Categories
kerala

സി.പി.എം.മന്ത്രിമാര്‍ ആരൊക്കെയാവും? ഏതെല്ലാം വകുപ്പുകള്‍?

കേരളമന്ത്രിസഭയുടെ രൂപീകരണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ എല്ലാവരുടെയും ആകാംക്ഷ സി.പി.എമ്മിന്റെ മന്ത്രിമാര്‍ ആരൊക്കെയാവും എന്നതാണ്. മുന്‍മന്ത്രിമാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തവരെ പാര്‍ലമെന്ററി വനവാസത്തിന് അയച്ചു കൊണ്ട് പിണറായി വിജയന്‍ നടത്തിയ ധീരമായ ഇടപെടല്‍ മൂലം പുതിയ തലമുറ മന്ത്രിമാരായിരിക്കും ഇത്തവണ സി.പി.എമ്മില്‍ നിന്നും കൂടുതല്‍ വരാന്‍ പോകുന്നത് എന്നത് നേരത്തേ തന്നെ വ്യക്തമായിരുന്നു. അതു കൊണ്ടു തന്നെ, സി.പി.എമ്മില്‍ നിന്നും ജയിച്ചുവന്ന പുതു തലമുറ നേതാക്കളിലാണ് എല്ലാ പ്രവചനങ്ങളും കറങ്ങി നില്‍ക്കുന്നത്. അവരില്‍ മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, വി.ശിവന്‍കുട്ടി, വീണ ജോര്‍ജ്ജ്, കാനത്തില്‍ ജമീല, സജി ചെറിയാന്‍, ജെ. ചിത്തരഞ്ജന്‍, വി.എന്‍.വാസവന്‍ എന്നിവരും പഴയ തലമുറക്കാര്‍ എങ്കിലും പുതിയ ടീമിലുണ്ടാകുമെന്നു കരുതുന്ന എം.വി.ഗോവിന്ദന്‍, പി.നന്ദകുമാര്‍ എന്നിവരും ആണ് ഉള്ളത്. എന്നാല്‍ ഇവര്‍ക്കൊക്കെ ഏത് വകുപ്പുകള്‍ കിട്ടുമെന്നത് സംബന്ധിച്ചുള്ള രഹസ്യം ആര്‍ക്കും പിടിതരാതെ നേതാക്കളുടെ മനസ്സുകളില്‍ മറഞ്ഞിരിക്കുന്നു.
സി.പി.എമ്മിന് 12 മന്ത്രിസ്ഥാനങ്ങളും സ്പീക്കര്‍ പദവിയുമാണ് ഉള്ളത്. കഴിഞ്ഞ തവണ മന്ത്രിമാരായവരില്‍ മുഖ്യമന്ത്രി കൂടാതെ ഏഴു പേരാണ് ഇത്തവണ മല്‍സരിച്ചത്. അവരില്‍ ആറു പേര്‍ ജയിച്ചു–ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ, ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീല്‍, വൈദ്യുതി മന്ത്രി എം.എം.മണി, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍. എന്നാല്‍ ഇവരെ ആരെയും വീണ്ടും മന്ത്രിയാക്കാനുള്ള നിശ്ചയത്തിലല്ല പകരം രണ്ടു ടേം വ്യവസ്ഥയ്ക്കകത്ത് വരുന്നവരാണ് എന്നതു കൊണ്ടാണ് മല്‍സരിപ്പിച്ചത് എന്ന് ആദ്യമേ പാര്‍ടി പറയുന്നുണ്ട്. അതായത് ഇവരില്‍ ആരെങ്കിലും മന്ത്രിയാവുന്നതിനോ ആവാതിരിക്കുന്നതിനോ തുല്യസാധ്യതയുണ്ട് എന്നര്‍ഥം.
ഈ സാധ്യത വെച്ചു നോക്കിയാല്‍ ഇപ്പോള്‍ എല്ലാ മാധ്യമങ്ങളും ഒരു പോലെ പ്രവചിക്കുന്ന ഒരു വ്യക്തിയായ കെ.കെ.ശൈലജ പോലും ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാവില്ല എന്ന സൂചനയാണ് സി.പി.എമ്മിന്റെ ഉന്നത അകത്തളങ്ങളില്‍ നിന്നും ലഭിക്കുന്നത്. പിണറായി വിജയന്റെ ജില്ലയില്‍ നിന്നും കഴിഞ്ഞ തവണ രണ്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. ഇത്തവണയും ആ നമ്പര്‍ മാറാനിടയില്ല എന്ന സൂചന ഉണ്ട്. അതില്‍ ഉറപ്പായ ഒരാള്‍ എം.വി. ഗോവിന്ദനാണ്. ഇദ്ദേഹത്തിന് മുന്‍പ് ഇ.പി.ജയരാജന്‍ കൈകാര്യം ചെയ്ത വ്യവസായ, കായിക വകുപ്പുകള്‍ ലഭിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഗോവിന്ദന്‍ മാസ്റ്റര്‍ പഴയ കായികാധ്യാപകന്‍ കൂടിയാണ് !!

രണ്ടാമതൊരാള്‍ കെ.കെ.ശൈലജ തന്നെ വരും എന്നാണ് മിക്ക പ്രവചനത്തിലും ഉളളത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ശൈലജ ടീച്ചറും ഒഴിവാക്കപ്പെട്ടേക്കാമെന്ന സാധ്യതയും പങ്കുവെക്കപ്പെടുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും ഇടയ്ക്ക് ഉയര്‍ന്നു വന്ന പേര് തലശ്ശേരി എം.എല്‍.എ. എ.എന്‍.ഷംസീറിന്റെതാണ്. ഇപ്പോള്‍ പലരും ആ പേരിന് സാധ്യത കല്‍പിക്കുന്നില്ല. എന്നാല്‍ ഷംസീറിന് ഉയര്‍ന്ന സാധ്യത തന്നെ ഉണ്ട് എന്നതാണ് അവസാനസൂചന.

കോഴിക്കോടിന്റെ പ്രാതിനിധ്യം ഏറെക്കുറെ ഉറപ്പാണ്. ടി.പി.രാമകൃഷ്ണന്‍ മാറുമെന്ന സൂചനയുണ്ട്. അവിടെ നിന്നും ഇപ്പോള്‍ സജീവമായി ഉയരുന്നു പേരുകള്‍ കാനത്തില്‍ ജമീലയുടെതും മുഹമ്മദ് റിയാസിന്റെതുമാണ്. കാനത്തില്‍ ജമീല സി.പി.എം. പരിഗണിക്കുന്ന വനിതാപ്രതിനിധികളില്‍ മു്ന്നിലുള്ളതിനാലാണ് സാധ്യത കല്‍പിക്കുന്നത്. മുഹമ്മദ് റിയാസ് ഇന്നലെ മാത്രം സാധ്യതാപട്ടികയില്‍ വന്ന പേരാണ്. ആദ്യമായി എം എൽ എ ആകുന്ന ആളെ അപ്പോൾ തന്നെ മന്ത്രി ആക്കുന്ന രീതി സി പി എമ്മിൽ ഇല്ല. അത് മാറ്റി റിയാസ് മന്ത്രി ആവാനുള്ള സാധ്യത വിരളമാണ്. മുസ്ലീം പ്രാതിനിധ്യം ഇത്തവണ സി.പി.എം. ഏറെ പ്രാധാന്യത്തോടെ പരിഗണിക്കുന്ന കാര്യമാണ്. കഴിഞ്ഞ തവണ കെ.ടി.ജലീലും എ.സി. മൊയ്തീനും ഉണ്ടായിരുന്നു. ഇത്തവണയും രണ്ടുപേര്‍ ഉറപ്പാണ്. അത് എ.എന്‍.ഷംസീര്‍, മുഹമ്മദ് റിയാസ്, കെ.ടി. ജലീല്‍, കാനത്തില്‍ ജമീല എന്നിവരില്‍ രണ്ടു പേരായിരിക്കും എന്നാണ് ഊഹിക്കാവുന്ന സാധ്യത. എ.സി. മൊയ്തീന്‍ പിണറായിക്ക് ഇഷ്ടപ്പെട്ട വ്യക്തി തന്നെയെങ്കിലും സാമുദായികമായി ചില നീരസങ്ങള്‍ മൊയ്തീനെതിരെ ഉണ്ടായി എന്നത് അദ്ദേഹത്തിന് വിപരീതമായി വരുമെന്നാണ് സൂചനയുള്ളത്. ആ നീരസം മൊയ്തീന് ലഭിച്ച വോട്ടിലും പ്രതിഫലിച്ചിട്ടുണ്ട് എന്ന് വിലയിരുത്തലുണ്ട്. മാത്രമല്ല,
തൃശ്ശൂരില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ കെ.രാധാകൃഷ്ണന്‍ ഉറപ്പായും പട്ടികയിലുണ്ട്. ഒരര്‍ഥത്തില്‍ ഇനി വരുന്ന ഭരണത്തില്‍ പിണറായി കഴിഞ്ഞാല്‍ വളരെ ഭരണപരിചയമുള്ള വ്യക്തികളിലൊരാളാണ് രാധാകൃഷ്ണന്‍. ഒരു തവണ സ്പീക്കറും, ഒരു തവണ മന്ത്രിയും ആയിരുന്നിട്ടുണ്ടിദ്ദേഹം. സാധ്യത കല്‍പിക്കപ്പെടുന്ന മറ്റൊരാള്‍ ആര്‍.ബിന്ദു ആണ്. എ.വിജയരാഘവന്റെ ഭാര്യ എന്ന നിലയില്‍ മാത്രമല്ല, തൃശൂര്‍ മുന്‍ മേയര്‍ എന്നതായിരിക്കും ബിന്ദുവിന് കൂടുതല്‍ സാധ്യത കല്‍പിക്കാന്‍ കാരണം. മന്ത്രിസഭയില്‍ രണ്ട് വനിതകളെ സി.പി.എം. കൊണ്ടുവരുമെങ്കിലാണ് ബിന്ദുവിന് ചാന്‍സ് ഉള്ളതെന്നും പറയുന്നു. വീണാ ജോര്‍ജ്ജും കാനത്തില്‍ ജമീലയുമാണ് ഒപ്പം പരിഗണനയിലുള്ള വനിതകള്‍.

മലപ്പുറത്തു നിന്നും പാലക്കാട് നിന്നും ഉറപ്പായും പ്രതിനിധി ഉണ്ടാകും. മലപ്പുറത്തു നിന്നുള്ള സാധ്യതാപട്ടികയില്‍ മുമ്പന്‍ പി.നന്ദകുമാര്‍ ആണ്. പിന്നെ കെ.ടി.ജലീല്‍. കെ.ടി. ജലീല്‍ ഇപ്പോള്‍ കേസില്‍ ഉള്ള ആള്‍ ആയത് ചെറിയൊരു പ്രശ്‌നമാണ്. എന്നാല്‍ ജലീലിനെ ഇത്തവണ ഒഴിവാക്കിയാല്‍ അത് മറ്റൊരു സന്ദേശം നല്‍കും എന്നും അന്വേഷണ ഏജന്‍സികള്‍ക്ക് അത് സൗകര്യപ്രദമാകും എന്നുള്ള ചിന്ത പാര്‍ടിക്കകത്ത് ഉണ്ട്. പിണറായി വിജയന്റെ ഏറ്റവും വാല്‍സല്യമുള്ള വ്യക്തിയുമാണ് ജലീല്‍. ജലീലിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് സി.പി.എം. വാദിക്കുന്നതിനാല്‍ ജലീലിനെ കൂടെ നിര്‍ത്താനാണ് സാധ്യത. ജലീലിനെ സ്പീക്കറാക്കുമെന്ന ഊഹാപോഹവും ഉണ്ട്. എന്നാല്‍ ഉണ്ടെങ്കില്‍ മന്ത്രിസ്ഥാനത്തിനാണ് സാധ്യത കൂടുതല്‍. മുസ്ലീം പ്രാതിനിധ്യം എന്ന നിലയിലല്ലാതെ തന്നെ പരിഗണിക്കുന്ന പേരാണ് ജമീലയുടെത്. വീണയുടെ പേരും ആദ്യം മുതലേ സാധ്യതാപട്ടികയില്‍ പലരും പെടുത്തിയിട്ടുണ്ട്.

പാലക്കാട്ട് നിന്നും സാധ്യത എം.ബി.രാജേഷിനു തന്നെ. ഏറണാകുളത്തു നിന്നും പി.രാജീവ്, കോട്ടയത്തു നിന്നും വി.എന്‍.വാസവന്‍, പത്തനംതിട്ടയില്‍ നിന്നും സജി ചെറിയാന്‍, വീണ ജോര്‍ജ്ജ്, ആലപ്പുഴയില്‍ നിന്നും ജെ. ചിത്തരഞ്ജന്‍, കൊല്ലത്തു നിന്നും കെ.എന്‍.ബാലഗോപാല്‍, തിരുവനന്തപുരത്തു നിന്നും വി.ശിവന്‍കുട്ടി എന്നിവരുടെ മന്ത്രിസ്ഥാനങ്ങളാണ് പ്രവചനങ്ങളില്‍ ്ഉള്ളത്.

വകുപ്പുകളുടെ കാര്യത്തില്‍ ഇത്തവണ ഒരു പുനക്രമീകരണം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ധനകാര്യം, വിദ്യാഭ്യാസം, വ്യവസായം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, തൊഴില്‍, ആരോഗ്യം, സഹകരണം, ഫിഷറീസ്, ദേവസ്വം, ടൂറിസം, സാംസ്‌കാരികം, നിയമം എന്നീ പ്രധാന വകുപ്പുകള്‍ കൂടാതെ വനിതാശാക്തീകരണം മുന്‍ നിര്‍ത്തിയുള്ള ഒരു പുതിയ പ്രത്യേക വകുപ്പും ഉണ്ടാകാനുള്ള സാധ്യതയു ഉണ്ട്. ഇതില്‍ ധനകാര്യം, വിദ്യാഭ്യാസം ഇവയിൽ പി.രാജീവും കെ.എന്‍.ബാലഗോപാലും, സാസ്‌കാരികം എം.ബി.രാജേഷ് , വി.എന്‍.വാസവന്‍ സഹകരണം അല്ലെങ്കില്‍ വൈദ്യതി, എം.വി.ഗോവിന്ദന്‍ വ്യവസായം-കായികം അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണം, ജലീല്‍ വിദ്യാഭ്യാസം, കെ.രാധാകൃഷ്ണന്‍ സാസ്‌കാരികം-നിയമം, പി.നന്ദകുമാര്‍ തൊഴില്‍് അല്ലെങ്കില്‍ സഹകരണം, വീണ ജോര്‍ജ്ജ് സാംസ്‌കാരികം, ശിവന്‍കുട്ടി തൊഴില്‍ അല്ലെങ്കില്‍ ദേവസ്വം ഇങ്ങനെ സാധ്യതകള്‍ കല്‍പിക്കപ്പെടുന്നു. ചിത്തരഞ്ജന്‍ വരികയാണെങ്കില്‍ ഫിഷറീസ്, ഷംസീര്‍ വരികയാണെങ്കില്‍ ടൂറിസം, റിയാസ് വരികയാണെങ്കില്‍ വിദ്യാഭ്യാസം അല്ലെങ്കില്‍ നിയമം, സജി ചെറിയാന്‍ വരികയാണെങ്കില്‍ വൈദ്യുതി ഈ രീതിയിലും സാധ്യതകള്‍ കല്‍പിക്കുന്നുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: CPM MINISTERS WHO AND WHO...PREDICTIONS WITH POSSIBLITY LISTS

One reply on “സി.പി.എം.മന്ത്രിമാര്‍ ആരൊക്കെയാവും? ഏതെല്ലാം വകുപ്പുകള്‍?”

നല്ല നിരീക്ഷണം. പക്ഷെ, വായിക്കുമ്പോൾ നെഞ്ച് പൊട്ടുന്നു. ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ‘മുസ്ലിം പ്രാധിനിധ്യം’ എന്ന വാക്ക് ആണ് മനസിനെ വല്ലാതെ പേടിപ്പിക്കുന്നത്. ഇക്കുറി ജനം വോട്ട് ചെയ്തത് വിശ്വാസ ത്തിനെതിരെ യാണ്. അതു അംഗീകരിക്കാൻ നിരീക്ഷകന് സാധിക്കുന്നില്ല. ഇതു സെക്കുലർ രാജ്യമാണ്. എന്നോർമ്മിക്കാൻ അപേക്ഷ

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick