Categories
kerala

പീതാംബരന്‍ മാസ്റ്റര്‍ സ്വയം ഒഴിഞ്ഞു , പി.സി. ചാക്കോ എന്‍.സി.പി. സംസ്ഥാന പ്രസിഡണ്ട്

എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍ സ്ഥാനമൊഴിയാന്‍ താല്‍പര്യം ദേശീയ നേതൃത്വത്തിനെ അറിയിച്ചതിനെ തുടര്‍ന്ന് പകരം പി.സി.ചാക്കോയെ സംസ്ഥാന അധ്യക്ഷനായി ദേശീയ അധ്യക്ഷൻ ശരത് പവാർ പ്രഖ്യാപിച്ചു. പീതാംബരന്‍ മാസ്റ്റര്‍ എന്‍.സി.പി. പ്രസിഡണ്ട് സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച പ്രത്യേക വാര്‍ത്ത ‘ദ് പൊളിറ്റിക്കല്‍ എഡിറ്റര്‍’ നേരത്തെ പുറത്തു വിട്ടിരുന്നു. സംസ്ഥാന നേതൃത്വത്തില്‍ ഉടനെ മാറ്റം ഉണ്ടാകുമെന്ന വാര്‍ത്തയും നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്താണ് ചാക്കോ കോൺഗ്രസ് വിട്ടു എൻ.സി.പി.യിലേക്ക് വന്നത്. ഇന്നലെ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ആണ് ഇതു സംബന്ധിച്ച സൂചന ദേശീയ നേതൃത്വം നല്‍കിയത്.

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലെ പ്രുമുഖ മലയാളിയുമായിരുന്നു പി.സി.ചാക്കോ. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ ചാക്കോ ശ്രമിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതോടെ ഇടഞ്ഞ ചാക്കോ പഴയ ഗുരുവായ ശരദ്പവാറിന്റെ പാര്‍ടിയില്‍ ചേര്‍ന്നതും തിരഞ്ഞെടുപ്പു ചൂടിനിടയിലാണ്. ഇടതുപ്രചാരണത്തിന് ചാക്കോ കേരളത്തില്‍ എത്തുകയും ചെയ്തു. കോണ്‍ഗ്രസില്‍ എല്ലാ കാലത്തും ശരദ്പവാറുമായി ഹൃദയബന്ധം തുടരുന്ന നേതാവായിരുന്നു ചാക്കോ.

thepoliticaleditor

കാപ്പന്‍ പ്രശ്‌നത്തില്‍ ഒറ്റപ്പെട്ടു പോയ പീതാംബരന്‍ മാസ്റ്റര്‍

പാലായിലെ ഇടത് എം.എല്‍.എ.ആയിരുന്ന മാണി സി. കാ്പ്പന് പാലായില്‍ തുടര്‍ന്നും മല്‍സരിക്കാന്‍ സീറ്റ് കിട്ടില്ലെന്നുറപ്പായതോടെ അദ്ദേഹം യു.ഡി.എഫ്. പക്ഷത്തേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ അതിനെ എന്‍.സി.പി.യില്‍ ശക്തമായി പിന്തുണച്ചയാളായിരുന്നു പീതാംബരന്‍മാസ്റ്റര്‍. എന്നാല്‍ മന്ത്രി ഏ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷാഭിമുഖ്യമുള്ള ഗ്രൂപ്പ് ഇതിനെ ശക്തമായി എതിര്‍ത്തു. മാണി സി.കാപ്പനും പീതാംബരന്‍ മാസ്റ്ററും ദേശീയ അധ്യക്ഷന്‍ ശരദ്പവാറിനു മുന്നിലും യു.ഡി.എഫ്. പ്രവേശന ആവശ്യവുമായി പോകുകയുണ്ടായി.

പീതാംബരന്‍ മാസ്റ്റര്‍

എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് യു.ഡി.എഫ് പ്രവേശനക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പീതാംബരന്‍ മാസ്റ്റര്‍ ശ്രമിച്ചെങ്കിലും ഭൂരിപക്ഷം ജില്ലാ നേതൃത്വങ്ങളും സഹകരിച്ചില്ല. അവരെല്ലാം പാര്‍ടി ഇടതുമുന്നണിയില്‍ തന്നെ തുടരണം എന്ന പക്ഷക്കാരായിരുന്നു. തുടര്‍ന്ന് ശശീന്ദ്രന്‍ വിഭാഗവും പീതാംബരന്‍ മാസ്റ്ററുടെ ചേരിയും തമ്മില്‍ ശക്തമായ ചേരിതിരിവ് തന്നെ സംസ്ഥാന നേതൃത്വത്തില്‍ രൂപപ്പെട്ടു. എന്നാല്‍ ഒടുവില്‍ ജയിച്ചത് ശശീന്ദ്രന്‍ ഗ്രൂപ്പ്. മാണി സി.കാപ്പന്‍ പോയാലും എന്‍.സി.പി. ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനവുമായി. യു.ഡി.എഫിലേക്ക് പോയ കാ്പ്പനോട് മാനസിക ഐക്യം ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷ തീരുമാനം അനുസരിക്കാന്‍ പീതാംബരന്‍ മാസ്റ്റര്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഇതില്‍ നിന്നുള്ള മനപ്രയാസവും ഒപ്പം അനാരോഗ്യവും ആണ് ഇപ്പോഴത്തെ ഒഴിവാകലിനു പിന്നിലെന്ന് സൂചനയുണ്ട്.

Spread the love
English Summary: PC CHACKO NCP STATE PRESIDENT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick