ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനിരിക്കുന്ന വെബ്‌സീരീസ് ‘ ദ ഫാമിലി മാന്‍ 2’ തടയാന്‍ തയ്യാറാവണമെന്ന് തമിഴ്‌നാട് ഐ.ടി.മന്ത്രി ടി.മനോ തങ്കരാജ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെബ്‌സീരീസിന്റെ ട്രെയിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ റിലീസ് ചെയ്തതില്‍ തന്നെ അപലപനീയമായ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും ശ്രീലങ്കയിലെ തമിഴ് ഈഴത്തിന്റെ ചരിത്രപരമായ പോരാട്ടത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് അയച്ച കത്തില്‍ മന്ത്രി മനോ തങ്കരാജ് പറയുന്നു. ശ്രീലങ്കയിലെ തമിഴ് വംശജരെ അപമാനിക്കുക വഴി തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരമാണ് വ്രണപ്പെടുത്തിയിരിക്കുന്നത്.
പ്രമുഖ നടി സമന്ത തമിഴ് സംസാരിക്കുന്ന വ്യക്തിയായി അവതരിപ്പിക്കുകയും ഇവരെ ഭീകരവാദിയായി ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട് വെബ്‌സീരീസില്‍ എന്നാണ് ആരോപണം. പ്രമുഖ നടന്‍ മനോജ് ബാജ്‌പേയിയും ഈ സീരീസില്‍ അഭിനയിക്കുന്നുണ്ട്.
സീരീസിന്റെ ട്രെയിലര്‍ തമിഴ്‌നാട്ടില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയകക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.













