Categories
exclusive

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും പാലോളി കമ്മിറ്റി റിപ്പോര്‍ട്ടും വീണ്ടും വിവാദത്തില്‍, ഹൈക്കോടതി വിധി ചോദ്യം ചെയ്യപ്പെടുന്നു

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീംലീ​ഗ്. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് അപ്പീൽ നൽകുന്നത്. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളില്‍ 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്‌തവ വിഭാഗങ്ങൾക്കുമാണ് നിലവിലുള്ളത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

യുഡിഫ്-എൽഡിഫ് തർക്കങ്ങൾ

ന്യൂനപക്ഷക്ഷേമ ആനുകൂല്യവിതരണത്തിലെ അനുപാതം മുസ്ലീങ്ങള്‍ക്ക് 80 ശതമാനമായി നിശ്ചയിക്കപ്പെട്ടത് ഇന്ത്യയിലെ മുസ്ലീംന്യൂനപക്ഷത്തിന്റെ അവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍. കേരളത്തില്‍ ഇതിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് പാലോളി കമ്മിറ്റിയുടെ പഠനശുപാര്‍ശയുടെ അടിസ്ഥാനത്തിലും. അതനുസരിച്ച് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള മുസ്ലീങ്ങള്‍ക്ക് ന്യൂനപക്ഷക്ഷേമ ആനുകൂല്യങ്ങള്‍ കൂടുതല്‍ ശതമാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ഇതിന്റെ അനുപാതം 80-20 എന്ന രീതിയില്‍ തീരുമാനിച്ചത് യു.ഡി.എഫ്.സര്‍ക്കാരാണെന്നും ഇത് മുസ്ലീം പ്രീണനത്തിനായി ചെയ്തതാണെന്നും മുന്‍ മന്ത്രിയും സി.പി.എം.നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി പ്രതികരിച്ചിരിക്കുന്നു. എന്നാല്‍ പൊലോളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയത് ഇടതുസര്‍ക്കാരാണെന്ന് മുസ്ലീംലീഗ് മറുപടി പറയുന്നു. അതെന്തായാലും ഇത്തരം പക്ഷപാതം വേണ്ട എന്നും ജനസംഖ്യാനുപാതികമായി വേണം ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതെന്നും ഹൈക്കോടതി വിധിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കയാണ്. ഹൈക്കോടതി വിധി ഫലത്തില്‍ സച്ചാര്‍കമ്മിറ്റി-പാലോളി കമ്മിറ്റി നിരീക്ഷണങ്ങളുടെയും ശുപാര്‍ശകളുടെയും നിരാകരണമാണ്. ഇതിനെതിരെ മുസ്ലീംലീഗ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നു.

പാലൊളി മുഹമ്മദ് കുട്ടി

രണ്ടു മുന്നണികള്‍ക്കും തലവേദന

ഹൈക്കോടതി വിധി രണ്ടു മുന്നണികള്‍ക്കും തലവേദനയും ആയി മാറിയിരിക്കയാണ്. യു.ഡി.എഫില്‍ മു്സ്ലീംലീഗ് ഹൈക്കോടതി വിധിക്കെതിരെ നില്‍ക്കുമ്പോള്‍ ്‌കേരള കോണ്‍ഗ്രസ് വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നു കഴിഞ്ഞു. ഇടതുപക്ഷത്തുള്ള ഇന്ത്യന്‍ നാഷണല്‍ ലീഗ് വിധിക്കെതിരെ പ്രതികരിച്ചപ്പോള്‍ ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ് ഉറപ്പായും വിധി നടപ്പാക്കണമെന്ന പക്ഷത്താണ് നില്‍ക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് നിര്‍ണായകമായ കേരളത്തില്‍ ഇത്തവണ ഇടതുമുന്നണിയുടെ തിളങ്ങുന്ന വിജയത്തിനു പിന്നില്‍ മുസ്ലീം-ക്രിസ്ത്യന്‍ വോട്ടുകളുടെ സഹായം ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം യു.ഡി.എഫിന് ന്യൂനപക്ഷവോട്ടില്‍ ചോര്‍ച്ചയുണ്ടായതായി പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല തന്നെ പറയുകയും ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാനും തിരിച്ചു പിടിക്കാനും ഇരു മുന്നണികളും തിരക്കിട്ട് നടത്തുന്ന തന്ത്രങ്ങള്‍ക്കിടയില്‍ ഇപ്പോഴത്തെ ഹൈക്കോടതി വിധിയുടെ കാര്യത്തില്‍ ഇപ്പോഴത്തെ ഭരണപക്ഷം എന്തു നിലപാടെടുക്കും എന്നത് എല്ലാവരും ഉറ്റു നോക്കുന്നു. ഹൈക്കോടതി വിധിയെ സംബന്ധിച്ച് ആശങ്ക വേണ്ട എന്ന അവ്യക്ത പ്രതികരണം മാത്രമാണ് മന്ത്രി എം.വി.ഗോവിന്ദന്‍ നടത്തിയിട്ടുള്ളത്.

നിയമവകുപ്പിന്റെ ഉപദേശത്തിന് വിട്ടിരിക്കയാണ് സര്‍ക്കാര്‍. ഹൈക്കോടതി വിധി ശക്തമായി നടപ്പാക്കും എന്ന് പ്രഖ്യാപിച്ചാല്‍ അത് മുസ്ലീംന്യൂനപക്ഷത്തിനിടയില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അനുകൂല മനോഭാവം ഇല്ലാതാവും എന്നത് സി.പി.എമ്മിനെ കുഴയ്ക്കുന്നു.

വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവുകയാണെങ്കില്‍ ഇക്കാര്യത്തില്‍ പരമോന്നത കോടതി തീരുമാനിക്കട്ടെ എന്ന സുരക്ഷിതനയം സി.പി.എ്മ്മിന് പറയാം. മാത്രമല്ല, കോടതിയില്‍ എല്ലാ കാര്യങ്ങളും അവതരിപ്പിക്കാമെന്ന് ന്യൂനപക്ഷങ്ങളെ സമാധാനിപ്പിക്കുകയും ചെയ്യാം.

യു.ഡി.എഫില്‍ കോണ്‍ഗ്രസും ധര്‍മ്മസങ്കടം നേരിടുന്നുണ്ടെന്നതാണ് വാസ്തവം. മുസ്ലീംലീഗിനൊപ്പം നില്‍ക്കുകയും അതേസമയം ക്രിസ്ത്യന്‍ വിഭാഗത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്ന തന്ത്രം മാത്രമേ കോണ്‍ഗ്രസിന് കരണീയമായിട്ടുള്ളൂ. സര്‍ക്കാരിന്റെ മേല്‍ ചാരി തല്‍ക്കാലം രക്ഷപ്പെടാനായിരിക്കും പ്രതിപക്ഷം ശ്രമിക്കുക.

സച്ചാര്‍ കമ്മിറ്റി

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് 2005-ല്‍ രാജ്യത്തെ മുസ്ലീം വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥയെ പറ്റി പഠിക്കാനായി ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായി ഏഴ് അംഗ സമിതിയെ നിയോഗിച്ചതാണ് ചരിത്രത്തില്‍ സച്ചാര്‍ കമ്മിറ്റി എന്ന പേരില്‍ പ്രസിദ്ധി നേടിയത്.

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളില്‍ വെച്ച് ഏറ്റവും ദയനീയമായ പിന്നാക്കാവസ്ഥയിലുള്ളത് മുസ്ലീങ്ങളാണെന്ന് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തെക്കാളും താഴെയാണ് മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ എന്നാണ് സച്ചാര്‍ റിപ്പോര്‍ട്ട് വ്യക്തമായി രേഖപ്പെടുത്തിയത്. 2006-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുസ്ലീം ഉന്നമനത്തിനായുള്ള വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. ഈ ശുപാര്‍ശകള്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ നടപ്പാക്കാന്‍ 2006-ല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ അന്നത്തെ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു. ഇതാണ് പാലോളി കമ്മിറ്റി. ഈ കമ്മിറ്റിയുടെ ശുപാര്‍ശ എന്ന പേരില്‍ നടപ്പാക്കിയ കാര്യങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: highcourt-verdict creats headache to both udf and ldf

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick