Categories
latest news

ജയിലിൽ ഹനി ബാബുവിന് കൊവിഡും ബാധിച്ചു, ഇടതു കണ്ണിന് ഗുരുതര രോഗം, ചികില്‍സ നല്‍കണമെന്ന് ഭാര്യ

ഭീമ കൊറേഗാവ് കേസില്‍ വിചാരണ നടത്താതെ തടവില്‍ വെച്ചിരിക്കുന്ന മലയാളിയും ഡെല്‍ഹി സര്‍വ്വകലാശാല പ്രൊഫസറുമായ ഹനിബാബുവിന് കൊവിഡ് ബാധിച്ച് നിലയിലാണെന്നും ഫലപ്രദമായ ചികില്‍സ നല്‍കണമെന്നും ഭാര്യ ജെന്നി റോവേന മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുംബൈ തലോജ ജയിലില്‍ കിടക്കുന്ന ഹനി ബാബുവിന്റെ ഇടതു കണ്ണിന് സാരമായ അണുബാധയാല്‍ കാഴ്ച നഷ്ടപ്പെട്ടിരിക്കയാണ്. കണ്ണിന് കഠിനമായ വേദനയുണ്ട്. അണുബാധ കവിളിലേക്കും ചെവിയിലേക്കും നെറ്റിയിലേക്കും വ്യാപിക്കുന്നുണ്ട്. തലച്ചോറിലേക്ക് പടരാന്‍ സാധ്യത കൂടുതലാണ്. കണ്ണു കഴുകാന്‍ ശുദ്ധജലം പോലും ജയിലില്‍ കിട്ടുന്നില്ല. അഴുക്കുതുണി മാത്രമാണ് കണ്ണ് തുടക്കാന്‍ കിട്ടുന്നത്. ഹനിയുടെ വക്കീലിന്റെ അഭ്യര്‍ഥനപ്രകാരം വാഷിയിലുള്ള കണ്ണു ഡോക്ടറെ കാണിക്കാന്‍ ജയിലധികാരികള്‍ തയ്യാറായെങ്കിലും തുടര്‍ ചികില്‍സയോ മരുന്നോ ലഭ്യമാക്കിയില്ല–ഹനിബാബുവിന്റെ ഭാര്യ ജെന്നി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഹനിബാബു, ഭാര്യ ജെന്നി റോവേന

ഹനിബാബുവിന് കൊവിഡ് ബാധിച്ചുവെന്ന് മെയ് 13-ന് ജെന്നിയെ തലോജ ജയിലധികൃതര്‍ ഫോണില്‍ അറിയിച്ചു. ജെ.ജെ.ഹോസ്പിറ്റില്‍ പ്രവേശിപ്പിച്ചതായും സൂചന ലഭിച്ചു. എന്നാല്‍ ആരോഗ്യനില സംബന്ധിച്ച ഒരു വിശദാംശവും അറിയിക്കാന്‍ തയ്യാറായില്ല. ഹനിബാബുവിന്റെ അമ്മ ഹോസ്പിറ്റലില്‍ എത്തിയെങ്കിലും മകനെ കാണാന്‍ അനുവദിച്ചില്ല. രോഗാവസ്ഥ സംബന്ധിച്ച ഒരു വിവരവും കുടുംബാംഗങ്ങളെ ജയിലധികാരികളോ ദേശീയ അന്വേഷണ ഏജന്‍സിയോ അറിയിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ ഹനിബാബുവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. എത്രയും പെട്ടെന്ന് അദ്ദേഹത്തെ വേണ്ടത്ര ചികില്‍സാ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണം. കണ്ണിന്റെ അണുബാധ ചികില്‍സിക്കാന്‍ നടപടി വേണം. ഹനിബാബുവിന്റെ ഇതു വരെയുള്ള ചികില്‍സയുടെ രേഖകളുടെ പകര്‍പ്പ് കുടുംബത്തിന് നല്‍കാന്‍ തയ്യാറാകണം–ജെന്നി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

യു.പിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ എങ്ങിനെയാണോ ജയിലധികാരികളും യു.പി.പോലീസും കൈകാര്യം ചെയ്യുന്നത് അതേ രീതിയിലേക്കാണ് ഹനിബാബുവിന്റെ കാര്യത്തിലും സംഭവിക്കുന്നത്. 2020 ആഗസ്റ്റില്‍ അറസ്റ്റിലായ ഹനിബാബു വിചാരണ പോലും നടത്തപ്പെടാതെ അനിശ്ചിതമായി തടവില്‍ കിടക്കുകയാണ്. 2018 ജനുവരി ഒന്നിന് പുനെക്കടുത്ത ഭീമാ കൊറേഗാവില്‍ സംഘടിപ്പിക്കപ്പെട്ട ദളിത് സമ്മേളനമായ എല്‍ഗാര്‍ പരിഷത്ത് അക്രമാസക്തമാവുകയും പതിനാറുകാരന്‍ കൊല്ലപ്പെടുകയുമുണ്ടായി. അന്നത്തെ ബി.ജെ.പി. സര്‍ക്കാര്‍ ആദ്യം എടുത്ത കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. എല്‍ഗാര്‍ പരിഷത്തിന് മാവോയിസ്റ്റുകളുമായി ബന്ധം ഉണ്ടെന്നാരോപിച്ച് സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളുമൊക്കെയായ സുധ ഭരദ്വാജ്, അരുണ്‍ ഫേരേര, ഗൗതം നവല്‍ക, കവി വരവര റാവു, വൈദികനായ സ്റ്റാന്‍സ്വാമി, മലയാളികളും കോളേജധ്യാപകരുമായ ഹനിബാബു, റോണ വില്‍സണ്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവരെയെല്ലാം വിചാരണ പോലും നടത്താതെ ജയിലില്‍ പാര്‍പ്പിച്ചിരിക്കയാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: kovid confirmed to activist hany babu in mumbai jail,wife demands proper treatment for hany babu's eye infection and kovid infection

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick