Categories
latest news

ഇന്ത്യയുടെ അശ്രദ്ധ, അനാസ്ഥ… കൊവിഡ് അടിയന്തിരാവസ്ഥയാണിവിടെ, ലോകപ്രശസ്ത മെഡിക്കല്‍ ജേര്‍ണലിന്റെ മുഖപ്രസംഗം

ഇന്ത്യയിലെ കൊവിഡ് അടിയന്തിരാവസ്ഥ എന്നാണ് ലോകപ്രശസ്ത മെഡിക്കല്‍ ജേര്‍ണലായ ‘ലാന്‍സെറ്റ്’ അതിന്റെ മെയ് എട്ടാംതീയതി ഇറക്കിയ ലക്കത്തില്‍ എഴുതിയ എഡിറ്റോറിയലിന്റെ തലക്കെട്ട്. ഇന്ത്യ കൊവിഡ് പ്രതിരോധത്തില്‍ കാണിച്ച പൊറുക്കാനാവാത്ത അശ്രദ്ധയെയും പ്ലാനിങില്‍ വരുത്തിയ അനാസ്ഥയെക്കുറിച്ചും അതിനിശിതമായാണ് ലേഖനം വിമര്‍ശിക്കുന്നത്. ലോകത്ത് മുഴുവന്‍ ആധികാരികമായി കണക്കാക്കുന്ന മെഡിക്കല്‍ ജേര്‍ണലുകളില്‍ ഒന്നാണ് ഇംഗ്ലണ്ടില്‍ നിന്നും ഇറങ്ങുന്ന ‘ലാന്‍സെറ്റ്’.

ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച മുഖ പ്രസംഗത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങളുടെ മലയാള പരിഭാഷ:

thepoliticaleditor

കോവിഡ് – 19 മായി ബന്ധപ്പെട്ട് ഇന്ത്യയിൽ കാണുന്ന യാതനകൾ പെട്ടെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. മെയ് – 4 വരെ 20.2 ദശലക്ഷത്തിലധികം കോവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ഓരോ ദിവസവും ശരാശരി 3,78,000 കോവിഡ് പോസിറ്റീവ് കേസുകൾ, കൂടെ 2,22,000 – ൽ അധികം മരണങ്ങളും. ഇത് ഏറ്റവും കുറഞ്ഞ കണക്കുകൾ മാത്രമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ആശുപത്രികൾ നിറഞ്ഞു കവിയുന്നു, രാപകലില്ലാതെ ജോലി ചെയ്ത് ആരോഗ്യ പ്രവർത്തകർ തളർന്നിരിക്കുന്നു, അവരിൽ പലർക്കും രോഗം പടർന്നു പിടിച്ചിരിക്കുന്നു. ഓക്സിജൻ സിലിണ്ടറുകൾക്കു വേണ്ടിയും, ആശുപത്രിക്കിടക്കകൾക്കു വേണ്ടിയും, മറ്റു അവശ്യ സേവനങ്ങൾക്കു വേണ്ടിയുമുള്ള മെസ്സേജുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നു.

മാർച്ച് മാസത്തിനു മുൻപ് തന്നെ Covid – 19 ന്റെ രണ്ടാം തരംഗം ആരംഭിച്ചിരുന്നു. “നമ്മൾ ഒരു Endgame ൽ ആണ് “ എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ ഈ കോവിഡ് സാഹചര്യത്തേക്കുറിച്ച് പറഞ്ഞത്. കോവിഡിന്റെ രണ്ടാം തരംഗത്തേക്കുറിച്ചും, മ്യൂട്ടേഷൻ വന്ന പുതിയ പതിപ്പിനേക്കുറിച്ചും തുടർച്ചയായ മുന്നറിയിപ്പ് ലഭിച്ചിട്ടും, കുറച്ചു മാസങ്ങളിലെ കുറഞ്ഞ പോസിറ്റീവ് നിരക്കു വെച്ച് ഇന്ത്യ Covid – 19 നെ നിയന്ത്രണത്തിലാക്കി എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ധാരണ. തെറ്റായ മോഡലുകൾ നിരത്തിക്കൊണ്ട് ഇന്ത്യ ഹേർഡ് ഇമ്യൂണിറ്റി (herd immunity) നേടിയിരിക്കുന്നു എന്ന് വരുത്തിയതിലൂടെ ചെയ്യുന്നത് ആളുകൾ പ്രതിരോധ നടപടികൾ (മാസ്ക്, അകലം, സാനിറ്റൈസർ) സ്വീകരിക്കുന്നത് നിർത്തുവാൻ അവരെ പ്രേരിപ്പിക്കുകയാണ്. പക്ഷേ 2021 ജനുവരിയിൽ ഇൻഡ്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസെർച്ച് (ICMR) നടത്തിയ സിറോ സർവ്വേ (serosurvey) പ്രകാരം ഇന്ത്യൻ ജനസംഖ്യയിൽ 21 % പേർക്ക് മാത്രമേ SARS Cov-2 നെതിരെയുള്ള ആന്റിബോഡി ഉള്ളു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ നരേന്ദ്ര മോദി ഗവൺമെന്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനേക്കാൾ കൂടുതലായി തങ്ങളെ വിമർശിക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.

രാജ്യത്ത് ഇതുവരെ മൊത്തം ജനസംഖ്യയുടെ 2% ത്തിൽ താഴെ മാത്രമേ പ്രതിരോധ കുത്തിവെപ്പ് ലഭിച്ചിട്ടുള്ളു. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തേയാണ് വാക്സിൻ നയത്തിലൂടെ കേന്ദ്ര സർക്കാർ തകർക്കുന്നത്, സംസ്ഥാന സർക്കാരുകളോട് യാതൊരു ചർച്ചയും കൂടാതെ വാക്സിൻ നയത്തിൽ പെട്ടെന്ന് മാറ്റം വരുത്തി, 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകുകയും എന്നാൽ വാക്സിൻ വിതരണം നിർത്തിവെക്കുകയും ചെയ്തതിലൂടെ വലിയ ആശയക്കുഴപ്പമാണ് കേന്ദ്ര സർക്കാർ സൃഷ്ടിച്ചത്. സംസ്ഥാന സർക്കാരുകളും മറ്റു ആശുപത്രികളും മാർക്കറ്റിൽ വാക്സിൻ ലഭ്യതയ്ക്കായി മത്സരിക്കേണ്ട അവസ്ഥയാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്. (ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മാസികയായ ലൂക്ക-യില്‍ നിന്നും എടുത്ത ഭാഗങ്ങളാണിത്-എഡിറ്റര്‍)

Spread the love
English Summary: world famous medical journal criticises indias poor kovid control arrangements

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick