ്യാനും സ്വന്തം പണം തന്നെ ധാരാളമെന്ന് ദീദി! അധ്വാനിച്ച് ജീവിക്കുന്ന ജനനേതാവിന്റെ ആർജ്ജവമാണ് മമതയുടെ ഇച്ഛാശക്തിയെന്ന് ഇന്ന് ഞാനറിയുന്നു. അഥവാ, ജീവിതമാണ് പ്രത്യയശാസ്ത്രമെന്ന് എന്നെത്തന്നെ തിരുത്തേണ്ടി വരികയാണോ??

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: writer a p ahammad narrates a diffrent identity of mamata banerjee

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick