Categories
exclusive

“ഏതാണ്ട് സന്ധ്യ കഴിഞ്ഞാൽ അതിയാൻ പറേണതൊക്കെ തമാശയാ”… ഗൗരി അമ്മയുടെ അപൂർവ കമന്റ് നിയമസഭയിൽ ടി വി തോമസിനെ കുറിച്ച് !!

ഏഷ്യാനെറ്റ് മുൻ എഡിറ്റർ നീലന്റെ ചിന്താ മധുരമായ ഒരു ഓർമ്മക്കുറിപ്പ്

Spread the love

അന്ന് ഗൗരി അമ്മ പ്രതിപക്ഷത്തായിരുന്നു. ഭർത്താവ് ടി വി തോമസ് ഭരണ പക്ഷത്തും. സിപിഐ udf ൽ ആയിരുന്ന കാലം. നിയമ സഭയിൽ തോമസ് പ്രതിപക്ഷത്തെ വിമർശിച്ചു പ്രസംഗിക്കുന്നു. സന്ധ്യ കഴിഞ്ഞു രാത്രിയിലേക്ക് നീളുന്ന സഭാ സമ്മേളനം. ഉറക്കം തൂങ്ങികളെ ഉണർത്തിയ ഹാസ്യപ്രധാനമായ ഉഗ്രൻ പ്രസംഗം. ഭരണ പക്ഷത്തുള്ളവർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുമ്പോൾ പ്രസംഗം കൂടുതൽ മൂർച്ചയുള്ള പരിഹാസത്തിലേക്ക് നീങ്ങുന്നു. പ്രസംഗം കഴിഞ്ഞു. ഗൗരിയമ്മ പ്രസംഗിക്കാൻ എഴുന്നേറ്റു. നിശബ്ദം അന്തരീക്ഷം. അവർ തോമസ്സിന്റെ പ്രസംഗത്തോട് എങ്ങനെ പ്രതികരിക്കും? ആകാംക്ഷ. ഗൗരി അമ്മ പറഞ്ഞു ” അതിയാന്റെ തമാശ പ്രസംഗം കൊള്ളാം, ഇവിടെ ചിലർ കയ്യടിച്ചു തുള്ളുന്നതും കണ്ടു. എനിക്കിതൊക്കെ ഒരുപാട് പരിചയം ണ്ട്.ഏതാണ്ട് സന്ധ്യ കഴിഞ്ഞാൽ അതിയാൻ പറേണതൊക്കെ തമാശയാ. രാത്രി ആവും തോറും പിന്നേം തമാശ മൂക്കും. കള്ള് മൂക്കും പോലെ. ഞാൻ ഇതൊക്കെ എത്ര കണ്ടതാ “.
കയ്യടി ഇല്ല, പ്രതിപക്ഷത്തു നിന്ന് പോലും.ഒരു ചെറു ചിരി പോലും ഇല്ല. ഭർത്താവ് സന്ധ്യക്ക് ഇത്തിരി മിനുങ്ങുന്ന കാര്യം ഒരു പെണ്ണ് പരസ്യമായി പറഞ്ഞത് കേട്ടിട്ടും, ആ ഭർത്താവ് അപ്പുറത്തു ഇരിപ്പുണ്ടായിട്ടും ആരും ഒന്നും മിണ്ടിയില്ല. അനങ്ങിയില്ല ആരും!!കാരണം പ്രത്യയ ശാസ്ത്രത്തിന്നു വേണ്ടി സ്വന്തം ജീവിതം പകുത്തു നൽകിയ സ്ത്രീ ആണ് അത് പറഞ്ഞത്. അവരുടെ പാതി മുറിഞ്ഞു പോയ മനസ്സിൽ നിന്ന് വന്ന വാക്കുകൾ ആണ് അവ. അവർക്ക് നഷ്ട്ടപ്പെട്ട സന്ധ്യകൾ എല്ലാം ആ വാക്കുകളിൽ ചുവന്നു തുടുത്തു അസ്‌തമിക്കാൻ മടിച്ചു നിറഞ്ഞു നിന്നിരുന്നു. ആ നഷ്ട സന്ധ്യകൾക്ക് മറുപടി ഇല്ല. മിണ്ടാൻ വയ്യ. കരയാൻ വയ്യ, ചിരിക്കാനും വയ്യ.സഭ മൗനത്തിൽ മുങ്ങി. ഒരുനീണ്ട മൗനത്തിൽ!!

നീലൻ


ഇന്ന് രാവിലെ അവർ വിട പറയുമ്പോഴും ആ മൗനം അവരോടൊപ്പം ഉണ്ടായിരുന്നു. ഒരിക്കലും അവരെ വിട്ടു പോകാത്ത,അവരോടൊപ്പം മാത്രം തിരിച്ചു പോയ നീറുന്നൊരു മൗനം!പ്രത്യയ ശാസ്ത്രം തിരിച്ചു എന്തു കൊടുത്തു എന്ന ചോദ്യം ഇന്നും എന്നും നിരർത്ഥകമാണ്. അവർ ഒന്നും തിരിച്ചു പ്രതീക്ഷിച്ചില്ല. ഒന്നും തിരിച്ചു ചോദിച്ചില്ല. കൊടുത്തേ ഉള്ളു, എടുത്തില്ല.ആ തലമുറയുടെ രാഷ്ട്രീയ ജീവിതം അത്തരത്തിലൊരു തരം ആത്മീയ ജീവിതം ആയിരുന്നു. നാടിന്നും നാട്ടാർക്കുമെല്ലാം മോക്ഷം പ്രാർത്ഥിച്ച ആത്മീയ ജീവിതം. അവസാനിക്കാത്ത പ്രാർത്ഥന ആയിരുന്നു അവർക്ക് ജീവിതം. ഇന്ന് രാവിലെ, ഒടുവിൽ അവശേഷിച്ച ആ പ്രാർത്ഥന യും തീർന്നു, പ്രാർത്ഥിക്കാൻ പോലും യോഗ്യത ഇല്ലാത്ത നമ്മെ ബാക്കിയിട്ട്! ഈ നിമിഷത്തിൽ ഞാൻ ഒറ്റയാവുന്നു …..

thepoliticaleditor

– നീലൻ

Spread the love
English Summary: JOURNALIST NEELAN REMEMBERS ABOUT K R GOURI'S PERSONAL LIFE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick