Categories
alert

കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ്…കൊവിഡാനന്തരം മാരകമായി മാറുന്ന രോഗം… ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് കേസുകള്‍…ഒഡിഷയില്‍ പ്രത്യേക മെഡിക്കല്‍ നീരീക്ഷണ സമിതി

കൊവിഡ് രോഗികള്‍ക്ക് പുതിയ ഭീഷണിയായി ബ്ലാക് ഫംഗസ് എന്ന അണുബാധ പല സംസ്ഥാനങ്ങളിലും വ്യാപിക്കുന്നു. മ്യൂകോര്‍മൈകോസിസ് എന്ന ഈ അണുബാധ കൊവിഡ് നെഗറ്റീവ് ആയവരില്‍ ജീവന് തന്നെ ഭീഷണിയായി മാറുന്നു എന്നതാണ് വൈദ്യശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ഡെല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ഈ അണുബാധാ കേസുകള്‍ വര്‍ധിച്ചു വരുന്നതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റസര്‍ച്ചിലെ ശാസ്ത്രജ്ഞ അപര്‍ണ മുഖര്‍ജി പറയുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ 100 ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലാവട്ടെ, ആയിരം കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.

ബ്ലാക് ഫംഗസ് അണുബാധയുടെ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ അവഗണിക്കാവുന്നത്ര നിസ്സാരമെന്നു തോന്നുമെങ്കിലും പിന്നീട് മാരകമായിത്തീരുമെന്നാണ് കണ്ടെത്തല്‍. രോഗം ക്രമമായി ഗുരുതരമാകുകയും രക്തധമനികളെയും കോശങ്ങളെയും ആക്രമിച്ച് നശിപ്പിക്കും. അവ കരുവാളിക്കും. ഇതു കൊണ്ടാണ് ബ്ലാക്ക് ഫംഗസ് എന്ന് രോഗത്തിന് പേര്. രണ്ടു മൂന്നു ദിവസത്തിനകം കണ്ണുകളിലേക്കും താടിയെല്ലിലേക്കും പടരും. തലച്ചോറിലേക്ക് പടരാതിരിക്കണമെങ്കില്‍ അണുബാധയേറ്റ കണ്ണോ കവിളെല്ലോ നീക്കം ചെയ്യേണ്ടി വരും. തലച്ചോറിനെ ബാധിച്ചാലാണ് രോഗം മാരകമായിത്തീരുക. അഹമ്മദാബാദില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസില്‍ സംഭവിച്ചത് ഇതാണ്–35 വയസ്സുള്ള കൊവിഡ് രോഗി നെഗറ്റീവായതിനു ശേഷം കഠിനമായ തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. വലുത വശത്തെ കണ്ണിനും വേദന വന്നു. കാഴ്ച മങ്ങി. കവിളുകളില്‍ വേദന തുടങ്ങി. മൂക്കിനു കണ്ണിനുമിടയില്‍ കറുത്ത നിറം വ്യാപിച്ചതായി എന്‍ഡോസ്‌കോപ്പിയില്‍ തെളിഞ്ഞു. അത് മ്യൂകോര്‍മൈകോസിസ് എന്ന അണുബാധ ആയിരുന്നു.
ബ്ലാക്ക് ഫംഗസ് യഥാര്‍ഥത്തില്‍ പുതിയ രോഗമല്ല എന്ന് വൈദ്യശാസ്ത്രം പറയുന്നു. ഈ ഫംഗസ് ആരോഗ്യമുള്ളവരില്‍ ബാധിക്കുന്നില്ല. അവരെ സംബന്ധിച്ച് ഒരു പ്രശ്‌നവും ഉണ്ടാവില്ല. അവസരമുണ്ടായാല്‍ മാത്രം ബാധിക്കുന്ന ഫംഗസാണ് ഇത്. ദീര്‍ഘകാലമുള്ള ആശുപത്രിവാസം, അവയവമാറ്റം നടത്തിയ ശേഷമുള്ള ശാരീരികാവസ്ഥ, ദുര്‍ബലമായ പ്രതിരോധ ശേഷി തുടങ്ങിയവയാണ് ബ്ലാക് ഫംഗസ് കടന്നു കയറാനുള്ള സാഹചര്യങ്ങള്‍.
കൊവിഡാനന്തര മരണങ്ങളില്‍ പലതും ബ്ലാക് ഫംഗസിന്റെ ആക്രമണം മൂലം ഉണ്ടായതാവാമെന്ന നിഗമനവും ഉണ്ട്. ഇതിന് കൃത്യമായ മരുന്ന് കണ്ടെത്തിയിട്ടില്ല എന്ന പ്രശ്‌നവും ആശങ്ക ഉണര്‍ത്തുന്നു. രോഗബാധയുള്ള ഇടം കണ്ടെത്തി അവിടുത്തെ കോശങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യുക എന്നതാണ് ആകെയുള്ള പ്രതിവിധി. അതിനുശേഷം ആന്റിഫംഗല്‍ കുത്തിവെപ്പുകളും നടത്തുക. മുംബൈയിലെ പൊതുആരോഗ്യകേന്ദ്രങ്ങളില്‍ ഇത്തരം കുത്തിവെപ്പുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. കൃത്യസമയത്ത് തിരിച്ചറിഞ്ഞുള്ള ഇടപെടല്‍ മാത്രമാണ് ബ്ലാക്ഫംഗസില്‍ നിന്നും ജീവന്‍ രക്ഷിക്കാനുള്ള വഴി. ദുര്‍ബലമായ ശരീരത്തില്‍ ഈ അണുബാധ മാരകമായിത്തീരും എന്നാണ് വൈദ്യശാസ്ത്രം നല്‍കുന്ന മുന്നറിയിപ്പ്.

thepoliticaleditor
Spread the love
English Summary: black fungus creats a new threat in post covid immune system

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick