Categories
exclusive

കേരളത്തിന്റെ പിറവിക്കൊപ്പം ചരിത്രമായി നിറഞ്ഞ ജീവിതം

കേരളത്തിന്റെ പിറവിക്കൊപ്പം ചരിത്രമായി നിറഞ്ഞ ജീവിതം– കെ.ആര്‍.ഗൗരി എന്ന നാലക്ഷരം കേരളീയര്‍ക്ക് അപൂര്‍വ്വമാകുന്നത് ഇങ്ങനെയാണ്. കേരള സംസ്ഥാനം പിറന്നതിനു ശേഷം ആദ്യമായി ഇവിടെ ഉണ്ടായ മന്ത്രിസഭയില്‍ അംഗമായ, ഏഴ് പതിറ്റാണ്ടിനിപ്പുറവും ജീവിച്ചിരുന്ന ഏക വ്യക്തിയുടെ തിരോധാനമാണ് ഗൗരിയമ്മയുടെ വേര്‍പാടിലൂടെ മലയാളി അനുഭവിക്കുന്നത്.
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തിനൊപ്പം മുദ്രിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടെത്. ചരിത്രത്തിന്റെ സ്രഷ്ടാവും സാക്ഷിയും. ആദ്യ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായിരുന്നു കെ.ആര്‍.ഗൗരി. അതനു പിറകിലോട്ട് ചരിത്രത്തെ നീക്കിയാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാള്‍. ഈഴവ സമുദായത്തില്‍ നിന്നും ആദ്യമായി നിയമബിരുദം നേടിയ വനിത.

1957-നു ശേഷം 67,80,87 എന്നീ വര്‍ഷങ്ങളിലെ ഇടതുപക്ഷ മന്ത്രിസഭയിലും 2001,2006 വര്‍ഷങ്ങളിലെ ഐക്യജനാധിപത്യമുന്നണി മന്ത്രിസഭയിലും അംഗമായിരുന്ന അപൂര്‍വ്വ ബഹുമതിക്ക് ഉടമ. കേരള നിയമസഭയില്‍ ഏറ്റവും അധികം കാലം എം.എല്‍.എ.ആയിരുന്ന രണ്ടു പേരില്‍ ഒരാള്‍. ഒരു നൂറ്റാണ്ടു പിന്നിട്ട രാഷ്ട്രീയ സജീവത. 102 വയസ്സിലും അടിമുടി ഉണര്‍ന്നിരിക്കുന്ന രാഷ്ട്രീയത്തിന്റെ ആള്‍രൂപം. രാഷ്ട്രീയം ഭക്ഷിക്കുകയും ശ്വസിക്കുകയും ചെയ്യുന്ന, എല്ലാക്കാലത്തെയും പൊതുപ്രവര്‍ത്തകര്‍ക്ക് ഉല്‍സാഹവും പ്രചോദനവും നല്‍കുന്ന വ്യക്തിത്വം.

കേരളത്തിലെ ആദ്യ മന്ത്രിസഭ

കേരളത്തിന്റെ വിപ്ലവഭൂമികളില്‍ ഒന്നായ ആലപ്പുഴയിലെ ചേര്‍ത്തല താലൂക്കില്‍ പട്ടണക്കാട് എന്ന ഗ്രാമത്തിലാണ് ഗൗരി ജനിച്ചത്. ആറുമുറിപ്പറമ്പില്‍ പാര്‍വ്വതി അമ്മയുടെയും കളത്തില്‍പറമ്പില്‍ രാമന്റെയും ഏഴാമത്തെ സന്താനം. യാഥാസ്ഥിതിക ഈഴവ കുടുംബം. തുറവൂര്‍ ചേര്‍്ത്തല സ്‌കൂളുകളിലും മഹാരാജാസ് കോളേജിലും തിരുവനന്തപുരം ഗവ. ലോ കോളേജിലും പഠനം. പിതാവായിരുന്നു ഗൗരിയിലെ പൊതുപ്രവര്‍ത്തകയ്ക്ക് പ്രചോദനമായിത്തീര്‍ന്നത്. 132 ഏക്കര്‍ ഭൂമി സര്‍ക്കാരിന് അന്ന് ദാനം ചെയ്ത മഹാമനസ്‌കനായിരുന്നു ഗൗരിയുടെ അച്ഛന്‍.
സഹോദരനും ട്രേഡ് യൂണിയന്‍ നേതാവുമായ കെ.ആര്‍. സുകുമാരന്റെ പ്രോല്‍സാഹനത്തിലൂടെയാണ് ഗൗരി രാഷ്ട്രീയത്തിലേക്ക് പിച്ച വെക്കുന്നത്. അന്ന് സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുക എന്ന പതിവേ ഇല്ലാതിരുന്ന കാലം.

തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലായിരുന്നു ഗൗരിയുടെ പാര്‍ലമെന്റി പ്രവര്‍ത്തനത്തിന്റെ ഹരിശ്രീ. 1952 മുതല്‍ 54 വരെ അതില്‍ അംഗമായിരുന്നു. പിന്നീട് ഐക്യകേരളം രൂപം കൊണ്ട് നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 1957-ല്‍ കേരള നിയമസഭയിലേക്ക്. ആദ്യ മന്ത്രിസഭയിലെ വനിതാംഗം. വിപ്ലവസമരനായികയുടെ മന്ത്രിപദം. ഉന്നത കമ്മ്യൂണിസ്ററ് നേതാവ് ടി വി തോമസുമായുള്ള പ്രണയവും വിവാഹവും പിന്നീട് അതിലെ ഇടർച്ചയും..964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സി.പി.എമ്മില്‍ ചേര്‍ന്നു, ഭര്‍ത്താവ് ടി.വി.തോമസ് സി.പി.ഐയില്‍ തന്നെ നിന്നു.

പരസ്പരം പോരടിക്കുന്ന പാര്‍ടികളായി രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ടികളും മാറിയെങ്കിലും ഭാര്യാഭര്‍ത്താക്കന്‍മാര്‍ ദാമ്പത്യത്തില്‍ ഒന്നിച്ചും രാഷ്ട്രീയത്തില്‍ വ്യത്യസ്ത ധാരയിലുമായി മുന്നോട്ടു നീങ്ങി. എന്നാല്‍ അത് അധിക കാലം നീണ്ടു നിന്നില്ല. 1965-ല്‍ അവരുടെ ദാമ്പത്യത്തില്‍ വിള്ളല്‍ വീണു. ഗൗരിയമ്മയും തോമസും വേര്‍പെടാന്‍ തീരുമാനിച്ചു. രാഷ്ട്രീയ ആശയപരമായ ഭിന്നത തന്നെയായിരുന്നു അവരുടെ ദാമ്പത്യത്തെയും ഉലച്ചത്. പക്ഷേ ദമ്പതികള്‍ എന്ന നിലയില്‍ പിരിഞ്ഞെങ്കിലും അവര്‍ ഒരു വീട്ടില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചു. 1967-ലെ ഐക്യമുന്നണി മന്ത്രിസഭയില്‍ ഇരുവരും മന്ത്രിമാരായി–രണ്ട് പാര്‍ടികളുടെ പ്രതിനിധികളായിത്തന്നെ!! കാന്‍സര്‍ ബാധിതനായി ടി.വി.തോമസ് 1977-ല്‍ അന്തരിച്ചു, തന്റെ 67-ാമത്തെ വയസ്സിലായിരുന്നു അന്ത്യം.

1960, 67,70,82,87,91,2001 വര്‍ഷങ്ങളില്‍ വിവിധ മന്ത്രിസഭകളിലൂടെ സംസ്ഥാന മന്ത്രിയായി മാറിയ അപൂര്‍വ്വ വനിത. കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളും ഭരിച്ചു.

1996-ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മുഖ്യമന്ത്രിപദവി. തുടര്‍ന്ന് സി.പി.എമ്മുമായുള്ള അകല്‍ച്ച.

1994-ല്‍ ഗൗരിയമ്മയെ സി.പി.എം. പുറത്താക്കി. എന്നാല്‍ രാഷ്ട്രീയ വനവാസത്തിന് ആ ഉരുക്കു വനിത തയ്യാറായിരുന്നില്ല. അവര്‍ ജനാധിപത്യ സംരക്ഷണസമിതി എന്ന പാര്‍ടി ഉണ്ടാക്കി. ജെ.എസ്.എസ്. എന്ന് ചുരുക്കപ്പേര്. ഗൗരി ‘അമ്മ പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയി.

തന്റെ സംഘടനയെ ഐക്യജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാക്കി സജീവമായ മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ഗൗരിയമ്മയ്ക്ക് സാധിച്ചു. സി.പി.എ്മ്മിനെതിരായ യുദ്ധത്തില്‍ അവര്‍ വീണ്ടും ജയിക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. എം.വി.രാഘവനെ പോലെ കോണ്‍ഗ്രസിന്റെ മുന്നണിയില്‍ മന്ത്രിയായി രാഷ്ട്രീയത്തിന്റെ ഉപരിതലത്തില്‍ തന്നെ നിന്ന ചങ്കൂറ്റം.

2001-ലെ തിരഞ്ഞെടുപ്പില്‍ അവര്‍ ജയിച്ച് എ.കെ.ആന്‍ണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി തന്നെ അസ്തമിപ്പിക്കാന്‍ നോക്കിയ സി.പി.എമ്മിനോട് മധുരമായി പകരം വീട്ടി. ആന്റണി മന്ത്രിസഭ ഇടയ്ക്ക് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലേക്ക് ചുവടുമാറ്റം നടത്തിയപ്പോഴും ഗൗരിയമ്മയ്ക്ക് മന്ത്രിപദം നഷ്ടപ്പെട്ടില്ല. 2006-ല്‍ മന്ത്രിസഭാ കാലാവധി അവസാനിക്കും വരെയും അവര്‍ മന്ത്രിപദവിയില്‍ തുടര്‍ന്നു.

കോണ്‍ഗ്രസ് മുന്നണിയില്‍ ആദ്യകാലത്തുണ്ടായിരുന്ന പരിഗണന പിന്നീട് ഗൗരിയമ്മയ്ക്ക് കിട്ടിയില്ല. ഏറെക്കാലം അരൂരിന്റെ ജനപ്രതിനിധിയായിരുന്ന അവര്‍ ഏറ്റവും ഒടുവില്‍ താന്‍ ആദ്യം ജനപ്രതിനിധിയായ ചേര്‍ത്തലയില്‍ മല്‍സരിച്ചെങ്കിലും സി.പി.എം സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. ഇതോടെ ഗൗരിയമ്മയുടെ പാര്‍ലമെന്ററി ജീവിതത്തിനും തിരശ്ശീല വീണു. ക്രമേണ അവര്‍ യു.ഡി.എഫുമായി അകന്നു. 2016-ല്‍ ഗൗരിയമ്മ യു.ഡി.എഫ്. വിട്ടു പുറത്തു വന്നു. എന്നാല്‍ മറ്റൊരിടത്തേക്കും പോകാതെ സ്വതന്ത്രമായി നില്‍ക്കാനായിരുന്നു തീരുമാനം.

ക്രമേണ അവര്‍ ഇടതുപക്ഷത്തോട് അടുത്തുവെങ്കിലും ഗൗരിയമ്മയെ മുന്നണിയിലേക്ക് സ്വീകരിക്കാന്‍ ആവേശമൊന്നും സി.പി.എം.കാണിച്ചില്ല. ഗൗരിയമ്മ മനസ്സില്‍ അത് ആഗ്രഹിച്ചിരുന്നുവോ എന്ന് അറിഞ്ഞുകൂടെങ്കിലും ഇടതുമുന്നണി പരസ്യമായി അത്തരം ഒരു താല്‍പര്യം എടുത്തില്ല.

ഗൗരിയമ്മയുടെ ഉളളിലുള്ള കമ്മ്യൂണിസ്റ്റ് വീര്യം സി.പി.എമ്മിന് തന്നെയും ആദരവുളവാക്കുന്നതായിരുന്നു. അത് പ്രകടമാക്കുന്ന സൗഹൃദമായിരുന്നു സി.പി.എം.നേതാക്കള്‍ അവസാനകാലങ്ങളില്‍ ഗൗരിയമ്മയോട് കാണിച്ചിരുന്നത്. ഇപ്പോള്‍ എല്ലാവരുടെയും കമ്മ്യൂണിസ്റ്റുകാരിയായിത്തന്നെ സംഭവ ബഹുലമായ ആ ജീവിതത്തിന് പൂര്‍ണവിരാമം. കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ 2010-ൽ ‘ആത്മകഥ–കെ.ആർ. ഗൗരിയമ്മ” എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.

കരുത്തയായ സ്ത്രീ എന്നൊക്കെയുള്ള വിശേഷണം ഗൗരിയമ്മയെ സംബന്ധിച്ച് എത്രയോ ചെറുതാണ്. ഒരര്‍ഥത്തില്‍ അവരെ വിശേഷിപ്പിക്കാന്‍ തക്ക ഒരു വാക്കിനു വേണ്ടി നാം പരതിയാലും കി്ട്ടിക്കൊള്ളണം എന്നില്ല. 140-50 കളിലെ കമ്മ്യൂണിസ്റ്റ് വേട്ടക്കാലത്ത്, അതിജീവിക്കാന്‍ തന്നെ പ്രയാസമായത്ര ഭീകരമായ മര്‍ദ്ദനത്തിനും അപമാനങ്ങള്‍ക്കും വിധേയയായ സ്ത്രീയാണ് കെ.ആര്‍.ഗൗരി. പക്ഷേ അവര്‍ പ്രകടിപ്പിച്ച അസാധാരണമായ ആത്മധൈര്യം ചരിത്രത്തിലെ അപൂര്‍വ്വതയാണിന്നും. പൊലീസ് ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു എ്ന്ന വാക്കുകളില്‍ തിളങ്ങുന്ന വീര്യം, ത്യാഗം, കരുത്ത്….അത് കേരളചരിത്രത്തില്‍ ഇനിയും മറ്റാര്‍ക്കും നല്‍കാന്‍ മലയാളിക്ക് കഴിയില്ല…

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: a stunning dramatic life of k r gouri amma alegend of our age

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick