Categories
exclusive

ശ്രേയാംസ്‌കുമാര്‍ ജയിച്ചില്ല… പാര്‍ടിക്ക് മന്ത്രിപദവിയും വേണ്ട, മുന്‍മന്ത്രി പുറത്ത്

ഒററ എം.എല്‍.എ.യുള്ള കോണ്‍ഗ്രസ് എസിനും, ജനാധിപത്യ കേരള കോണ്‍ഗ്രസിനും, ഐ.എന്‍.എല്ലിനും കേരള കോണ്‍ഗ്രസ് ബി.ക്കും മന്ത്രിസ്ഥാനം അനുവദിക്കുമ്പോള്‍ അതേ സ്റ്റാറ്റസുള്ള ലോക് താന്ത്രിക് ജനതാദളിന് കിട്ടാഞ്ഞതെന്തേ….ഇന്ന് പിണറായിയുടെ പുതിയ കാബിനറ്റിലെ മന്ത്രിപദവി വിഭജനം സംബന്ധിച്ച വാര്‍ത്തകള്‍ക്കിടയില്‍ വേറിട്ടു നില്‍ക്കുന്ന ചോദ്യം ഇതാണ്. രണ്ടര വര്‍ഷം വീതം ഓരോ പാര്‍ടിക്കും മന്ത്രിസ്ഥാനം എന്ന ഫോര്‍മുലയില്‍ എം.വി.ശ്രേയാംസ്‌കുമാറിന്റെ എല്‍.ജെ.ഡി. മാത്രം ഉള്‍പ്പെടുന്നില്ല. അതോടെ മുന്‍ മന്ത്രി കൂടിയായ കെ.പി.മോഹനന്‍ കാബിനറ്റിനു പുറത്ത്.

രണ്ടു ജനതാദള്‍ പാര്‍ടികള്‍ ഇപ്പോള്‍ ഇടതുപക്ഷത്തുണ്ട്. ഇവര്‍ ഒരിക്കല്‍ സോഷ്യലിസ്റ്റ് ജനതാദള്‍ എന്ന പേരില്‍ ഒറ്റ പാര്‍ടിയായിരുന്നു. വ്യക്തപരമായ അധികാര താല്‍പര്യത്തിന്റെ ഭാഗമായിരുന്നു പിളര്‍പ്പ്. സോഷ്യലിസ്റ്റ് ജനതാദളില്‍ ജനസ്വാധീനമുള്ള പ്രധാന നേതാക്കള്‍ പാലക്കാട് ചിറ്റൂരിലെ കെ.കൃഷ്ണന്‍കുട്ടിയും കണ്ണൂര്‍ പാനൂരിലെ കെ.പി.മോഹനനും വടകരയിലെ സി.കെ.നാണുവും മധ്യതിരുവിതാംകൂറില്‍ മാത്യു ടി.തോമസും ആയിരുന്നു. അവരെല്ലാം പിളര്‍പ്പില്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ എതിര്‍ ചേരിയിലായി. ഇപ്പുറത്ത് കാര്യമായ സ്വാധീനം വീരേന്ദ്രകുമാറിനു മാത്രം. വീരേന്ദ്രകുമാര്‍ യു.ഡി.എഫി.ലേക്ക് പോയപ്പോള്‍ ജനസ്വാധീനമുള്ള മറ്റെല്ലാ നേതാക്കളും ചേര്‍ന്ന വിഭാഗം ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയും കഴിഞ്ഞ മന്ത്രിസഭയില്‍ ഊഴമിട്ട് കെ.കൃഷ്ണന്‍ കുട്ടിയും മാത്യു ടി.തോമസും മന്ത്രിമാരാവുകയും ചെയ്തു. പിന്നീടാണ് ശ്രേയാംസ്‌കുമാര്‍ വിഭാഗമായ എല്‍.ജെ.ഡി എന്ന പാര്‍ടി യു.ഡി.എഫ്.വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കറിയത്.

thepoliticaleditor
എം.പി വീരേന്ദ്രകുമാര്‍

ഇത്തവണ വടകരയിലും കല്‍പറ്റയിലും എല്‍്.ജെ.ഡി.സ്ഥാനാര്‍ഥികള്‍ തോറ്റു. ഈ രണ്ടിടത്തും പാര്‍ടിക്ക് സ്വാധീനം ഉണ്ടെന്ന് അവര്‍ സ്വയം കരുതുകയും അവകാശപ്പെടുകയും ചെയ്ത ഇടങ്ങളായിരുന്നു. ഇരട്ടത്തോല്‍വിയോടെ പാര്‍ടിക്ക് നിലവില്‍ ഉള്ള സ്വാധീനം എത്ര മാത്രമാണെന്ന് ഇടതു നേതൃത്വം ശരിയായി വിലയിരുത്തി. എന്നു മാത്രമല്ല, വടകരയില്‍ സി.പി.എമ്മിന് ഏറ്റവും ക്ഷീണം സംഭവിച്ച പരാജയത്തിന് കാരണമായത് എല്‍.ജെ.ഡി. സ്ഥാനാര്‍ഥിയുടെ കഴിവുകേടായിട്ടാണ് സി.പി.എം.വിലയിരുത്തിയത്. ആ സ്ഥാനാര്‍ഥിയാവട്ടെ, താന്‍ ഇടതുപക്ഷത്തിരുന്നപ്പോഴും അരിവാള്‍ ചുറ്റികയ്ക്ക് വോട്ടു ചെയ്തിട്ടില്ലെന്ന പ്രസ്താവന നടത്തി തനി നിറം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഉഭയകഉക്ഷി ചര്‍ച്ചയില്‍ പാര്‍ടി നിരത്തിയ പ്രധാന കാര്യം തങ്ങള്‍ക്ക് ഇപ്പോഴും സ്വാധീനം ഉണ്ട് എന്നതും യു.ഡി.എഫ്. വിട്ട് വന്നു എന്നതും ഒപ്പം മാതൃഭൂമി പത്രം ഉണ്ട് എന്ന ഘടകവും ആയിരുന്നെങ്കിലും സി.പി.എം. ഈ അവകാശവാദങ്ങള്‍ കാര്യമായി എടുത്തില്ല എന്നു വേണം കരുതാന്‍.

കെ.പി.മോഹനന്‍

അതു കൊണ്ടു തന്നെയാണ് ഇത്തവണ ഇരു ജനതാദളുകളെയും വെവ്വേറെ പരിഗണിക്കാന്‍ സാധ്യമല്ല എന്നും രണ്ടു പാര്‍ടികളും ലയിച്ച് ഒരുമിച്ചാകണമെന്നും ഉള്ള നിര്‍ദ്ദേശം സി.പി.എം. മുന്നോട്ടു വെച്ചത്. ഇതിന് ഇന്നത്തെ അവസ്ഥയില്‍, കടുത്ത അധികാര താല്‍പര്യമുള്ള നേതാക്കള്‍ക്ക് യോജിപ്പില്ല എന്ന സന്ദേശമാണ് സി.പി.എമ്മിന് കിട്ടിയത്. അതേസമയം വീരേന്ദ്രകുമാര്‍ വിട്ടുപോയപ്പോഴും ഇടതിനൊപ്പം ഉറച്ചു നിന്ന കൃഷ്ണന്‍കുട്ടി വിഭാഗത്തിന് സി.പി.എം. മുന്‍തൂക്കം നല്‍കി. വടകരയിലെയും കല്‍പറ്റയിലെയും പരാജയം(കല്‍പറ്റയില്‍ രണ്ടു മുന്നണിയില്‍ മല്‍സരിച്ചപ്പോഴും എല്‍.ജെ.ഡി സ്ഥാനാര്‍ഥിയായ ശ്രേയാംസ്‌കുമാര്‍ സ്വന്തം തട്ടകത്തില്‍ തന്നെ തോറ്റു) ആ പാര്‍ടിയുടെ നില പരുങ്ങലിലുമാക്കി. പാര്‍ടിയില്‍ ശ്രേയാംസിന്റെ എതിര്‍ഗ്രൂപ്പില്‍ ഉള്ളയാളാണ് ജയിച്ച ഏക വ്യക്തിയായ കെ.പി.മോഹനന്‍.

കല്‍പറ്റയില്‍ എം.വി.ശ്രേയാംസ്‌കുമാര്‍ ജയിച്ചിരുന്നെങ്കില്‍ ഈ ഫോര്‍മുലയില്‍ എല്‍.ജെ.ഡി.ക്കും മന്ത്രി ഉണ്ടാവുമായിരുന്നു എന്നാണ് ആ പാര്‍ടിയിലെ മുതിര്‍ന്ന ഒരു നേതാവ് അഭിപ്രായപ്പെട്ടത്. മന്ത്രി ശ്രേയാംസ്‌കുമാര്‍ ആയേനെ എന്നു മാത്രം. പാര്‍ടിയില്‍ കെ.പി.മോഹനന്‍ ശ്രേയാംസ്‌കുമാറിന്റെ എതിര്‍ ഗ്രൂപ്പിലുള്ള ആളാണെന്നത് പരസ്യമായ രഹസ്യമാണ്. വീരേന്ദ്രകുമാര്‍ യു.ഡി.എഫില്‍ പോകാന്‍ തയ്യാറെടുത്തപ്പോള്‍ അവസാന നിമിഷം വരെയും വ്യത്യസ്ത സ്വരം കേള്‍പ്പിച്ച വ്യക്തിയായിരുന്നു മോഹനന്‍. എം.പി.വീരേന്ദ്രകുമാറിന്റെയും ഒപ്പമുള്ള മാതൃഭൂമി പത്രത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലാണ് ശ്രേയാംസ് വീരന്റെ മരണത്തിനു ശേഷം പാര്‍ടിയുടെ പ്രസിഡണ്ടായി മാറിയത്. എന്നാല്‍ പാര്‍ടിക്കകത്ത് പിന്തുണ കുറവാണ്. പ്രധാന നേതാവായ ഷെയ്ക് പി.ഹാരിസ് പോലും ഇപ്പോള്‍ മനസ്സുകൊണ്ട് ശ്രേയാംസിനൊപ്പമല്ല. വയനാട്ടില്‍ നിരന്തരം തോല്‍ക്കുന്ന അവസ്ഥയുണ്ടായതോടെ നേരത്തെ ഉള്ള സ്വാധീനവും പാര്‍ടിയില്‍ നഷ്ടപ്പെടുകയാണ്. ഗ്രൂപ്പു സമവാക്യങ്ങള്‍ക്കിടയില്‍ കെ.പി.മോഹനന്‍ മന്ത്രിയാവുക കൂടി ചെയ്താല്‍ ശ്രേയാംസിന് അത് സഹിക്കാവുന്നതിലും അപ്പുറമാണ്. രാജ്യസഭാംഗം എന്ന നിലയിലുള്ള സ്വാധീനത്തിനപ്പുറമായിരിക്കും മന്ത്രി എന്ന നിലയിലുള്ള സ്വാധീനം. മോഹനന് മേല്‍ക്കൈ കിട്ടുന്ന സാഹചര്യം ഒഴിവാക്കുക എന്നത് ശ്രേയാംസിന് പ്രധാനമാണ്. മന്ത്രിപദവി പങ്കിടുന്നതില്‍ താല്‍പര്യമില്ല എന്ന കാരണത്താലാണ് വേണ്ടെന്ന് വെച്ചതെന്ന് പുറത്ത് പറയുന്നത് തന്ത്രപരമായ നീക്കമാണ് എന്നാണ് മുതിര്‍ന്ന എല്‍.ജെ.ഡി. പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. പകരം കാബിനറ്റ് പദവിയുള്ള സ്ഥാനം മതി എന്നതാണ് നയം.

മന്ത്രിപദവിയാണ് പാര്‍ടി പ്രവര്‍ത്തനത്തില്‍ നിര്‍ണായക ജനകീയ ഇടപെടലിന് ഉതകുക. പക്ഷേ രണ്ടു തവണ തോറ്റു പോയ പാര്‍ടി അധ്യക്ഷനു മീതെ മറ്റൊരാള്‍ മന്ത്രിയാകുന്നതിലാണ് ശ്രേയാംസിന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാര്‍ക്ക് എതിര്‍പ്പ്. മറ്റൊരു കാര്യം കൂടി ചില പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ജനതാദളില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ ശ്രേയാംസിന്റെ എതിര്‍ചേരിക്കാരായിരുന്ന കെ.കൃഷ്ണന്‍കുട്ടിയും മാത്യു.ടി.തോമസും ജനതാദള്‍ എസ്. പ്രതിനിധികള്‍ എന്ന നിലയില്‍ ഊഴമിട്ട് മന്ത്രിമാരാകുവാന്‍ സാധ്യതയുള്ളവരാണ്. അതിനിടയില്‍ ശ്രേയാംസ്‌കുമാറിനെ മറികടന്ന് കെ.പി.മോഹനന്‍ മന്ത്രിയാകുമ്പോള്‍ പാര്‍ടിയില്‍ അധ്യക്ഷന്റെ പ്രതാപത്തിന് മങ്ങലേല്‍ക്കുമെന്ന തോന്നലും ശ്രേയാംസ് പക്ഷത്തിന് ഉണ്ട്. മറ്റൊരു കാര്യം രാജ്യസഭാ സീറ്റാണ്. ഇടതുപക്ഷത്തേക്കു തിരികെ വന്നപ്പോള്‍ സീനിയോറിറ്റിയും പ്രമുഖ സോഷ്യലിസ്റ്റ് എന്ന പരിഗണനയും വെച്ച് വീരേന്ദ്രകുമാറിനാണ് ഇടതുമുന്നണി സീറ്റ് നല്‍കിയത്. അദ്ദേഹം മരണമടഞ്ഞപ്പോള്‍ സീറ്റ് മകന് കൈമാറിക്കിട്ടി എന്നേയുള്ളൂ. അടുത്ത തവണ ഈ സീറ്റ് എല്‍.ജെ.ഡി.ക്ക് അനുവദിക്കപ്പെടണം എന്നില്ല. ആ സീറ്റ് നിലനിര്‍ത്താന്‍ കൂടി ഉദ്ദേശിച്ചാണ് ശ്രേയാംസ്‌കുമാര്‍ ഇപ്പോള്‍ തന്ത്രപരമായി നീങ്ങുന്നത് എന്നും വിലയിരുത്തലുണ്ട്. മാത്രമല്ല, കാബിനറ്റ് പദവികളിലേക്ക് പരിഗണിക്കപ്പെടാന്‍ നിയമസഭാംഗം ആവേണ്ട ആവശ്യമില്ല എന്നതിനാല്‍ പാര്‍ടിയിലെ ആര്‍ക്കു വേണമെങ്കിലും ഇത്തരം പദവികളിലേക്ക് വരാന്‍ കഴിയും എന്നതും പ്രാധാന്യമുള്ള വസ്തുതയാണ്.


മാതൃഭൂമി എന്ന ദിനപത്രം ഒപ്പമുണ്ട് എന്ന വിശ്വാസം ഇപ്പോള്‍ സി.പി.എമ്മില്‍ ഇല്ല. പത്രം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തുടരുന്ന സംഘപരിവാര്‍ അനുകൂല എഡിറ്റോറിയല്‍ നയത്തില്‍ സി.പി.എം.നേതാക്കളും അണികളും ഒരു പോലെ കടുത്ത അതൃപ്തിയുള്ളവരാണ്. രാഷ്ട്രീയമായി ഇടതുപക്ഷത്ത് വില പേശാന്‍ പത്രത്തിന്റെ പേര് ഉപയോഗിക്കുകയും എന്നാല്‍ പത്രം വിരുദ്ധചേരികളുടെ പരസ്യവക്താക്കളാകുകയും ചെയ്യുന്ന അവസ്ഥയില്‍ പത്രത്തിന്റെ ഉടമസ്ഥത വെച്ച് മാത്രം ആരെയും പ്രീണിപ്പിക്കേണ്ടതില്ലെന്നും എല്‍.ജെ.ഡി.യുടെ ജനസ്വാധീനം മാത്രം അളവുകോലാക്കിയാല്‍ മതിയെന്നുമാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്കില്ല എന്ന നിലപാടെടുത്താലും എല്‍.ജെ.ഡി.യുടെ കാര്യത്തില്‍ അമിതമായ ഉല്‍കണ്ഠയൊന്നും സി.പി.എം. പ്രകടിപ്പിക്കാനിടയില്ല.

Spread the love
English Summary: LJD MAY NOT BE A MEMBER OF KERALA CABINET, CONSIDER OTHER POSTS IN GOVERNMENT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick