Categories
kerala

ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി

ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇപ്പോൾ ഉള്ള സ്‌കോളര്‍ഷിപ്പ് വിതരണ രീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്തതുമാണെന്ന് ഹൈക്കോടതി കണ്ടെത്തി. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

80% മുസ്ലിം വിഭാഗത്തിനും 20% ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന ഉത്തരവിനെ ചോദ്യം ചെയ്‌ത്‌ പാലക്കാട് സ്വദേശി ജസ്റ്റിന്‍ പള്ളിവാതുക്കല്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് .

thepoliticaleditor

ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ് സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണനയില്‍ എടുത്താണ് കോടതി നടപടി.

ഇക്കഴിഞ്ഞ ദിവസം കേരളമന്ത്രിസഭാംഗങ്ങളുടെ വകുപ്പുകള്‍ നിശ്ചയിച്ചു നല്‍കിയപ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ന്യൂനപക്ഷക്ഷേമകാര്യ വകുപ്പ് മുസ്ലീം സമുദായത്തിലെ മന്ത്രിയില്‍ നിന്നും മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തിരുന്നു. ഇതിനെതിരെ മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളില്‍ മുസ്ലീംസമുദായത്തിനു മാത്രം അനര്‍ഹമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പരാതികള്‍ ഒഴിവാക്കാന്‍ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിസത്യന്‍ ന്യൂനപക്ഷത്തിന്റെ ഭാഗത്തു നിന്നും ഇത്തരം വിമര്‍ശനം ഉയര്‍ന്നിരുന്നു എന്നതും വസ്തുതയാണ്. ഈ വിമര്‍ശനത്തിന് പ്രാബല്യം നല്‍കുന്ന കണ്ടെത്തലാണിപ്പോള്‍ ഹൈക്കോടതിയും നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ നടപടിയും ഇതുവഴി ന്യായീകരിക്കപ്പെടുകയാണ്.

2011 ലെ സെന്‍സസ് പ്രകാരം 45.27 ശതമാനം പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ്. ഇതില്‍ 58.61 ശതമാനമാണ് മുസ്ലിങ്ങള്‍. 40.6 ശതമാനം ക്രിസ്ത്യാനികളാണ്. മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍ 0.73 ശതമാനമാണുള്ളത്. ഈ സ്ഥിതിക്ക് 80:20 എന്ന അനുപാതം നീതീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ജനസംഖ്യാടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കാനും സംസ്ഥാനത്തോട് കോടതി നിര്‍ദേശിച്ചു.

Spread the love
English Summary: minority education welfare schemes must be as per population ratio orders kerala high court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick