Categories
kerala

സിദ്ദിഖ് കാപ്പനെ ആരെയുമറിയിക്കാതെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റി യു.പി. പൊലീസ്

സുപ്രീംകോടതി ഉത്തരവു പ്രകാരം ചികില്‍സയ്ക്കായി ഡെല്‍ഹിയിലേക്കു മാറ്റിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യു.പി. പൊലീസ് നിര്‍ബന്ധപൂര്‍വ്വം രാത്രിയില്‍ ഡിസ്ചാര്‍ജ്ജ് ചെയ്ത് മഥുര ജയിലിലേക്ക് മാറ്റിയതായി കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് സ്ഥിരീകരിച്ചു. കാപ്പന് കൊവിഡ് ബാധിക്കുകയും മഥുര ജയിലില്‍ ശരിയായ ചികില്‍സ കിട്ടാതിരിക്കുകയും ചെയ്തതോടെയാണ് ഭാര്യ റെയ്ഹാനത്തും പത്രപ്രവര്‍ത്തക യൂണിയനും സുപ്രീംകോടതിയെ സമീപിച്ചത്. കാപ്പനെ മഥുരയില്‍ തന്നെ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരും യു.പി. പോലീസും പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ കാപ്പന്റെ വാദം അംഗീകരിച്ച് ചികില്‍സയ്ക്കായി അദ്ദേഹത്തെ ഡെല്‍ഹിക്ക് മാറ്റണം എന്ന് ഉത്തരവിട്ടു. മനസ്സില്ലാ മനസ്സോടെ ഈ ഉത്തരവ് പാലിച്ച യു.പി. പോലീസ് ഒരാഴ്ച തികഞ്ഞപ്പോഴാണ് കാപ്പനെ വീണ്ടും തിരികെ കൊണ്ടുപോയത്. കാപ്പന്റെ വക്കീലിനെയോ ഭാര്യയെയോ അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു ഡിസ്ചാര്‍ജ്ജ്. കൊവിഡി നെഗറ്റീവ് ടെസ്റ്റ് പോലും നടത്തിയിട്ടില്ല എന്നാണ് കാപ്പന്‍ പറഞ്ഞതെന്ന് ഭാര്യ റെയ്ഹാനത്ത് പറയുന്നു. ഇന്നലെ രാത്രി വൈകി കാപ്പനെ മഥുര ജയിലിലേക്ക് എത്തിച്ചതായും പറയുന്നു. ജയിലില്‍ കിടക്കവേ വീണ് കാപ്പന്റെ താടിക്കും പല്ലിനും പരിക്കേറ്റിരുന്നു. ഇത് ചികില്‍സിച്ച് മാറ്റിയിട്ടില്ലെന്നും ഭാര്യ പറയുന്നു.
2020 ഒക്ടോബര്‍ ആറിന് യു.പി.യിലെ ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിന്റെ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനായി യാത്ര ചെയ്യവേ ഹത്രാസിനടുത്തു വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് എന്നു ആരോപിച്ചായിരുന്നു യു.പി. പോലീസിന്റെ നീക്കം. ഇതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Spread the love
English Summary: UP POLICE SECRETLY DISCHARGED SIDDIK KAPPAN FROM DELHI HOSPITAL AND SENT BACK TO MATHURA JAIL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick