Categories
latest news

1996-ല്‍ ജ്യോതിബാസുവിന് കഴിയാഞ്ഞത്, 2021-ല്‍ പിണറായിക്ക് സാധിച്ചു, സി.പി.എം. പൊളിറ്റ് ബ്യൂറോ ദുര്‍ബലം, ശൈലജയുടെ പ്രശസ്തി നേതാക്കളെ അരക്ഷിതരാക്കി : സാഗരിക ഘോഷിന്റെ നിരീക്ഷണം

1996-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബംഗാളിലെ ഉന്നത സി.പി.എം.നേതാവായ ജ്യോതിബാസുവിനെ നിര്‍ബന്ധപൂര്‍വ്വം ക്ഷണിച്ചപ്പോള്‍ സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം ബാസുവിനെ അതിന് അനുവദിച്ചില്ല. സി.പി.എം. ആ ചരിത്രക്ഷണം തള്ളിക്കളഞ്ഞു. ചരിത്രപരമായ വിഢിത്തം എന്നാണ് ജ്യോതിബാസു അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ 2021-ല്‍ കേരളത്തിലെ ഇടതു മന്ത്രിസഭയില്‍ നിന്നും ഒരു പോപ്പുലര്‍ മന്ത്രിയെ ആരോടും ചോദിക്കാതെ ഒഴിവാക്കുന്നത് തടയാന്‍ സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിന് ശക്തിയുണ്ടായില്ല. സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വം അത്രയ്ക്കും ദുര്‍ബലമായിരിക്കുന്നു. സീതാറാം യെച്ചൂരിയും ബൃന്ദ കാരാട്ടും പ്രതിഷേധിച്ചാലും നിഷ്ഫലമാകുന്നു. പിണറായി വിജയന്‍ ഒരു കാര്യം വേണ്ടെന്ന് വെച്ചാല്‍ അത് തിരുത്തിക്കാന്‍ ഏറ്റവും ദുര്‍ബലമായ പൊളിറ്റ് ബ്യൂറോയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.–കേരളത്തിലെ മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് പ്രമുഖ പത്രപ്രവര്‍ത്തക സാഗരിക ഘോഷ് എഴുതിയ നിരീക്ഷണം ശ്രദ്ധേയമായി. കെ.കെ.ശൈലജയെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയ നടപടി വിവാദമായ സാഹചര്യത്തിലാണ് സാഗരിക ഘോഷിന്റെ നിരീക്ഷണം ശ്രദ്ധയാകര്‍ഷിക്കുന്നത്.

ഗുജറാത്തില്‍ നരേന്ദ്രമോദി എങ്ങിനെയാണ് ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി മാറിയത് അതിനോടാണ് പിണറായിയുടെ നടപടികളെ സാഗരിക ഘോഷ് താരതമ്യപ്പെടുത്തുന്നത്. മോദി പാര്‍ടിയിലെ ഒരു തലമുറയെ ആകെ ശ്വാസമില്ലാതാക്കി കേശുഭായ് പട്ടേല്‍, സുരേഷ് മേത്ത, കാശിറാം റാണ എന്നീ നേതാക്കളെ നിര്‍വീര്യരാക്കി. അതിനുശേഷം വോട്ടര്‍മാരോട് നേരിട്ട് ബന്ധം സ്ഥാപിക്കുകയാണ് ചെയ്യാന്‍ ശ്രമിച്ചത്. നേതാക്കളെ ഒഴിവാക്കി ജനങ്ങളോട് നേരിട്ട് ബന്ധപ്പെട്ടു കൊണ്ടുള്ള മോദിയുടെ ശൈലി അനുകരിക്കുകയാണ് കേരളത്തിലെ ഇടതുനേതൃത്വം എന്ന് സാഗരിക തന്റെ ലേഖനത്തില്‍ പറയുന്നു.

thepoliticaleditor

കെ.കെ.ശൈലജ അവരുടെ പോപ്പുലാരിറ്റിക്കും പ്രവര്‍ത്തനമികവിനും ഇരയായിത്തീരുകയായിരുന്നു എന്ന് സാഗരിക നിരീക്ഷിക്കുന്നു. അവരുടെ പ്രശസ്തി അവരുടെ ഉന്നത നേതൃത്വത്തെ അരക്ഷിതരാക്കിയത് അവര്‍ക്ക് വിനയായി. കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന്റെ മുഖമായിരുന്നു ശൈലജ. അവര്‍ ലോക പ്രശസ്ത മാസികയായ വോഗ്-ല്‍ ഫീച്ചര്‍ ചെയ്യപ്പെട്ടു. ഗാര്‍ഡിയന്‍ പത്രം ഫീച്ചറെഴുതി. ബി.ബി.സി. അവരെ ഇന്റര്‍വ്യൂ ചെയ്തു. 2020-ലെ ഏറ്റവും സ്വാധീനശേഷിയുള്ള വനിതയായി ഫിനാന്‍ഷ്യല്‍ എക്‌സപ്രസ് തിരഞ്ഞുടുത്തു. ഐക്യരാഷ്ട്ര സംഘടന അവരെ ആദരിച്ചു. നിപയെ തോല്‍പിക്കാന്‍ നേതൃത്വം നല്‍കിയ ശൈലജയെ പ്രധാനകഥാപാത്രമാക്കി ഒരു സിനിമ പോലും ഇറങ്ങി. 60,000-ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം ശൈലജയ്ക്ക് ലഭിച്ചിട്ടു പോലും കൊവിഡ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അവര്‍ മന്ത്രിയായി തുടരുമെന്ന പ്രതീക്ഷ നിലനിര്‍ത്തി–ലേഖനത്തില്‍ പറയുന്നു.

മുണ്ടുടുത്ത മോദി എന്നു കേരളത്തില്‍ വിശേഷണമുള്ള പിണറായി വിജയന്‍ മാധ്യമങ്ങളോട് കടക്കു പുറത്ത് എന്നു പറയുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ എല്ലാ സിറ്റിങ് മന്ത്രിമാരെയും മാറ്റിക്കൊണ്ട് ചോദ്യം ചെയ്യാനാവാത്ത വ്യക്തിയാണ് താന്‍ എന്ന പ്രതിച്ഛായ സൃഷ്ടിച്ചിരിക്കുന്നു. മുഹമ്മദ് റിയാസിനെയൊക്കെ മന്ത്രിസഭയില്‍ എടുത്തത് വിജയന്റെ അപ്രമാദിത്വത്തിനെ ഓര്‍ത്ത് വേവലാതിപ്പെടേണ്ടതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് തന്നോട് ഒരു ഇടതുനേതാവ് പറഞ്ഞതായും സാഗരിക ഘോഷ് വിവരിക്കുന്നു.

Spread the love
English Summary: cpm polit bureau a flop criticises renowned journalist sagarika ghosh in her opinion write up

One reply on “1996-ല്‍ ജ്യോതിബാസുവിന് കഴിയാഞ്ഞത്, 2021-ല്‍ പിണറായിക്ക് സാധിച്ചു, സി.പി.എം. പൊളിറ്റ് ബ്യൂറോ ദുര്‍ബലം, ശൈലജയുടെ പ്രശസ്തി നേതാക്കളെ അരക്ഷിതരാക്കി : സാഗരിക ഘോഷിന്റെ നിരീക്ഷണം”

ഈ നിരീക്ഷണം ശരിയാണു.സി.പി.എം അഖിലേന്ത്യാ നേതൃത്വം ദുർബലമായ ഒരു പ്രദേശിക പാർട്ടിയായി അധ:പതിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick