Categories
kerala

നന്ദു മഹാദേവ വിട വാങ്ങി, അതിജീവിക്കാൻ ഒരു പാട് പേർക്ക് കരുത്തേകിയ ശേഷം….

കാന്‍സര്‍ബാധിതരായ, അവരുടെ ആശ്രിതരായ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അതിജീവനത്തിന്റെ പ്രതീക്ഷാകിരണങ്ങള്‍ സമ്മാനിച്ച ആ നക്ഷത്രം കൊഴിഞ്ഞു. ശ്വാസകോശാര്‍ബുദം ഉള്ളില്‍ കാര്‍ന്നു തിന്നുമ്പോഴും അതിജീവനം എന്ന കൂട്ടായ്മയുണ്ടാക്കി അര്‍ബുദത്തോട് പോരാടാന്‍ ഒട്ടേറെ രോഗികള്‍ക്ക് പ്രചോദനം നല്‍കിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ തന്റെ 26-ാം വയസ്സില്‍ കീഴടങ്ങി. ശനിയാഴ്ച കോഴിക്കോട്ടെ എം.വി.ആര്‍.കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു എല്ലാവരെയും കണ്ണീരിലാഴ്ത്തിയ വേര്‍പാട്.

സാമൂഹ്യമാധ്യമങ്ങളില്‍ താരമായിരുന്നു തന്റെ അതിജീവന സന്ദേശത്തിലൂടെ നന്ദു. ഒരിക്കലും കീഴടങ്ങരുത്, നിരാശരാവരുത്, പ്രതീക്ഷ കൈവിടരുത്….എന്ന് നന്ദു കാന്‍സര്‍ബാധിതരെ ഒപ്പം ചേര്‍ത്തുനിര്‍ത്തി പറഞ്ഞുകൊണ്ടിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് നന്ദുവിന് കാന്‍സര്‍ കണ്ടെത്തിയത്. ബിരുദപഠനം കഴിഞ്ഞു നില്‍ക്കുന്ന കാലത്തേ കടന്നുവന്ന രോഗത്തിന്റെ വിത്തുകള്‍ ആദ്യം അവനെ തളര്‍ത്തി. പക്ഷേ നന്ദു തീരുമാനിച്ചത് പോരാടാനായിരുന്നു. അടുത്ത കാലത്ത് ഇടത്തെ കാലിലെ അസ്ഥിയിലും കാന്‍സര്‍ ബാധിച്ചതായി തിരിച്ചറിഞ്ഞു.

thepoliticaleditor

പക്ഷേ നന്ദു ഫേസ് ബുക്കില്‍ കുറിച്ചു–എനിക്ക് കാന്‍സറാണ്. ഇതിനെ ഞാന്‍ ഭീകരരോഗമായി കണക്കാക്കില്ല. ഒരു ജലദോഷം പോലെ ഞാനിതിനെ ചികില്‍സിക്കും.
ലക്ഷത്തിലേറെ പേര്‍ നന്ദുവിന് ലൈക്ക് ചെയ്തു. ഒട്ടേറെ പേര്‍ പിന്നീട് നന്ദുവിനോട് സ്വന്തം രോഗനിലയെപ്പറ്റി പരസ്യമായി പറയരുതെന്ന് നിരുല്‍സാഹപ്പെടുത്തിയെങ്കിലും അവന്‍ എല്ലാം തുറന്നു പറഞ്ഞു. നിരാശയില്‍ കീഴടങ്ങാതെ ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമായി.
ചികില്‍സ ആരംഭിച്ച ശേഷവും കാലിലെ വേദന കൂടിയപ്പോള്‍ ഒടുവില്‍ കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു. നന്ദു പതറിയില്ല. അതിജീവനം എന്ന പേരില്‍ ഒരു കൂട്ടായ്മ തുടങ്ങിയ നന്ദുവിന് യു-ട്യൂബില്‍ ലക്ഷങ്ങള്‍ കാഴ്ചക്കാരായി എത്തി. നന്ദുവിന്റെ എല്ലാ വിഡീയോയും വൈറലായി. നന്ദു തുടങ്ങിയ പത്ത് വര്‍ഷ ചാലഞ്ച്, കാന്‍സര്‍ ചാലഞ്ച് എന്നിവ സാമൂഹ്യ മാധ്യമങ്ങളില്‍ പോപ്പുലറായി. ഒട്ടേറെ പേര്‍ ഈ ചാലഞ്ചില്‍ അണിചേര്‍ന്നു.
അച്ഛന്‍ ഹരിയും അമ്മ ലേഖയും സഹോദരങ്ങള്‍ അനന്ദുവും സായ്കൃഷ്ണയും മാത്രമല്ല നന്ദുവിന്റെ വേര്‍പാടില്‍ കണ്ണു നിറയുന്നത് ആ പോരാളിയെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്‍തുടര്‍ന്ന ലക്ഷക്കണക്കിന് പേര്‍ കൂടിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രമുഖ വ്യക്തികള്‍ നന്ദുവിന്റെ വേര്‍പാടില്‍ അനുശോചിച്ചു.

Spread the love
English Summary: cancer fighter nandu mahadeva sccumbed to illness

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick