Categories
kerala

ലക്ഷദ്വീപിന്റെ ജനജീവിതം നശിപ്പിക്കുന്നു–ദ്വീപ് എം.പി. മുഹമ്മദ് ഫൈസല്‍

ലക്ഷദ്വീപിനെ വികസിപ്പിക്കാനെന്ന പേരില്‍ അവിടുത്തെ ജനങ്ങളുടെ സ്വാഭാവിക ജീവിതരീതിയും സൗകര്യങ്ങളും നശിപ്പിക്കുകയും വികലമാക്കുകയും ചെയ്യുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ എന്ന് ലക്ഷദ്വീപിന്റെ പാര്‍ലമെന്റ് അംഗം മുഹമ്മദ് ഫൈസല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഗുജറാത്തിലെ മുന്‍ എം.എല്‍.എ.യായ പട്ടേല്‍ ഇവിടെ ജനാധിപത്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കയാണെന്ന് ഫൈസല്‍ അഭിപ്രായപ്പെട്ടു.
കൊവിഡിന്റെ ആദ്യഘട്ടത്തില്‍ ലക്ഷദ്വീപ് സമൂഹങ്ങളില്‍ എവിടെയും കേസുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും ഗ്രീന്‍ സോണില്‍ ആയിരുന്നു. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെയും ജനപ്രതിനിധികളുടെയും കൂട്ടായ ശ്രമം കൊണ്ടായിരുന്നു ഇത്-ഫൈസല്‍ പറയുന്നു. ലക്ഷദ്വീപില്‍ ആര്‍ക്കെങ്കിലും വരണമെങ്കില്‍ അവര്‍ ഏഴ് ദിവസം കൊച്ചിയില്‍ ക്വാറന്റൈന്‍ ഇരിക്കണം, ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റില്‍ നെഗറ്റീവ് ആകുകയും വേണം. ഇവിടെ എത്തിയാലും ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഇതാണ് വൈറസ് വ്യാപിക്കുന്നത് തടഞ്ഞത്. കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററും ജനകീയ സമിതികളും ശ്രദ്ധ ചെലുത്തി.
ദിനേശ്വര്‍ ശര്‍മ്മയുടെ മരണത്തിനു ശേഷം പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നതോടെ കൊവിഡ് മാനദണ്ഡത്തില്‍ ഇളവു വരുത്തിയതാണ് ആദ്യത്തെ വിനയായത്. ഇളവു നല്‍കരുതെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇന്ന് ലക്ഷദ്വീപ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശമാണ്.–എം.പി. പറഞ്ഞു.
ദ്വീപിലെ ജനജീവിതത്തെ പിടിച്ചുലയ്ക്കുന്ന തീരുമാനങ്ങളാണ് പിന്നീട് എടുക്കപ്പെട്ടത്. ലക്ഷദീപ് ആനിമല്‍ പ്രിസര്‍വേഷന്‍ റെഗുലേഷന്‍ ആക്ട്-2021 പ്രാബല്യത്തിലാക്കുകയും പശു, കാള ഇവയെ കൊല്ലുന്നത് നിരോധിക്കുകയും ചെയ്തു. ദ്വീപിലുള്ളവരുടെ ഭക്ഷണത്തിലെ പ്രധാന ഘടകമാണ് മാംസവും മീനും. എത്രയോ ദശാബ്ദങ്ങളായി മദ്യനിരോധന മേഖലയായി നിലനില്‍ക്കുന്ന ഇവിടെ ടൂറിസത്തിന്റെ പേരില്‍ മദ്യം നിയമവിധേയമാക്കാന്‍ തീരുമാനിച്ചു. ദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനു മേലുള്ള വലിയ അതിക്രമമായി മാറി ഇത്–ഫൈസല്‍ പറയുന്നു.

പ്രഫുല്‍ പട്ടേല്‍ പി്ന്നീട് ഭൂമിയുടെ മേലാണ് കൈവെച്ചത്. ലക്ഷദ്വീപ് ഡെവലപ്‌മെന്‍ര് അഥോറിറ്റി റെഗുലേഷന്‍ 2021 എന്ന പേരില്‍ നിയമം ഉണ്ടാക്കി. ആരുടെ ഭൂമിയും സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന അവസ്ഥ വന്നു. വികസന ആവശ്യത്തിനെന്ന പേരില്‍ സാധാരണക്കാരുടെ തുണ്ടുഭൂമി നഷ്ടപ്പെടുമെന്ന ആശങ്ക വളര്‍ത്തി. അക്രമസംഭവങ്ങള്‍ കാര്യമായി ഇല്ലാത്ത ദ്വീപില്‍ ആന്റി ഗുണ്ടാ നിയമം പാസ്സാക്കി നടപ്പിലാക്കി. ഇത് സാധാരണക്കാരെ പോലും ഭയചകിതരാക്കി.
ദ്വീപുകളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ജനപ്രതിനിധി സഭകളും ദ്വീപ് പഞ്ചായത്തുകളും ഉണ്ട്. പാര്‍ലമെന്റ് അംഗം ഉണ്ട്. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഒരാളുടെ പോലും അഭിപ്രായം ആരായാതെ ഏകപക്ഷീയമായാണ് എല്ലാ തീരുമാനവും എടുത്തതും നടപ്പാക്കാന്‍ ശ്രമിക്കുന്നതും. ഇതിനെ കൂട്ടായ എതിര്‍ക്കും. പട്ടേലിനെ സ്ഥാനത്തു നിന്നും മാറ്റുന്നതു വരെ സമ്മര്‍ദ്ദം തുടരും–ലക്ഷദ്വീപ് എം.പി. തുടര്‍ന്നു. കേരളത്തിലെ ഉള്‍പ്പെടെ ജനകീയ നേതാക്കളുമായി ചേര്‍ന്ന് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

thepoliticaleditor
Spread the love
English Summary: administrator destroying the democratic system of lakshadweep says lakshadweep parliament member

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick