Categories
kerala

കോണ്‍ഗ്രസിലും ലീഗിലും ആഭ്യന്തര കലഹം, കോണ്‍ഗ്രസില്‍ തലയും മുറയും മാറുമോ..?

തിരഞ്ഞെടുപ്പില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരം തോല്‍വി പിണഞ്ഞ യു.ഡി.എഫും ബി..ജെ.പി.യും ഇപ്പോള്‍ ആഭ്യന്തരകലഹത്തിലേക്ക് കടന്നിരിക്കുന്നു. കോണ്‍ഗ്രസില്‍ ആദ്യ വെടി പൊട്ടിയത് ആലുപ്പുഴയിലാണ്. ഡി.സി.സി. പ്രസിഡണ്ടും അമ്പലപ്പുഴയിലെ തോറ്റ യു.ഡി.എഫ്. പ്രതിനിധിയുമായ എം.ലിജു പാര്‍ടി പദവി രാജിവെച്ചു. അഖിലേന്ത്യാ തലത്തില്‍ തന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടത്താത്ത പാര്‍ടിക്ക് അടിയന്തിരമായി സംസ്ഥാനത്ത് നേതൃമാറ്റം വേണം എന്ന ആവശ്യം വീണ്ടും ഉയരുന്നു. തിരഞ്ഞെടുപ്പിനു മുമ്പ് മുല്ലപ്പള്ളിയെ സ്ഥാനാര്‍ഥിയാക്കാനും കെ.സുധാകരനെ കെ.പി.സി.സി. പ്രസിഡണ്ടാക്കാനും ശക്തമായ ചരടുവലികള്‍ നടന്നിരുന്നു. സുധാകരന്‍ പരസ്യമായി തനിക്ക് താല്‍പര്യമുണ്ടെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ മുല്ലപ്പള്ളി അതി വിദഗ്ധമായി ആ നീക്കത്തിനു തടയിടുകയാണ് ചെയ്തത്. ഇനി തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളിക്ക് പദവി ഉപേക്ഷിക്കേണ്ടിവരും. സുധാകരന്‍ പാര്‍ടി പ്രസിഡണ്ടാവട്ടെ എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. കെ.മുരളീധരനെ പ്രസിഡണ്ടാക്കാനാണ് ഉമ്മന്‍ചാണ്ടി വിഭാഗം കൂടുതല്‍ താല്‍പര്യപ്പെടുന്നത്. പഴയ ഐ വിഭാഗത്തിനും മുരളീധരനോട് എതിര്‍പ്പ് ഉണ്ടാകില്ല. എന്നാല്‍ മുല്ലപ്പള്ളിക്കും കെ.സി. വേണുഗോപാലിനും ഇതിനോട് താല്‍പര്യമില്ല. കെ.സി.വേണുഗോപാലിന്റെ തന്ത്രങ്ങള്‍ക്കെതിരെയും കേരളത്തിലെ കോണ്‍ഗ്രസില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

പാര്‍ടി സ്ഥാനം പോലെ തന്നെയാണ് പാര്‍ലമെന്ററി പാര്‍ടി നേതൃസ്ഥാനവും. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി വരുന്നതില്‍ പൊതുവെ ചില അസ്വസ്ഥതകള്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. പുതിയ തലമുറയിലെ വി.ഡി.സതീശനോ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ വരട്ടെ എന്ന ചര്‍ച്ചയും സജീവമാണ്.

thepoliticaleditor

കോണ്‍ഗ്രസില്‍ മാത്രമല്ല, മുസ്ലീംലീഗിലും കലഹമുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് പ്രതിഷേധം. എം.പി. സ്ഥാനം ഉപേക്ഷിച്ച് സംസ്ഥാനത്തേക്കു വന്ന കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം മണ്ഡലമായ വേങ്ങരയില്‍ ഉള്‍പ്പെടെ വലിയ നേട്ടം ഉണ്ടാക്കാനായില്ല എന്നത് ചര്‍ച്ചയാകുന്നു. തിരൂരങ്ങാടിയില്‍ കെ.പി.എ.മജീദിനെതിരെ വലിയ വിമര്‍ശനം ഉണ്ടായിരുന്നു. മജീദ് തോറ്റു പോകുമെന്ന നിലയില്‍ പോലും ചര്‍ച്ചയുണ്ടായിരുന്നു. കളമശ്ശേരിയിലെ ഇബ്രാഹം കുഞ്ഞിന്റെ മകന്റെ തോല്‍വിയും ലീഗിന് അപ്രതീക്ഷിതമാണ്. കളമശ്ശേരിയില്‍ ജയിക്കും എന്ന് ലീഗണികള്‍ വിശ്വസിച്ചിരുന്നു. അഴീക്കോട് കെ.എം.ഷാജിയുടെ പരാജയവും ലീഗില്‍ വലിയ മുറുമുറുപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

ശക്തികേന്ദ്രമായ മലപ്പുറം ജില്ലയിലെ രണ്ടു പ്രധാന സംഭവങ്ങള്‍… താനൂരില്‍ ലീഗിന്റെ താരനേതാവ് പി.കെ.ഫിറോസ് തോറ്റതും പെരിന്തല്‍മണ്ണയില്‍ മുന്‍ ലീഗുകാരനായ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.പി. മുസ്തഫ മുസ്ലീംലീഗിനെ വിറപ്പിച്ചു വിട്ടതുമാണ് പാര്‍ടിയില്‍ ഏറ്റവും അധികം വിവാദമുയര്‍ത്തിയിരിക്കുന്നത്. മലപ്പുറത്തെ പാര്‍ടിയുടെ ശക്തി ആകെ ചോര്‍ന്നു പോയി എന്നതിന് തെളിവായി ഈ രണ്ട് മണ്ഡലങ്ങളിലെ സംഭവവികാസങ്ങള്‍ അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടിടത്തും നേട്ടമുണ്ടാക്കിയത് സി.പി.എം ആണ്.

Spread the love
English Summary: SPLITS AND DIFFERANCES IN CONGRESS AND MUSLIM LEAGUE AS AN AFTER EFFECT OF BIG DEFEAT IN ELECTION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick