Categories
kerala

ഗൗരിയമ്മയ്ക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ലോക് ഡൗണ്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തി, കൊവിഡ് ചട്ടം ലംഘിച്ച് ജനക്കൂട്ടം, സര്‍ക്കാരിനെതിരെ വന്‍ പരിഹാസം

അന്തരിച്ച കെ.ആര്‍.ഗൗരിയമ്മയ്ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനും കൂടുതലാളുകള്‍ക്ക് സൗകര്യം ഉണ്ടാക്കുന്നതിനായി കൊവിഡ് പെരുമാറ്റ ചട്ടത്തില്‍ ഒരു മണിക്കൂര്‍ ഇളവു നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കയാണ്. ഗൗരിയമ്മയുടെ ശരീരം പൊതുദര്‍ശനത്തിന് വെച്ച അയ്യങ്കാളി ഹാള്‍, ആലപ്പുഴയിലെ വസതി, ശ്മശാനം എന്നിവിടങ്ങളില്‍ ഓരോ മണിക്കൂര്‍ നേരത്തേക്ക് ചട്ടം ഇളവു നല്‍കി 300 പേരെ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയത്. അയ്യങ്കാളി ഹാളില്‍ 300 പേരെ അനുവദിക്കുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കണമെന്നത് തിരുവനന്തപുരം കളക്ടര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇത്തരം ചട്ടമൊന്നും പാലിക്കപ്പെടാതെയാണ് ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോള്‍ പോലും ശാരീരിക അകലം പാലിക്കുന്ന സ്ഥിതി അയ്യങ്കാളി ഹാളിനകത്ത് ഉണ്ടായില്ല എന്ന കാര്യം മാധ്യമ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇതോടെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവും പരിഹാസവും നിറഞ്ഞു. സാധാരണക്കാരന്‍ മരിച്ചാല്‍ 20 പേര്‍ മാത്രം കണ്ടാല്‍ മതി, വി.ഐ.പി.ആണെങ്കില്‍ തോന്നിയ പോലെ, ഇതെന്ത് പ്രോട്ടോകോള്‍ എന്ന നിലയിലുള്ള വിമര്‍ശനമാണ് കൂടുതലും ഉയര്‍ന്നത്. ചട്ടത്തില്‍ ഒരു മണിക്കൂര്‍ ഇളവ് വരുത്തിയ കാര്യം വിമര്‍ശകര്‍ അറിഞ്ഞിരുന്നില്ല. പക്ഷേ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ചട്ടങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പോലും എന്നത് വിമര്‍ശനത്തിന് പിന്തുണ വര്‍ധിപ്പിച്ച കാര്യമായിരുന്നു.

നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ പാടില്ലായിരുന്നു എന്നും അത് ചട്ടങ്ങള്‍ നടപ്പാക്കുന്നതിന്റെ ഗൗരവം കുറച്ചു കളഞ്ഞു എന്നുമായിരുന്നു മറ്റൊരു വിമര്‍ശനം. ഇന്ന് കൊവിഡിന് സര്‍ക്കാര്‍ അവധി നല്‍കി എന്ന് ചില പരിഹാസങ്ങളും ഉയര്‍ന്നു.

thepoliticaleditor

നോര്‍വ്വെ പ്രധാനമന്ത്രി എര്‍നേ സോള്‍ ബര്‍ഗ് 16 പേരെ മാത്രം ക്ഷണിച്ച് ജന്മദിനാഘോഷം നടത്തിയപ്പോള്‍ അനുവദനീയമായിരുന്ന 10-പേരിലധികം പങ്കെടുത്തു എന്നതിന്റെ പേരില്‍ എര്‍നേയുടെ പൊലീസ് തന്നെ അവര്‍ക്കെതിരെ കേസെടുക്കുകയും കോടതി അവര്‍ക്ക് 2,75,000 രൂപയ്ക്കു തുല്യമായ നോര്‍വ്വെ കറന്‍സി പിഴ ഇടുകയും അവരത് അടച്ച് മാപ്പ് പറയുകയും ചെയ്ത സംഭവം പിണറായി വിജയന്‍ റീത്ത് വെക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ചേര്‍ത്ത് വെച്ച് ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചു.

അതേസമയം എല്ലായ്‌പ്പോഴും പിഴവുകളെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങില്‍ തിക്കിത്തരക്കിയതും സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ വിമര്‍ശിച്ചു. ക്യാമറ ടീം ആയിരുന്നു ചട്ടമെല്ലാം കാറ്റില്‍ പറത്തിയത് എന്നും വിമര്‍ശനം ഉയര്‍ന്നു.

Spread the love
English Summary: kovid regulation relaxation in k r gour amma's funeral and related hours brought strong criticism against government

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick