മാസ്‌ക് ധരിച്ചു മാത്രമേ മുഖ്യമന്ത്രി പിണറായി വിജയനെ പൊതു സ്ഥലത്ത് ആരും കണ്ടിട്ടുള്ളൂ. ഇത്രയും ശ്രദ്ധിച്ചിട്ടും അദ്ദേഹത്തിന് കൊവിഡ് വന്നിരിക്കുന്നു. അങ്ങിനെ വരുമ്പോള്‍ മാസ്‌ക് ധരിച്ചിട്ടും കാര്യമില്ല എന്ന തോന്നല്‍ ഉണ്ടാകുന്നു. മാത്രമല്ല, വാക്‌സിന്‍ ആദ്യ ഡോസ് എടുത്തിട്ടും മുഖ്യമന്ത്രിക്ക് രക്ഷയുണ്ടായില്ല. വാക്‌സിന്റെ ഫല പ്രാപ്തിയെ സംബന്ധിച്ചും സമൂഹത്തിന് ഇതോടെ സംശയം ഉണ്ടായിരിക്കുന്നു.
എന്തുകൊണ്ട് മുന്‍കരുതലുകള്‍ എടുത്തിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് കൊവിഡ് ബാധയുണ്ടായി..?
അതിനു കാരണം സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ സെല്ലിലെ വിദഗ്ധന്‍ ഡോ. മുഹമ്മദ് അഷീല്‍ വിശദീകരിക്കുന്നു…
- വീടിനകത്ത് ആളുകള്‍ മാസ്‌ക് ഉപയോഗിക്കില്ല. കൊവിഡ് ബാധയുടെ 56 ശതമാനവും ഉണ്ടാകുന്നത് വീട്ടിനകത്ത് മാസ്‌കില്ലാതെ ഇരിക്കുന്നത് കൊണ്ടാണ്. മാസ്‌ക് ഇടാതെ നമ്മള്‍ ഇടപെടുന്ന ആളുകളെയാണ് സേഫ്റ്റി ബബിള്‍ എന്ന് പറയുക. വീട്ടില്‍ ഇത്തരം സേഫ്റ്റി ബബിള്‍ ആണ് ഉണ്ടാകുക. സേഫ്റ്റി ബബിളിനകത്തുള്ള ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മറ്റുള്ളവരിലേക്കും പടരും. മുഖ്യമന്ത്രിയുടെ മകള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കയായിരുന്നു. ഇത് മുഖ്യമന്ത്രിയിലേക്ക് പകരാനിടയാക്കിയിരിക്കണം.
- വാക്‌സിന്‍ ആദ്യ ഡോസ് എടുത്തുകഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാല്‍ നമുക്ക് 30-40 ശതമാനം സംരക്ഷണം രോഗത്തില്‍ നിന്നും ലഭിക്കും. അതായത് രോഗം പിടിപെടാനുള്ള സാധ്യത 30 മുതല്‍ 40 ശതമാനം വരെ കുറയും എന്നതാണ്. രണ്ടാം ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞാല്‍ സംരക്ഷണം 70 മുതല്‍ 80 ശതമാനം വരെയായി വര്‍ധിക്കും. ചില വാക്‌സിനുകള്‍ 90 ശതമാനം വരെ സംരക്ഷണം നല്‍കുമെന്ന് പറയുന്നുണ്ട്.
രണ്ടാം ഡോസ് കൂടി എടുക്കുന്നതോടെ ലഭിക്കുന്ന സംരക്ഷണത്തിന്റെ പ്രത്യേകത ഇതു മാത്രമല്ല. ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത 95 ശതമാനം വരെ കുറയ്ക്കുന്നു എന്നതാണ് ഒന്ന്. രണ്ടാമത്തെത് മരണസാധ്യത നൂറുശതമാനവും ഇല്ലാതാക്കുന്നു എന്നതുമാണ്. രണ്ടു ഡോസും എടുക്കുന്നതോടെ മനുഷ്യന് ജീവാപായം പൂര്‍ണമായും തടയുകയും ഗുരുതര രോഗബാധ ഏകദേശം ഇല്ലാതാക്കുകയും ചെയ്യുന്നു. അതേസമയം രോഗബാധയ്ക്കുള്ള സാധ്യത ചെറുതായി അപ്പോഴും നിലനില്‍ക്കുന്നു. ഇതിനെ തടയാനാണ് വാക്‌സിന്‍ എടുത്താലും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുന്നത് നിര്‍ത്തരുത് എന്ന് പറയുന്നത്.
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് നാല് ആഴ്ച കഴിഞ്ഞ ശേഷമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത് എന്നതിനാല്‍ അദ്ദേഹത്തിന് ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാന്‍ സാധ്യത ഒട്ടുമുക്കാലും ഇല്ല എന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ശരീരത്തില്‍ കൊവിഡിനെതിരായ ആന്റി ബോഡി കുറേയെറെ ശക്തമായി നിലനില്‍ക്കുന്നുണ്ടാവും. അതിനാല്‍ ഗുരുതരമായ അവസ്ഥ ഉണ്ടാകാനുള്ള സാഹചര്യം ഇല്ലെന്നു തന്നെ പറയാമെന്ന് ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.