Categories
latest news

കാല്‍നൂറ്റാണ്ടു മുമ്പത്തെ ഒരു ചിത്രം ഒരു മന്ത്രിയെക്കുറിച്ച് എല്ലാം സംസാരിക്കുന്നുണ്ട് !!

കാല്‍ നൂറ്റാണ്ടു മുമ്പ് ഒരു മെയ് 19-ന് എടുത്ത ഈ ഫോട്ടോ നമ്മളോട് ചിലതെല്ലാം പറയുന്നുണ്ട്. ഈ ചിത്രത്തില്‍ ഒരു അമ്മ മകനെ ഏറെ ഇഷ്ടത്തോടെ ഉമ്മ വെക്കുന്നു. ആ മകന്റെ സഹോദരി അത് കണ്ട് ചിരിച്ചു നില്‍ക്കുന്നു. ഈ അമ്മയുടെ പേര് ചിന്ന. അമ്മ ജ്യേഷ്ഠനെ ചുംബിക്കുന്നത് കണ്ട് ചിരിച്ചു നില്‍ക്കുന്ന അനിയത്തിയുടെ പേര് രതി. മകന്‍ മലയാളിക്ക് സുപരിചിതനാണ്. ഇന്ന് രണ്ടാം പിണറായിയുടെ കാബിനറ്റിലെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രിമാരിലൊരാള്‍–കെ.രാധാകൃഷ്ണന്‍. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കര നിയോജകമണ്ഡലത്തിന്റെ പ്രതിനിധി.
ഈ ഫോട്ടോ 1996 മെയ് 19-ന് എടുത്തതാണ്. അന്ന് രാധാകൃഷ്ണന്‍ ചേലക്കരയില്‍ നിന്നും സി.പി.എം. സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ചപ്പോള്‍ ഇ.കെ.നായനാരുടെ കാബിനറ്റില്‍ മന്ത്രിയായി നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍, അതറിഞ്ഞ അമ്മ മകന് കൊടുക്കുന്ന ഉമ്മയാണത്. പശ്ചാത്തലത്തില്‍ ആ നിയുക്ത മന്ത്രിയുടെ, ചേലക്കരയുടെ എം.എല്‍.എ.യുടെ തോന്നൂര്‍ക്കരയിലുള്ള വീടാണ്. വീട് എന്ന് അതിനെ പറയാമോ…ഇല്ല. പനയോല കൊണ്ട് മേഞ്ഞ ഒരു തനി ഓലക്കുടില്‍. ചുമരുകളും മെടഞ്ഞ ഓലയാല്‍ ഉണ്ടാക്കിയത്. ആ കുടിലില്‍ നിന്നാണ്, ദാരദ്ര്യത്തിന്റെ മടിത്തട്ടില്‍ നിന്നാണ് കെ.രാധാകൃഷ്ണന്‍ എന്ന മന്ത്രിയിലേക്കുള്ള വളര്‍ച്ച. ഇടുക്കിയില്‍ തോട്ടം തൊഴിലാളികളായിരുന്ന ചിന്നയുടെയും കൊച്ചുണ്ണിയുടെയും മകന് ദാരിദ്ര്യം തന്നെയായിരുന്നു മുന്നോട്ടു പോകാനുള്ള ഉള്‍ക്കരുത്ത് നല്‍കിയത്.

ആദ്യമായി മന്ത്രിയായത് 1996-ല്‍ പിന്നെ 2006-ല്‍ സ്പീക്കറായി. ഇപ്പോള്‍ മൂന്നാമൂഴത്തില്‍ വീണ്ടും മന്ത്രിപദം. പക്ഷേ നാട്ടുകാരുടെ രാധേട്ടന്‍ എന്ന രാധാകൃഷ്ണന്‍ ഇപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരന്‍. ഓലക്കുടിലില്‍ പിറന്ന ആ രാഷ്ട്രീയനേതാവിന് തിരുവനന്തപുരത്തെ മന്ത്രിമന്ദിരങ്ങള്‍ പ്രലോഭനമേയല്ല.

thepoliticaleditor

ആദ്യം മന്ത്രിയായപ്പോള്‍ അമ്മ ചിന്ന ആദ്യമായി തിരുവനന്തപുരത്ത് പോയി മകന്റെ സത്യപ്രതിജ്ഞ നേരില്‍ കണ്ടു. പിന്നീട് സ്പീക്കറായപ്പോള്‍ കണ്ടത് നാട്ടില്‍ നിന്ന് ടെലിവിഷനില്‍. ഇത്തവണയും വീട്ടിലിരുന്ന് ടി.വിയില്‍ ആണ് സത്യപ്രതിജ്ഞ കണ്ടത്.
പ്രധാനപ്പെട്ട മറ്റൊരു പ്രത്യേകത, പിണറായി മന്ത്രിസഭയിലെ ഏക അവിവാഹിതനാണ് കെ.രാധാകൃഷ്ണന്‍ എന്നതാണ്. ആദ്യം മന്ത്രിയായതു മുതല്‍ തുടങ്ങിയതാണ് വിവാഹം കഴിക്കാനുള്ള നിര്‍ബന്ധം. രാധാകൃഷ്ണന്‍ പക്ഷേ വഴങ്ങിയിട്ടില്ലിതു വരെ. സ്വന്തം ജീവിതം മുഴുവനായി പാര്‍ടി പ്രവര്‍ത്തനത്തിനായി മാറ്റി വെച്ച മനുഷ്യന്‍. ഇ.കെ.നായനാര്‍ മുതല്‍ പിണറായി വിജയന്‍ വരെ പറഞ്ഞിട്ടും ഈയൊരു കാര്യം മാത്രം നാട്ടുകാരുടെ രാധ അനുസരിച്ചിട്ടില്ല. കുടുംബജീവിതം വേണ്ടെന്നു വെക്കുന്ന പഴയ കമ്മ്യൂണിസ്റ്റുകാരുടെ പാതയില്‍ അപൂര്‍വ്വമായി കാണുന്ന പുതിയ മുഖമായിരിക്കും രാധാകൃഷ്ണന്‍.
പാര്‍ടിയെ പരിണയിച്ചു ജീവിക്കുന്ന രാധാകൃഷ്ണന്‍ സി.പി.എമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും സി.പി.എമ്മിന്റെ ദലിത് സംഘടനയുടെ അഖിലേന്ത്യാ പ്രസിഡണ്ടും കൂടിയാണ്. തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു അല്‍പകാലം മുമ്പു വരെ. 1996 വരെ കോണ്‍ഗ്രസിന് അനുകൂലമായിരുന്ന ചേലക്കര രാധാകൃഷ്ണനിലൂടെ ഇടത്തേക്ക് ചാ്ഞ്ഞു. പിന്നീട് 2001,2006,2011 വര്‍ഷങ്ങളിലും ചേലക്കര രാധാകൃഷ്ണനെ തന്നെ തിരഞ്ഞെടുത്തു. ആദ്യം മന്ത്രിയായ 96-ല്‍ പട്ടികജാതി, വര്‍ഗ ക്ഷേമമായിരുന്നു വകുപ്പ്. പിന്നീട് സ്പീക്കറായി, പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. ഇപ്പോള്‍ വീണ്ടും പട്ടികജാതി,വര്‍ഗ ക്ഷേമവും ഒപ്പം പ്രധാനപ്പെട്ട ദേവസ്വം വകുപ്പും. ജാതിപ്രാമാണ്യങ്ങള്‍ കൊമ്പുകുലുക്കുന്ന നാട്ടില്‍ തീര്‍ത്തും അര്‍ഥവത്തായ കൈകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു ദേവസ്വം വകുപ്പ്, ഒരു കാവ്യനീതി പോലെ.

Spread the love
English Summary: k radhakrishnan, an extra ordinary man in pinarayi cabinet

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick