Categories
interview

ചിരിയുടെ തമ്പുരാൻ :ചിന്താ മധുരമായ ഒരു അഭിമുഖത്തിൽ തെളിയുന്ന തിരുമേനി….

ചിരിയുടെ തമ്പുരാൻ എന്നാണ് ക്രിസോസ്റ്റം തിരുമേനിയെ അറിയുന്നവർ നൽകാറുള്ള വിശേഷണം. ജീവിതത്തിലെ കയ്പുള്ള സത്യങ്ങൾ പോലും നർമത്തിൽ ചാലിച്ചു പകർന്നു തരാൻ തിരുമേനിക്കുള്ള വൈഭവം അപാരമായിരുന്നു.
ക്രിസോസ്റ്റം തിരുമേനിയുടെ ജന്മശതാബ്ദി വേളയിൽ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിലൂടെ കടന്നു പോയാൽ നമുക്ക് ആ ഹൃദയത്തിന്റെ ആഴവും പരപ്പും മാനവിക ബോധവും പകൽ പോലെ വ്യക്തമാകും….

അദ്ദേഹം പറഞ്ഞു: ‘‘ഞാൻ ചെയ്യുന്ന ഒത്തിരിക്കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞയാളാണ് യേശു. എങ്കിലും യേശുവും ഞാനും തമ്മിലൊരു ബന്ധമുണ്ട്. രണ്ടുപേർക്കും സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല.’’

പുഞ്ചിരിച്ചുകൊണ്ട് തുടർന്നു: ‘‘യേശുവിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് അറിയാവുന്ന ആരോ ആണ് മൂന്നാറിലെ സർക്കാർഭൂമിയിൽ കുരിശ് സ്ഥാപിച്ചത്. നമ്മുടെ നാട്ടിൽ സ്വന്തമായി സ്ഥലമില്ലാത്തവർ അഭയംപ്രാപിക്കുന്നതെവിടെയാ? സർക്കാർ ഭൂമിയിലല്ലയോ? അതുകൊണ്ടാവും കൈയേറ്റക്കാർ സ്വന്തം ഭൂമിയിൽ വയ്ക്കാതെ സർക്കാർഭൂമിയിൽ കുരിശുകൊണ്ടുചെന്ന്‌ നാട്ടിയത്.’’

എത്ര ഗൗരവമുള്ള വിഷയത്തെയും ചിരിയിൽ ലയിപ്പിച്ചാണ് ക്രിസോസ്റ്റം തിരുമേനി അവതരിപ്പിക്കുക. ജനിച്ചുവളർന്ന മണ്ണിൽ മാർത്തോമ്മാസഭ പണികഴിപ്പിച്ചുകൊടുത്ത വസതിയിൽ പൂക്കളോടും കിളികളോടും പരിചാരകരോടും സന്ദർശകരോടുമൊക്കെ സ്നേഹംപങ്കിട്ട് നൂറാം പിറന്നാളിന്റെ നിറവിലെത്തിയ ഈ വലിയ മനുഷ്യന്റെ മുന്നിൽ നിൽക്കുമ്പോൾ നാം നമ്മുടെ ചെറുപ്പത്തെ അറിയും.
പമ്പയാറിനുതീരത്തെ മാരാമൺ എന്ന ഗ്രാമം ചരിത്രത്തിൽ ഇടംപിടിച്ചത് 1895-ൽ ആരംഭിച്ച മാരാമൺ കൺ​െവൻഷനിലൂടെയാണ്. നൂറുവർഷംമുമ്പ് നടന്ന മാരാമൺ കൺ​െവൻഷനിലെ പ്രധാന പ്രഭാഷകൻ സാധു സുന്ദർസിങ്‌ ആയിരുന്നു. ഉച്ചഭാഷിണിയില്ലാതിരുന്ന കാലം. സാധുവിന്റെ ഹിന്ദിപ്രസംഗത്തിന്റെ ഏകദേശപരിഭാഷ പന്തലിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉപദേശിമാർ ഏറ്റുപറയുന്നു. വടക്കേ ഇന്ത്യയിൽ സേവനത്തിനായി മിഷനറിമാരെ അയയ്ക്കണമെന്ന ആഹ്വാനത്തോടെയാണ് ആ പ്രസംഗം അവസാനിച്ചത്. സദസ്സിന്റെ മുൻനിരയിലിരുന്ന മാർത്തോമ്മാ സുവിശേഷസംഘം സെക്രട്ടറി റവറന്റ്‌ കെ.ഇ. ഉമ്മൻ സഹധർമിണി ശോശാമ്മയോട് സ്വകാര്യമായി പറഞ്ഞു: ‘‘നമുക്കിനി ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ അവനെ സുവിശേഷവേലയ്ക്ക് അയയ്ക്കാം.’’

ആദ്യജാതനായ ജോണിനുശേഷം ഒരു പെൺകുട്ടിയെ പ്രതീക്ഷിച്ചിരുന്ന ദമ്പതിമാരുടെ മനസ്സുമാറ്റിയത് സാധുവിന്റെ പ്രസംഗമാണ്. 1918 ഏപ്രിൽ 27-ന് ജനിച്ച ആൺകുട്ടിക്ക് അവർ ധർമിഷ്ഠൻ എന്നുപേരിട്ടു. ബിരുദപഠനത്തിനുശേഷം മാതാപിതാക്കളുടെ ആഗ്രഹവും സഭയുടെ ആവശ്യവും മനസ്സിലാക്കി കർണാടകയിലെ അങ്കോളയിൽ ധർമിഷ്ഠൻ മിഷനറിയായി. പിന്നീട്
വൈദികനായി, ബിഷപ്പും സഭാധ്യക്ഷനുമായി. അപ്പനും അമ്മയും സ്വപ്നംകണ്ടതിനെക്കാൾ ഉന്നതിയിലെത്തിയ ആ പുത്രനാണ് 2017 ഏപ്രിൽ 27-ന് നൂറാം പിറന്നാളിലെത്തിയ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത.

? അങ്ങയുടെ ജനനവർഷം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ? അക്കാലത്ത് അങ്ങനെയൊരു പതിവുണ്ടോ…
1918-ൽ, ഞാൻ ജനിച്ച വർഷമാണ് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത്. എന്റെ ജനനം ഒരു യുദ്ധം അവസാനിപ്പിക്കാൻ കാരണമായെന്ന് സഹപാഠികളോട് ഞാൻ വീരവാദം പറഞ്ഞിട്ടുണ്ട്. നമ്മുടെ രാജ്യം സ്വാതന്ത്ര്യസമരച്ചൂടിലായിരുന്ന അക്കാലത്താണ് ഞാനെന്റെ ബാല്യകൗമാരങ്ങൾ പിന്നിട്ടത്. ഗാന്ധിജിയും നെഹ്രുവും സുഭാഷ് ചന്ദ്രബോസുമൊക്കെയായിരുന്നു എന്റെ
വീരപുരുഷന്മാർ. ആലുവ യു.സി. കോളേജിലെ പഠനകാലത്ത് മഹാത്മാഗാന്ധിയുടെ പ്രസംഗം കേൾക്കാൻ കഴിഞ്ഞത് ചാരിതാർഥ്യജനകമായ അനുഭവമാണ്. ആലുവ മണൽപ്പുറത്ത് ഗാന്ധിജിയെ ഒരു നോക്കുകാണാൻ ആളുകൾ തടിച്ചുകൂടി.

You are the architect of your life…എന്നുതുടങ്ങിയ ഗാന്ധിജിയുടെ ഇംഗ്ലീഷ് പ്രസംഗം ഞങ്ങളുടെ മലയാളം അധ്യാപകൻ ഡി.പി. ഉണ്ണിസാറാണ് പരിഭാഷപ്പെടുത്തിയത്. ‘നമ്മുടെ ഭാവി നാംതന്നെ സൃഷ്ടിക്കണം. നമ്മൾ അടിമകളല്ല. നമ്മുടെ ഭാവി തീരുമാനിക്കാൻ നാം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല…’ -സൗമ്യമായിരുന്നെങ്കിലും, പെരിയാറിന്റെ കരയിൽനിന്ന ജനങ്ങളുടെ ഹൃദയങ്ങളിൽ വേലിയേറ്റം സൃഷ്ടിക്കാൻ കരുത്തുള്ളതായിരുന്നു ആ പ്രസംഗം.

? ധർമിഷ്ഠൻ എന്ന പേരിൽനിന്ന് ഇന്നത്തെ ക്രിസോസ്റ്റം തിരുമേനിയിലേക്കുള്ള യാത്രയുടെ തുടക്കം…
ബിരുദപഠനം പൂർത്തിയായപ്പോൾ ഞാൻ ഗോപാലകൃഷ്ണഗോഖലെ സ്ഥാപിച്ച ഭാരതസേവാസംഘ (Servants of India Society) ത്തിൽ അംഗമാകാനാണ് ആഗ്രഹിച്ചത്. എന്നാൽ, അങ്കോള മിഷൻ പുനരുജ്ജീവിപ്പിക്കുന്നതിൽ പങ്കാളിയാകാനുള്ള അപ്പന്റെ നിർദേശം ഞാൻ ഒരു ദൈവവിളിയായി സ്വീകരിച്ചു. അങ്കോളയിലെ ആദിവാസികളോടുകൂടെയും കാർവാറിലെ മുക്കുവരോടുകൂടെയും
നാലുവർഷം സേവനംചെയ്തു. അന്ന് നട്ടുനനച്ച സ്കൂളും ആശുപത്രിയും മുപ്പതും അറുപതും നൂറും മേനി ഫലം പുറപ്പെടുവിക്കുന്നു. പുരോഹിതവൃത്തിയിലേക്കുള്ള ചവിട്ടുപടിയായിരുന്നു ആ മിഷനറിവേല. ഒരു നിയോഗംപോലെയാണ് പുരോഹിതനാകാനുള്ള ക്ഷണമെത്തിയത്. 1944-ൽ സഭയുടെ നിർദേശപ്രകാരം ഞാൻ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ ദൈവശാസ്ത്ര വിദ്യാർഥിയായി. അക്കാലത്ത് ബാംഗ്ലൂരിലെ സഭാംഗങ്ങൾക്ക് ഒരു വൈദികനെ ആവശ്യമായിവന്നു. സഭാതലവൻ യൂഹാന്നോൻ മാർത്തോമ്മ എന്നെ വിളിച്ചുവരുത്തി. ആമുഖമൊന്നുമില്ലാതെ ചോദിച്ചു: പട്ടക്കാരനാകാമോ? ഞാൻ ആമേൻ പറഞ്ഞു.

? ‘രാമൻ ഇഫക്ട്’ കണ്ടെത്തിയ മഹാനായ ശാസ്ത്രജ്ഞൻ സി.വി.രാമനെ നേരിൽ കണ്ടിട്ടുള്ളതായി അറിയാം. അതൊന്ന് ഓർക്കാമോ…
ശാസ്ത്രവും മതവും ഭിന്നമല്ല, മനുഷ്യനന്മയാണ് രണ്ടിന്റെയും ലക്ഷ്യം എന്ന ദർശനം എനിക്ക് പകർന്നുനൽകിയത് സി.വി. രാമനാണ്. ഭൗതികശാസ്ത്രത്തിൽ നൊേബൽ സമ്മാനം നേടിയ സി.വി. രാമനുമായി പരിചയപ്പെടുന്നത് ബാംഗ്ളൂരിൽ വികാരിയായിരുന്ന കാലത്താണ്. സ്വതവേയുള്ള നർമത്തോടെ ഞാൻ സി.വി.രാമനോടുചോദിച്ചു. ഞാൻ നാട്ടിൽ മടങ്ങിച്ചെല്ലുമ്പോൾ സി.വി. രാമനുമായി പരിചയമുണ്ടെന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതുകൊണ്ട് അവരെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി പ്രകാശത്തെപ്പറ്റി എന്തെങ്കിലും രഹസ്യം എനിക്ക്‌ പറഞ്ഞുതരണമെന്ന്. സി.വി. രാമൻ ചിരിച്ചുകൊണ്ട്‌ പറഞ്ഞു: ‘‘ഫാദർ, പ്രകാശം എന്താണെന്ന് ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കയാണ്. നാളെ വൈകുന്നേരം എന്റെ വീട്ടിൽവന്നാൽ എന്നെക്കാൾ നന്നായി പ്രകാശത്തെ അറിഞ്ഞ ഒരാളെ പരിചയപ്പെടുത്തിത്തരാം.’’ പിറ്റേന്നുവൈകുന്നേരം ഞാൻ സി.വി. രാമന്റെ വീട്ടിലെത്തി. വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു കൊച്ചുപെൺകുട്ടി കൈയിൽ വിളക്കുമേന്തി ദീപം… ദീപം…എന്നുരുവിട്ടുകൊണ്ട് പൂമുഖത്തേക്കുവന്നു. അത് സി.വി. രാമന്റെ കൊച്ചുമകളായിരുന്നു. ആ വിളക്കിനുമുമ്പിൽ അവൾ സന്ധ്യാവന്ദനം നടത്തി. സി.വി.രാമൻ ആ കുട്ടിയെച്ചൂണ്ടി എന്നോടുപറഞ്ഞു: ‘‘വെളിച്ചത്തെക്കുറിച്ച് എന്നെക്കാൾ നന്നായി അറിവുള്ളത് ഇവൾക്കാണ്. ഇവൾ മനസ്സിലാക്കിയതുപോലെ പ്രകാശത്തെ അറിയാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.’’ ആ ശാസ്ത്രപ്രതിഭയുടെ വിനയവും ഈശ്വരചൈതന്യത്തോടുള്ള
വിനീതഭാവവുമാണ് എന്നെ ആകർഷിച്ച രാമൻ ഇഫക്ട്.

? യൗവനത്തിൽ അങ്ങ് ചുമട്ടുതൊഴിലാളിയായി പണിയെടുത്തതായി കേട്ടിട്ടുണ്ട്. അക്കാലം ഓർമയുണ്ടോ…
1947-ൽ, ഇന്ത്യ സ്വതന്ത്രയായ വർഷം ധർമിഷ്ഠൻ അഥവാ ഫിലിപ്പ് ഉമ്മൻ എന്ന ഞാൻ വൈദികനായി തമിഴ്‌നാട്ടിലെ ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിൽ ചുമട്ടുതൊഴിലാളിയായി. സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദാരവങ്ങൾ അന്തരീക്ഷത്തിൽ അലയടിക്കുമ്പോൾ ബാംഗ്ളൂരിലെ പഠനം കഴിഞ്ഞ് തിരികെ സ്വന്തം ഗ്രാമത്തിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഞാൻ. യാത്രയ്ക്കിടയിൽ ജോലാർപേട്ട് റെയിൽവേ സ്റ്റേഷനിലെത്തി. റെയിൽ സൗകര്യങ്ങളൊക്കെ പരിമിതമായ കാലമാണ്. ട്രെയിൻ കാത്ത് മണിക്കൂറുകളോളം പ്ലാറ്റ്‌ഫോമിൽ ഇരിക്കുമ്പോഴാണ് യാത്രക്കാരുടെ ചുമടെടുക്കാൻ മത്സരിക്കുന്ന റെയിൽവേ പോർട്ടർമാരെ ശ്രദ്ധിച്ചത്. ചുമടെടുത്തുകഴിഞ്ഞ് ചിലർ ചാരായം കുടിക്കാനും സിഗരറ്റ് വലിക്കാനും പോകുന്നു. സഞ്ചാരികളോട് അമിതകൂലി വാങ്ങുന്നു. സ്ത്രീകളോടും കുട്ടികളോടും
പോലും കരുണയില്ലാത്ത പെരുമാറുന്നു. സ്നേഹപൂർവം ഉപദേശിക്കാൻ ശ്രമിച്ചപ്പോൾ പരുഷമായ മറുപടിയായിരുന്നു: ‘‘സാറ്്‌ കൂടുതൽ പ്രസംഗിക്കണ്ട. ഞങ്ങളുടെകൂടെ വന്ന് താമസിച്ചുനോക്ക്. അപ്പോഴറിയാം ഞങ്ങളുടെ കഷ്ടപ്പാട്!’’

മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ

ആ വെല്ലുവിളിയെ ദൈവവിളിയായി ഞാൻ സ്വീകരിച്ചു. അങ്ങനെ ജോലാർപേട്ടിലെ ചുമട്ടുതൊഴിലാളികളോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. തിരുപ്പത്തൂരിലെ ക്രിസ്തുകുല ആശ്രമത്തിൽ താമസിച്ച് റെയിൽവേ പോർട്ടറായി ജീവിച്ചു. ആശ്രമത്തിൽ താമസവും ഭക്ഷണവും തരപ്പെട്ടതുകൊണ്ട് ചുമടെടുത്തുകിട്ടുന്ന കൂലി ഞാൻ സഹപ്രവർത്തകർക്ക്‌ വീതിച്ചുനൽകി. കിട്ടിയ കാശുമായി ചാരായഷാപ്പിലേക്കുപോയവരെ ആശ്രമത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവന്നു ഭക്ഷണംനൽകി. ഞങ്ങൾ വേഗത്തിൽ സ്നേഹിതരായി. അവരിൽ പലരും കുടുംബം നോക്കുന്നവരായി മാറി. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ റെയിൽവേപോർട്ടറായി അംഗത്വമെടുത്ത് പ്രവർത്തിക്കണമെന്ന് എനിക്കുതോന്നി. ഞാൻ മെത്രാപ്പോലീത്തയെ ചെന്നുകണ്ടു. എന്നെക്കാളധികം എന്റെ ഭാവിയെ കരുതിയിരുന്ന തിരുമേനി എന്നെ അഭിനന്ദിച്ചുകൊണ്ടുപറഞ്ഞു, ‘അത്‌ നല്ലകാര്യമാണ്. പക്ഷേ, ഇപ്പോൾ വേണ്ട. നാട്ടിലെ മൂന്ന് ഇടവകകളിലേക്ക് ഞാൻ അച്ചനെയാണ് കണ്ടുവെച്ചിരിക്കുന്നത്’ എന്ന്.

? ‘സ്വർണനാവിന്റെ ഉടമ’ എന്നാണ് തിരുമേനിയെക്കുറിച്ച് പറയാറ്….
സഭാധ്യക്ഷന്റെ ക്ഷണം മേല്പട്ടസ്ഥാനത്തേക്കുള്ള ദൈവവിളിയായി മാറുന്നത് 1953 മേയ് 23-നാണ്. ജോൺ ക്രിസോസ്റ്റം എന്ന വിശുദ്ധന്റെ പേരാണ് ബിഷപ്പായപ്പോൾ സ്വീകരിച്ചത്: ആ പേരിനർഥം സ്വർണനാവുകാരൻ എന്നാണ്.

? രാജ്യത്ത് ഏറ്റവും കൂടുതൽ കാലം
ബിഷപ്പായി സേവനമനുഷ്ഠിച്ച സഭാതലവൻ എന്ന്‌ ചരിത്രത്തിലിടംനേടിയ അങ്ങ് നവതി എത്തിയപ്പോൾ ചുമതലകളിൽനിന്ന്‌ വിരമിച്ച് വലിയ മെത്രാപ്പോലീത്തയായി മാരാമണ്ണിൽ വിശ്രമജീവിതം തിരഞ്ഞെടുത്തല്ലോ. വിശ്രമം വേണമെന്നുതോന്നിയോ…

2007-ലെ നവതി ആഘോഷവേദിയിൽ​െവച്ച് ‘തിരുമേനി നൂറുവയസ്സുവരെ ജീവിച്ചിരിക്കട്ടെ’ എന്നായിരുന്നു വിശിഷ്ടാതിഥികളുടെ പ്രധാന ആശംസ. ഞാൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഞാൻ നൂറ്റിയിരുപതുവയസ്സുവരെ ജീവിച്ചിരിക്കണമെന്നാണ് ദൈവത്തിന്റെ ആഗ്രഹമെങ്കിൽ അത്‌ പരിമിതപ്പെടുത്താൻ നിങ്ങൾക്ക് എന്താണ് അവകാശം? ഇപ്പോൾ നൂറാം വയസ്സിലെത്തി. സാധാരണ ആളുകൾ അറുപതോ എഴുപതോ വർഷംകൊണ്ട്‌ പൂർത്തിയാക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് നൂറുവർഷമെങ്കിലും വേണമെന്ന് ദൈവത്തിനറിയാം.

(2017 ഏപ്രിൽ 27-ന്‌ നൂറാം വയസ്സിലേക്ക്‌ പ്രവേശിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത മാതൃഭൂമി വാരാന്തപ്പതിപ്പിന് വേണ്ടി തോമസ് കുരുവിള തയ്യാറാക്കി പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ)

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: THE LORD OF HUMOUR...MEMMOIRS OF KRISOSTOM METHRAOLITHA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick