Categories
latest news

ജഡ്ജിമാരുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ തടയേണ്ടതില്ല, മാധ്യമങ്ങളെ തടയാനാവില്ല-സുപ്രീംകോടതി

ജഡ്ജിമാരുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ വിധിന്യായത്തിന്റെ ഭാഗമല്ലാത്തതിനാല്‍ അത് ഒഴിവാക്കേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്ന് സുപ്രീംകോടതി . കൊവിഡ് പടരുന്നത് തടയാന്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്ന് മദ്രാസ് ഹൈക്കോടതി പരാമര്‍ശം നടത്തിയതിനെതിരെ കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ്മാരായ ഡി.വൈ.ചന്ദ്രചൂഡും എം.ആര്‍.ഷായും ഉള്‍പ്പെട്ട ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്.

കോടതിനടപടികളിലെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഹര്‍ജിക്കാര്‍ പറയുമ്പോലെ മാധ്യമങ്ങളെ വിലക്കിയാല്‍ അത് ഭരണഘടനാദത്തമായ രണ്ട് മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നാമത്, തുറന്ന കോടതി എന്ന പൗരന്റെ അവകാശം. കോടതി നടപടികള്‍ സുതാര്യമായിരിക്കണം. അവ പൗരന് പ്രാപ്യമാകണം. ബാലപീഢനം, ലൈംഗികമായ ആക്രമണം തുടങ്ങിയ ചില പ്രത്യേക കേസുകളില്‍ മാത്രമേ രഹസ്യ വിചാരണ അനുവദിക്കപ്പെട്ടിട്ടുള്ളൂ. തുറന്ന കോടതിയില്‍ വേണം കേസുകള്‍ കേള്‍ക്കാനെന്നത് പൗരാവകാശത്തിന്റെ ഭാഗമാണ്.
രണ്ടാമത്തേത്, പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. സ്വതന്ത്രമായ റിപ്പോര്‍ട്ടിങ് മൗലികാവകാശമായ ആശയാവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതിനാല്‍ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം തടയാനാവില്ല.

thepoliticaleditor

നീതിന്യായസ്ഥാപനത്തിന്റെ ചിന്തയും തീര്‍പ്പും പ്രതിഫലിക്കുക അതിന്റെ രേഖപ്പെടുത്തിയ വിധിന്യായങ്ങളിലൂടെയാണ്, അല്ലാതെ വിചാരണാ വേളയിലെ വാക്കാലുള്ള അഭിപ്രായങ്ങളാല്‍ അല്ല എന്ന് കോടതി പറഞ്ഞു. എങ്കിലും മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കടുത്തതായിപ്പോയെന്ന് കോടതി സൂചിപ്പിച്ചു.

Spread the love
English Summary: no-question-of-expunging-oral-remarks-of-judges-which are not part of judicial records says supreme court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick