Categories
kerala

മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വിക്കു പിന്നില്‍ എസ്.എന്‍.ഡി.പി. യുടെ വിരോധവും?

മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയില്‍ തോറ്റതിനു പിന്നിലെ മാജിക് എന്താണെന്ന് രാഷ്ട്രീയകേരളം ചോദിക്കുമ്പോള്‍ ചില സംശയങ്ങള്‍ ചെന്നു കൊള്ളുന്നത് എസ്.എന്‍.ഡി.പി.യിലേക്കും ബി.ഡി.ജെ.എസിലേക്കും ആണ്.

ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍ നീക്കം വഴി കടലോരത്തുണ്ടായ അസ്വസ്ഥതയുടെ ഫലമാണ് മേഴ്‌സിക്കുട്ടിയമ്മയുടെ പരാജയം എന്നാണ് ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നതെങ്കിലും കാരണം അതല്ലെന്ന് കുണ്ടറക്കാര്‍ വിശ്വസിക്കുന്നു. കാരണം കുണ്ടറ ഒരു കടലോര മണ്ഡലമല്ല. അവിടെ മല്‍സ്യമേഖലയിലുള്ള വിഷയങ്ങള്‍ തിരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിക്കുന്ന വിധമുള്ള മല്‍സ്യത്തൊഴിലാളികളുടെ സ്വാധീനപ്രദേശമല്ല ഈ മണ്ഡലം. മാത്രമല്ല കേരളത്തില്‍ ആലപ്പുഴ, തൃശ്ശൂര്‍, ഏറണാകുളം തുടങ്ങിയ ജില്ലകളിലെ കടലോര മണ്ഡലങ്ങളില്‍ പോലും ആഴക്കടല്‍ മീന്‍പിടുത്തക്കരാര്‍ ഇടതുമുന്നണിക്കെതിരായ വന്‍ ഭൂചലനം ഉണ്ടാക്കിയതിന് തെളിവില്ല. അതേസമയം കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ അത് പ്രവര്‍ത്തിച്ചു എന്ന് ഊഹിക്കുന്നത് അടിസ്ഥാനരഹിതമാണ്.
മേഴ്‌സിക്കുട്ടിയമ്മയുടെ ഭൂരിപക്ഷം 2016-ല്‍ 30,460 ആയിരുന്നെങ്കിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ യു.ഡി.എഫിനായിരുന്നു ലീഡ്–24,309. എന്നാല്‍ 2020-ലെ തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ വീണ്ടും കുണ്ടറ മണ്ഡലത്തില്‍ മൊത്തമായി എടുത്താല്‍ ഇടതുമുന്നണിക്ക് 12,503 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നു. ഇതാണ് ഏതാനും മാസം കഴിഞ്ഞു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുകയും പി.സി.വിഷ്ണുനാഥിന് 4,454 വോട്ടിന്റെ ലീഡ് നല്‍കുകയും ചെയ്തത്. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ഇവിടെ മല്‍സരിച്ചത് ബി.ഡി.ജെ.എസ്-ലെ വനജ വിദ്യാധരന്‍ ആയിരുന്നു. അവര്‍ക്ക് കിട്ടിയത് വെറും 6,097 വോട്ടുകള്‍ മാത്രമാണ്. എന്‍.ഡി.എ. വോട്ടുകള്‍ പി.സി.വിഷ്ണുനാഥിന് പോയിട്ടുണ്ടെന്നാണ് മണ്ഡലത്തിലെ വിലയിരുത്തല്‍.
ഇതിനു പുറമേയാണ് മറ്റ് ചില സൂചനകള്‍ പുറത്തു വരുന്നത്. ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു കുണ്ടറയില്‍ നേരത്തെ എന്‍.ഡി.എ.യുടെ ഭാഗമായി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ബി.ഡി.ജെ.എസ്. ഈ സീറ്റ് ചോദിച്ചു വാങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മല്‍സരിക്കുക എന്ന ഉദ്ദേശ്യം ഇതിനു പിന്നിലുണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇത്തരം ഒരു എതിര്‍പ്പ് മേഴ്‌സിക്കുട്ടിയമ്മയോട് എസ്.എ്ന്‍.ഡി.പി. നേതൃത്വത്തിന് ഉണ്ടായിരുന്നു എന്നതിന്റെ പ്രത്യക്ഷ സൂചനയാണ് വെള്ളാപ്പള്ളി നടേശന്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മേഴ്‌സിക്കുട്ടിയമ്മ മേഴ്‌സി(ദയ) ഇല്ലാത്ത ആളാണെന്നും തോല്‍വി അവര്‍ അര്‍ഹിക്കുന്നതാണ് എന്നുമുള്ള പ്രസ്താവന. വെള്ളാപ്പള്ളിയുടെ പ്രസ്താവന കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയെ തോല്‍പിക്കാന്‍ ചില അടിയൊഴുക്കുകള്‍ പ്രവര്‍ത്തച്ചതിന്റെ സൂചനയായിട്ടാണ് മണ്ഡലത്തിലെ ഇടതനുഭാവികള്‍ കാണുന്നത്. ബി.ജെ.പി.യുമായി മറ്റൊരു മണ്ഡലം വെച്ചു മാറി കുണ്ടറയില്‍ ബി.ഡി.ജെ.എസ്. മല്‍സരിക്കാന്‍ താല്‍പര്യം കാണിച്ചു എന്നതും വെള്ളാപ്പള്ളിയുടെ കമന്റും കുണ്ടറയിലെ മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വിയും തമ്മില്‍ ചില അന്തര്‍ബന്ധങ്ങളുണ്ട് എന്ന് മണ്ഡലത്തിലെ ഇടതു പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ വരും നാളുകളില്‍ വെളിപ്പെടുമെന്നും ്അവര്‍ കരുതുന്നു.

thepoliticaleditor
Spread the love
English Summary: conspiracy behind the defeat of mercykutty amma

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick