Categories
exclusive

ഭരണതലത്തില്‍ പുതിയ തലമുറയ്ക്ക് കടന്നു വരാന്‍ സി.പി.എം. സൃഷ്ടിച്ച മാറ്റം പുതിയ ചരിത്രമാകുമോ…

കേരളത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണിയില്‍ 25 വര്‍ഷമെങ്കിലുമായി ഭരണതലത്തില്‍ എപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ധനകാര്യമന്ത്രിയുടെ പേരാണ് തോമസ് ഐസക്. തോമസ് ഐസക് കഴിഞ്ഞാല്‍ പിന്നെ ആര്. ഈ ചോദ്യത്തിന് ഒരു സി.പി.എം. അനുഭാവിക്ക് വേറെ പേര് തിരഞ്ഞെടുക്കാനില്ല. പല തവണ അധികാരത്തില്‍ വരുമ്പോഴും ഭരണപരിചയമുള്ളവരുടെ പട്ടികയില്‍ സി.പി.എമ്മില്‍ കുറച്ചുപേര്‍ മാത്രം. ഇതിന് വ്യക്തമായ ഒരു അവസാനമാകാന്‍ പോകുകയാണ് ഇത്തവണ സി.പി.എം. സ്വീകരിച്ച കര്‍ക്കശമായ രണ്ട് ടേം നിബന്ധന. നേരത്തെയും ടേം നിബന്ധന ഉണ്ടായിരുന്നെങ്കിലും ഭരണം കിട്ടിയാല്‍ ചുക്കാന്‍ പിടിക്കാനെന്ന് കണക്കാക്കുന്ന കുറച്ചു പേര്‍ക്ക് ഇളവു ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ കാടടച്ചു വെട്ടുകയായിരുന്നു. അതോടെ ഭരണനിപുണരുടെ വലിയൊരു കൂട്ടം തന്നെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് പുറത്തായി. ഇ.പി. ജയരാജന്‍, എ.കെ.ബാലന്‍, ജി.സുധാകരന്‍, തോമസ് ഐസക് തുടങ്ങിയ സീനിയര്‍മാര്‍ ഇല്ലാത്ത സ്ഥാനാര്‍ഥിപട്ടിക.

സി.പി.എം.എടുത്ത ഈ തീരുമാനം ഒട്ടേറെ പേരെ അത്ഭുതപ്പെടുത്തി. ജയിച്ചാല്‍ ഭരിക്കാന്‍ കഴിവുള്ളവരെ മാറ്റി നിര്‍ത്തുന്നത് അബദ്ധമെന്ന് വിമര്‍ശിക്കുന്നവരെയും ധാരാളം കണ്ടു. മറ്റൊരു പാര്‍ടിയിലും സ്വപ്‌നം കാണാനാവാത്ത കാര്യം. പിണറായി വിജയന്റെ കര്‍ക്കശ തീരുമാനത്തിന് പാര്‍ടിയില്‍ ആരും എതിരു നിന്നില്ല. എന്നാല്‍ ഈ തീരുമാനം പാര്‍ടിയില്‍ ഭരണ പരിചയമുള്ള രണ്ടാം തലമുറയെ പരിശീലിപ്പിച്ചെടുക്കാനുള്ള നീക്കം എന്ന നിലയില്‍ വളരെ ദീര്‍ഘനോട്ടമുള്ള നടപടിയായി മാറുകയാണെന്ന് കാണാവുന്നതാണ്.

2001 മുതല്‍ തുടര്‍ച്ചയായി പാര്‍ലമെന്ററി രംഗത്തുള്ള വ്യക്തിയാണ് തോമസ് ഐസക്. 2001,2006,2011,2016 വര്‍ഷങ്ങളിലെല്ലാം നിയമസഭയിലുണ്ട്. രണ്ടുതവണ ധനകാര്യ വകുപ്പു മന്ത്രി. ജി.സുധാകരനാവട്ടെ 1996 മുതല്‍ നിയമസഭയിലുണ്ട്. തുടര്‍ന്നുള്ള എല്ലാ ടേമിലും എം.എല്‍.എ.യായി. 2006-ലും 2016-ലും മന്ത്രി. എ.കെ.ബാലനാണെങ്കില്‍ 1980-ല്‍ ലോക്‌സഭാംഗം, തുടര്‍ന്ന് 2001 മുതല്‍ നിയമസഭയില്‍. രണ്ടു തവണ മന്ത്രി. ഈ രീതിയില്‍ പാര്‍ലമെന്ററി രംഗത്തുള്ളവര്‍ സ്ഥിരമായി തുടരുമ്പോള്‍ പുതുതലമുറയില്‍ കഴിവുറ്റവര്‍ക്ക് അവസരം ഇല്ലാതാവുന്ന സ്ഥിതി സ്വാഭാവികം. തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന പാര്‍ടിയെ സംബന്ധിച്ച് പുതിയ തലമുറ നേതാക്കള്‍ ഭരണ പരിചയം നേടേണ്ടത് പാര്‍ടി വിദ്യാഭ്യാസത്തിന്റെ തന്നെ ഭാഗമാണ്. ഇതിന് അവസരമൊരുക്കുവാനുള്ള തീരുമാനം എന്ന നിലയിലാണ് രണ്ട് ടേം വ്യവസ്ഥ ശ്രദ്ധ നേടിയത്. എന്നാല്‍ അതില്‍ പലപ്പോഴും വെള്ളം ചേര്‍ക്കപ്പട്ടതോടെ ഉദ്ദേശ്യം പൂര്‍ണമായും നടപ്പായില്ല. വി എസ അച്യുതാനന്ദന് പോലും ഇത്തരം ഇളവ് നൽകിയിട്ടുണ്ട് എന്നും ഓർക്കുക.

പി.രാജീവ്

പിണറായി വിജയന്റെ വിശ്വസ്തരുടെ ഗണത്തില്‍ വരുന്നവരാണ് മന്ത്രിമാരായ സുധാകരനും ബാലനും മണിയും രാമകൃഷ്ണനും എല്ലാം. നിലവില്‍ പിണറായിക്ക് പാര്‍ടിയിലുള്ള മേധാവിത്വം ഉപയോഗിച്ച് വിശ്വസ്തര്‍ക്ക് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ ഒട്ടും വിയര്‍ക്കേണ്ടതില്ല. എന്നിട്ടും പിണറായി അതിന് ശ്രമിച്ചില്ല എന്നിടത്താണ് ഉദ്ദേശ്യശുദ്ധി പ്രധാനമാകുന്നത്. വിശ്വസ്തരെപ്പോലും ഇളവനുവദിക്കാതെ മാറ്റി നിര്‍ത്തി താന്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി പാര്‍ടിയിലെ ഭാവി തലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണെന്നാണ് കരുതപ്പെടുന്നത്. താനും അടുത്ത ടേമില്‍ പാര്‍ലമെന്ററി രംഗത്തുണ്ടാവില്ല എന്ന് പിണറായി വിജയന്‍ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങിനെയെങ്കില്‍ അടുത്ത ഘട്ടത്തില്‍ ഒരു മുഖ്യമന്ത്രിയെത്തന്നെ പാര്‍ടിയില്‍ നിന്നും വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. മുമ്പ് ഇ.എം.എസ്. പോയപ്പോള്‍ നായനാര്‍, എം.വി.രാഘവന്‍, ഗൗരിയമ്മ അല്ലെങ്കില്‍ വി.എസ്. തുടങ്ങി ധാരാളം മുന്‍നിരയില്‍ താരപദവിയും സമാനമായ പാരമ്പര്യവും പരിചയവും ഉള്ള നേതാക്കള്‍ സി.പി.എമ്മില്‍ ഒറ്റ ശ്വാസത്തില്‍ തന്നെ പറയാന്‍ ഉണ്ടായിരുന്നു.

എം.വി.ഗോവിന്ദന്‍

ഇനി പിണറായിക്കു ശേഷം മുഖ്യമന്ത്രിസ്ഥാനത്ത് ആര് എന്ന് ചോദിച്ചാല്‍ സംശയലേശമെന്യേ ഐകകണ്‌ഠ്യേന പെട്ടെന്നു പറയാന്‍ പേര് ഇല്ല എന്ന പ്രശ്‌നം ഉണ്ടാകും. നേതാക്കളെ വളര്‍ത്തിയെടുക്കല്‍ സി.പി.എം.പോലെ കേരളത്തിലെ പ്രബല പാര്‍ടിയില്‍ അത്യാവശ്യമായി വരുന്നത് പ്രധാന്യമര്‍ഹിക്കുന്നത് ഈ സാഹചര്യത്തിലാണ്. കോടിയേരി ബാലകൃഷ്ണ്‍, ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍, എ.വിജയരാഘവന്‍, ജി.സുധാകരന്‍, തോമസ് ഐസക്, എ.കെ.ബാലന്‍, കെ.കെ.ശൈലജ, പി.രാജീവ്, എളമരം കരീം, എം ബി രാജേഷ്, മേഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരും പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും ഒക്കെയാണ് പാര്‍ലമെന്ററി രംഗത്ത് തിളങ്ങിയവരായി പാര്‍ടിയിലുള്ളത്. അവരില്‍ നിന്നും പുതിയ സാരഥികള്‍ ഉയര്‍ന്നുവരാന്‍ മണ്ണ് ഒരുക്കേണ്ടത് മുതിര്‍ന്നവരുടെ ചുമതലായാണെന്ന സന്ദേശം നല്‍കാനാണ് പിണറായിയുടെ ശ്രമം എന്ന നിരീക്ഷണം പ്രസക്തമാണ്.

എം ബി രാജേഷ്

ഇത്തവണ മന്ത്രിമാരായി സി.പി.എം.പരിഗണിക്കപ്പെടുന്നവരില്‍ ഏറ്റവും പ്രധാന വകുപ്പുകളിലേക്കു പോലും എത്തിപ്പെടുക പുതുമുഖങ്ങളായിരിക്കും എന്ന പ്രത്യേകത കാണാതിരുന്നു കൂടാ. ആഭ്യന്തരം മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്താലും ധനകാര്യം, വ്യവസായം, വിദ്യാഭ്യാസം-ഉന്നത വിദ്യാഭ്യാസം, തദ്ദേശഭരണം, സാംസ്‌കാരികം, പട്ടികജാതി വികസനം തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍ നിയമിതരാവുക ഇതുവരെ മന്ത്രി പദവി വഹിക്കാത്തവരായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്. ആരോഗ്യവകുപ്പില്‍ കെ.കെ.ശൈലജ മന്ത്രിയായി വരികയോ അല്ലൈങ്കില്‍ സീനിയര്‍ എന്ന നിലയില്‍ അവര്‍ക്ക് വലിയ മറ്റൊരു വകുപ്പിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയോ ചെയ്യാം എന്ന സാധ്യത ഉണ്ട്. അപ്പോഴും ആരോഗ്യവകുപ്പില്‍ ഒരു പുതുമുഖം വരും.

പിണറായി ശൈലിക്കെതിരായ വിമര്‍ശകരുടെ നീണ്ട നിര തന്നെ കേരളത്തിലെ പൊതുസമൂഹത്തിലുണ്ട്. അവരില്‍ നിന്നും ഇപ്പോള്‍ വരുന്ന ഒരു ആക്ഷേപം തനിക്ക് എതിരാളികളില്ലാതെ ഏകാധിപത്യശൈലിയില്‍ ഭരിക്കാനായി സൗകര്യത്തിനാണ് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കാതെ പിണറായി മാറ്റി നിര്‍ത്തിയത് എന്നതാണ്. എന്നാല്‍ പിണറായിയുടെ ഉദ്ദേശ്യം അതായിരുന്നെങ്കില്‍ വിശ്വസ്തരെപ്പോലും മാറ്റി നിര്‍ത്തേണ്ട കാര്യമില്ലായിരുന്നു എന്ന മറുചോദ്യവും പ്രസക്തമാകുന്നു. ഭരണത്തില്‍ പുതുതലമുറയെ അരങ്ങേറ്റി കൊണ്ടുവരിക എന്ന ഉദ്ദേശ്യശുദ്ധിയാണ് പിണറായിയുടെ തീരുമാനങ്ങള്‍ക്കു പിറകിലെങ്കില്‍ പാര്‍ടിയില്‍ ആ നയം വലിയ സ്വീകാര്യത ഭാവിയില്‍ നേടുമെന്നതില്‍ സംശയമില്ല. വരാനിരിക്കുന്ന കാബിനറ്റിന്റെ സ്വഭാവം തീര്‍ച്ചയായും പിണറായിയുടെ ഉദ്ദേശ്യത്തെ അടയാളപ്പെടുത്തുന്നതായിത്തീര്‍ന്നാല്‍ അത് കേരളത്തിലെ തന്നെ പുതിയ രാഷ്ട്രീയചരിത്രമായി തീരുകയും ചെയ്യും.

വി ശിവൻകുട്ടി

സി.പി.എം.കര്‍ക്കശമായി നടപ്പാക്കിയ ടേം വ്യവസ്ഥ എന്ന ആശയം ആദ്യം കൊണ്ടുവന്നത് യഥാര്‍ഥത്തില്‍ സി.പി.ഐ. ആയിരുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ മൂന്നുതവണ ജയിച്ചവരെയാണ് മാറ്റിനിര്‍ത്തുന്നത്. നിലവിലുള്ള കാബിനറ്റിലെ സീനിയര്‍ മന്ത്രിയായ ഇ.ചന്ദ്രശേഖരന്‍ ഒഴികെ ആര്‍ക്കും സി.പി.ഐ. സീറ്റ് നല്‍കിയില്ല. യു.ഡി.എഫ്. മണ്ഡലമായ തൃശ്ശൂര്‍ കഴിഞ്ഞ തവണ പിടിച്ചെടുത്ത് തിളങ്ങുകയും, മികച്ച മന്ത്രിയായി പേരെടുക്കുകയും ചെയ്ത സുനില്‍കുമാറിനെ പോലും ഇത്തവണ സി.പി.ഐ.മല്‍സരിപ്പിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം കോണ്‍ഗ്രസ് മുന്നണിയിലുള്ള ഒട്ടേറെ നേതാക്കള്‍ നിയമസഭയില്‍ മുപ്പതും നാല്‍പതും വര്‍ഷം തുടര്‍ച്ചയായി അംഗങ്ങളായി പുതുതലമുറയ്ക്ക് സ്വപ്‌നം മാത്രം സമ്മാനിക്കുന്നവരാണ് എന്ന വസ്തുതയും കാണാതിരുന്നു കൂടാ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: wil cpm field new generation leaders as moinisters this time

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick