Categories
latest news

കോടതിയില്‍ നടക്കുന്നത് മുഴുവന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം–സുപ്രീംകോടതി

കേസിന്റെ വിചാരണാവേളയില്‍ കോടതി നടത്തുന്ന നിരീക്ഷണങ്ങള്‍ പൊതുതാല്‍പര്യമുള്ളതാണെന്നും എങ്ങിനെയാണ് കോടതി നടപടികള്‍ മുന്നോട്ടു നീങ്ങുന്നതെന്ന് അറിയാന്‍ പൊതുജനത്തിന് അവകാശമുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇത്തരം കോടതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ന്യായാധിപരുടെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും നീതിന്യായത്തില്‍ ജനത്തിനുള്ള ആത്മവിശ്വാസം വളര്‍ത്തുമെന്നും കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പു കമ്മീഷനെതിരെ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് എം.ആര്‍.ഷാ എന്നിവരുടെ ബെഞ്ച് മാധ്യമങ്ങളെ അനുകൂലിച്ചത്. കോടതി നടപടികളിലെ, വിധിന്യായത്തിന്റെ ഭാഗമാകാത്ത, വാക്കാലുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് വിലക്കണം എന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

കൊവിഡിന്റെ വ്യാപനത്തിന് തിരഞ്ഞെടുപ്പുകമ്മീഷന്റെ നടപടികള്‍ കാരണമായിട്ടുണ്ടെന്നും കൊലപാതകക്കുറ്റത്തിന് സമമാണ് അതെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരഞ്ഞെടുപ്പുകമ്മീഷനെ പ്രകോപിപ്പിച്ചിരുന്നു.

thepoliticaleditor

കോടതിയിലുള്ള സംവാദം വക്കീലന്‍മാരും ന്യായാധിപരും തമ്മിലുള്ള ഡയലോഗ് ആണ്. ഈ സംവാദം തുറന്നു കാണിക്കേണ്ടത് അതേ പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മീഡിയക്ക് അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള കടമയുണ്ട്. അത് ന്യായ വിധികള്‍ക്കു മാത്രമല്ല പൗരന്‍മാര്‍ക്കും പരമപ്രധാനമായ കാര്യമാണ്.–ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു.കോടതിയില്‍ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ഉല്‍കണ്ഠ പൗരന്‍മാര്‍ക്കുണ്ട്. എന്താണ് സംഭവിക്കുന്നത്, കേസില്‍ ന്യായാധിപര്‍ക്കും കോടതിക്കും ശ്രദ്ധയുണ്ടോ, ഏതു വിധമാണ് നീതിന്യായം പ്രോല്‍സാഹിപ്പിക്കപ്പെടുന്നത് ഇതൊക്കെ പൗരന്‍മാരുടെ ഉല്‍കണ്ഠയാണ്.
അതിനാല്‍ കോടതിയില്‍ നടക്കുന്നത് മുഴുവന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് വിശ്വാസ്യത കൈവരുത്തുന്ന കാര്യമാണ്. ഞങ്ങള്‍ ഞങ്ങളുടെ കടമ ശരിക്കും നിര്‍വ്വഹിക്കുന്നുണ്ട് എന്ന് കാണിക്കാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് അനിവാര്യമാണ്–ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Spread the love
English Summary: media cannot be stopped from reporting oral remarks of judges says supreme court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick