Categories
kerala

എം.വി.ഗോവിന്ദന് ഇത്രേം വോട്ട് കുറഞ്ഞതില്‍ ഇടതു കേന്ദ്രങ്ങളില്‍ അമ്പരപ്പ്

കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി കണ്ണൂര്‍ ജേതാക്കള്‍ ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ തളിപ്പറമ്പിലെ സി.പി.എം. സ്ഥാനാര്‍ഥി നേടിയ വോട്ടും ഭൂരിപക്ഷവും മറ്റൊരു രീതിയിലാണ് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്. എം.വി.ഗോവന്ദന്‍ മാസ്റ്റര്‍ നേടിയ ഭൂരിപക്ഷത്തിലെ അസാധാരണമായ കുറവാണ് ചര്‍ച്ചയാകുന്നത്. പ്രതിപക്ഷമില്ലാത്ത നഗരസഭയായ ആന്തൂര്‍ ഉള്‍പ്പെടെ സി.പി.എമ്മിന്റെ ഉലയാത്ത മണ്ഡലമെന്ന വിശേഷണമുള്ള തളിപ്പറമ്പില്‍ ഗോവിന്ദന്‍മാസ്റ്ററുടെ ഇത്തവണത്തെ ഭൂരിപക്ഷം 22,689 ആണ്. ഇതിനെ താരതമ്യം ചെയ്യുന്നത് 2016-ല്‍ ഇവിടെ മല്‍സരിച്ച ജെയിംസ് മാത്യു നേടിയ ഭൂരിപക്ഷത്തോടാണ്. അത് 40,617 ആയിരുന്നു. ഇപ്പോള്‍ നേരെ പകുതിയോളം കുറവ്. ഇതെങ്ങനെ സംഭവിച്ചു എന്നതാണ് ചര്‍ച്ചയാകുന്നത്.
ഇത്തവണ സി..പി.എം. അവതരിപ്പിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ താരപദവിയുള്ള വ്യക്തിയായിരുന്നു എം.വി.ഗോവിന്ദന്‍. കേരളത്തിലെ പാര്‍ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ്. പിണറായി വിജയന്റെ വിശ്വസ്തന്‍. കേന്ദ്രകമ്മിറ്റി അംഗം. ഇടതുമുന്നണി ജയിച്ചാല്‍ ഉറപ്പായും പ്രധാനവകുപ്പില്‍ മന്ത്രി എന്ന് കണക്കാക്കപ്പെടുന്ന വ്യക്തി. പക്ഷേ ഇത്രയും പ്രാധാന്യമുളള ആള്‍ മല്‍സരിച്ച ഇടത്ത്, അതും ഇടതുമുന്നണി തരംഗം വീശിയ തിരഞ്ഞെടുപ്പായിട്ടു പോലും മുന്‍ഗാമിക്ക് കിട്ടിയ ഭൂരിപക്ഷത്തിന്റെ പകുതിയോളം കുറഞ്ഞു പോയതിനു കാരണം യാദൃച്ഛികമല്ലെന്നാണ് വിലയിരുത്തല്‍.

ടീം ക്യാപ്‌ററനായ സാക്ഷാല്‍ പിണറായി വിജയന് ധര്‍മ്മടത്തെ ഭൂരിപക്ഷം ഇത്തവണ അമ്പതിനായിരത്തിനും മേലെയാണ്-50,123. കഴിഞ്ഞ തവണ 36,905 ആയിരുന്നത് 13 ആയിരത്തിലധികം വര്‍ധിച്ചു.
ഗോവിന്ദനോളം താരത്തിളക്കമുള്ള കെ.കെ.ശൈലജയ്ക്ക് കിട്ടിയ ഭൂരിപക്ഷം 60,963. ഇത് ചരിത്രത്തിലെ ഏറ്റവും വലിയത്. എന്നാല്‍ ശൈലജയ്ക്ക് തന്നെ 2016-ല്‍ കിട്ടിയിരുന്നത്. 43,381 വോട്ടുകളുടെ ഭൂരിപക്ഷം. ഇത്തവണ 17,000-ത്തിലധികം വര്‍ധന. തളിപ്പറമ്പിനടുത്ത മണ്ഡലമായ പയ്യന്നൂരില്‍ സി.പി.എം സ്ഥാനാര്‍ഥി ടി.ഐ.മധുസൂദനന്റെ ഭൂരിപക്ഷം 49,780. 2016-ല്‍ മുന്‍ഗാമി സി.കൃഷ്ണന്റെ ഭൂരിപക്ഷം 40,263. അവിടെയും ഇത്തവണ ഒമ്പതിനായിരത്തില്‍ പരം വര്‍ധന. തൊട്ടടുത്ത മണ്ഡലമായ കല്യാശ്ശേരിയില്‍ എം.വിജിന്‍ നേടിയ ഭൂരിപക്ഷം 44,393. കഴിഞ്ഞ തവണ ടി.വി.രാജേഷിന് 42,891. അവിടെയും രണ്ടായിരത്തോളം വര്‍ധന വന്നു. പയ്യന്നൂരിനടുത്ത തൃക്കരിപ്പൂരില്‍ എം.രാജഗോപാലന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമായ 16,959-ല്‍ നിന്നും ഇത്തവണ വര്‍ധിച്ച് 26,137 ആയി.
തളിപ്പറമ്പില്‍ മാത്രം എന്താണ് സംഭവിച്ചത്…സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അണികള്‍ക്കിടയില്‍ സ്വകാര്യ വര്‍ത്തമാനങ്ങളില്‍ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പല മണ്ഡലങ്ങളിലും ഉയരാറുള്ള ചില ഭിന്നാഭിപ്രായങ്ങള്‍ എന്നതിനപ്പുറം അതില്‍ പാര്‍ടി വലിയ പ്രാധാന്യം കാണാറില്ല. അനുഭാവികളെ കാര്യം ബോധ്യപ്പെടുത്തി മുന്നോട്ടു പോകുന്ന പതിവാണ് തളിപ്പറമ്പിലും പാര്‍ടി അവലംബിച്ചത്. അതോടെ അത്തരം ചര്‍ച്ചകള്‍ സ്വകാര്യമായിപ്പോലും ഇല്ലാതായെന്ന് വിലയിരുത്തി. എന്നാല്‍ ആ വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നു കരുതുന്നവര്‍ പാര്‍ടിയില്‍ ധാരാളമുണ്ട്. വ്യക്തികളെ സംബന്ധിക്കുന്ന ചില ഇമേജുകള്‍ ഒരു അടിസ്ഥാനമില്ലെങ്കിലും മര്‍മ്മരചര്‍ച്ചയാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു എന്നു വേണം ഗോവിന്ദന്‍മാസ്റ്ററുടെ വോട്ടുചോര്‍ച്ചയിലൂടെ മനസ്സിലാക്കാന്‍.

വരും ദിവസങ്ങളില്‍ പാര്‍ടിയില്‍ തളിപ്പറമ്പിലെ ഭൂരിപക്ഷക്കുറവ് വലിയ ചര്‍ച്ചയായി തീരുമെന്നുറപ്പാണ്. സി.പി.എം. സംസ്ഥാനവ്യാപകമായി നടത്താനിരിക്കുന്ന വിലയിരുത്തലുകളില്‍ പാര്‍ടി കോട്ടയായ തളിപ്പറമ്പിലെ വോട്ടുചോര്‍ച്ച പ്രധാന വിഷയമാകുമെന്നാണ് അനുഭാവികളും പ്രവര്‍ത്തകരും വിശ്വസിക്കുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: majority in taliparamba constituency winner reduced by half comparing previous 2016 elecction

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick