Categories
latest news

കേരളത്തിനു പുറത്ത് സി.പി.എമ്മിന് ആകെ മൂന്നു സീറ്റ്… ബംഗാളില്‍ ശരിക്കും നാണം കെട്ടു

കേരളത്തില്‍ 68 സീറ്റ് നേടി സി.പി.എം. ചരിത്രവിജയം നേടിയപ്പോള്‍ അഞ്ച സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കൂടി പാര്‍ടിക്ക് കിട്ടിയത് മൂന്ന് സീറ്റുകള്‍ മാത്രം. ആസ്സാമില്‍ ഒരു സീറ്റും തമിഴ്‌നാട്ടില്‍ ഡി.എം.കെ.സഖ്യത്തിലൂടെ രണ്ട് സീറ്റും കിട്ടിയപ്പോള്‍ 292 സീറ്റുള്ള പശ്ചിമബംഗാളില്‍ മൂന്നര പതിറ്റാണ്ട ഭരണത്തിലിരുന്ന സി.പി.എമ്മിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല.

തമിഴ്‌നാട്ടില്‍ ആറ് സീറ്റിലാണ് സി.പി.എം. മല്‍സരിച്ചത്. ഇതില്‍ നാഗപട്ടണം ജില്ലയിലെ കീഴ് വേളൂരിലും ഗന്ധര്‍വ്വക്കോട്ടയിലുമാണ് സി.പി.എം. ജയിച്ചത്. കീഴ് വേളൂരില്‍ പട്ടാളി മക്കള്‍ കച്ചിയെയും ഗന്ധര്‍വ്വക്കോട്ടയില്‍ അണ്ണാ ഡി.എം.കെ.യെയും ആണ് പരാജയപ്പെടുത്തിയത്. തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ സഖ്യകക്ഷിയാണ് സി.പി.എമ്മും സി.പി.ഐ.യും. രണ്ട് സീറ്റില്‍ സി.പി.ഐ.യും വിജയിച്ചിട്ടുണ്ട്.

thepoliticaleditor

ആസ്സാമില്‍ ബി.ജെ.പി.യുടെ സീറ്റാണ് സി.പി.എം. പിടിച്ചെടുത്തത് എന്നത് ശ്രദ്ധേയമാണ്. സര്‍ഭോഗ് മണ്ഡലത്തില്‍ 22,525 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മനോരഞ്ജന്‍ താലൂക്ക്ദാര്‍ സീറ്റ് പിടിച്ചെടുത്തത്. ചായത്തോട്ടം തൊഴിലാളികളുടെ ശക്തികേന്ദ്രമാണ് സര്‍ഭോഗ്. തോട്ടം തൊഴില്‍ മേഖലയിലാണ് ഇവിടെ സി.പി.എമ്മിന് സ്വാധീനം ഏറെയുള്ളത്.

ബംഗാളില്‍ ഇത്തവണ ഇടതുപാര്‍ടികള്‍ 101 സീറ്റുകളിലും കോണ്‍ഗ്രസ് 92 സീറ്റുകളിലും മല്‍സരിച്ചിരുന്നു. 2016-ലെ തിരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ തന്നെ ഇടതുപക്ഷം 33 സീറ്റിലും കോണ്‍ഗ്രസ് 44 സീറ്റിലും ജയിച്ചിരുന്നതാണ്. ഇത്തവണ തൃണമൂല്‍-ബി.ജെ.പി. യുദ്ധത്തില്‍ മറ്റെല്ലാ കക്ഷികളും ഇല്ലാതായി എന്നതാണ് വാസ്തവം.

കോണ്‍ഗ്രസുമായി ഇത്തവണ തിരഞ്ഞെടുപ്പു സഖ്യമായിട്ടും അബ്ബാസ് സിദ്ദിഖിയുടെ പാര്‍ടിയുമായി കൈകോര്‍ത്തിട്ടും ഒരു സീറ്റിലും ജയിക്കാന്‍ കോണ്‍ഗ്രസിനോ സി.പി.എമ്മിനോ കഴിഞ്ഞില്ല എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതവും അതേസമയം ദൗര്‍ബല്യവുമായി തീരുന്നുണ്ട്. തൃണമൂല്‍-ബി.ജെ.പി. യുദ്ധത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും എല്ലാം അപ്രസക്തമാകുകയായിരുന്നു.

ജെ.എന്‍.യു. സമര നായിക ഐഷി ഘോഷ് ഉള്‍പ്പെടെ മല്‍സരിച്ചിട്ടും അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ പാര്‍ടി എന്ന സംഘടനയുമായി സഖ്യമുണ്ടാക്കി നീങ്ങിയിട്ടും സി.പി.എമ്മിന് സീറ്റൊന്നും നേടാനാവാഞ്ഞത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയില്‍ ലക്ഷങ്ങള്‍ അണിനിരന്നത് ഇടതുകേന്ദ്രങ്ങളില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. എന്നാല്‍ റാലിക്ക് വരുന്ന ലക്ഷങ്ങള്‍ വോട്ടായി മാറുന്നില്ല എന്ന യാഥാര്‍ഥ്യം സി..പി.എമ്മിനെ അങ്കലാപ്പിലാക്കുന്നുണ്ടിപ്പോള്‍.

പോണ്ടിച്ചേരിയിലും സി.പി.എമ്മിന് സീറ്റൊന്നും ഇല്ല. അവിടെ അണ്ണാ ഡി.എം.കെ.ക്കും സീറ്റ് കിട്ടിയിട്ടില്ല. എന്‍.ആര്‍. കോണ്‍ഗ്രസ്-ബി.ജെ.പി. സഖ്യവും കോണ്‍ഗ്രസ് ഡി.എം.കെ.സഖ്യവും തമ്മിലായിലായിരുന്നു പോരാട്ടം മുഴുവന്‍.

Spread the love
English Summary: cpm gets only three seats outside states in recent election

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick