രണ്ടു ദശാബ്ദം മുമ്പു മുതല്‍ സി.പി.എമ്മില്‍ യഥാര്‍ഥ ക്രൗഡ് പുള്ളര്‍ ആയിരുന്ന വി.എസ്.അച്യുതാനന്ദന്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിലോ അതിന്റെ പ്രചാരണത്തിലോ ഒരു ഘടകമേയല്ലാതായി എന്നതാണ് ഇടതുപക്ഷത്തെ പ്രധാനപ്പെട്ട ഒരു സവിശേഷത. വി.എസിന്റെ ഒരു സ്മരണയും ഒരു ചിത്രവും ഇടതുപക്ഷം ഉപയോഗപ്പെടുത്താതെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ആദ്യമായാണ്. എന്നാല്‍ പഴയ വി.എസ്. പക്ഷക്കാരായ നേതാക്കളും പ്രവര്‍ത്തകരും വി.എസിനു വേണ്ടി പാര്‍ടിയില്‍ ഗ്രൂപ്പ് കളിച്ച് പുറത്താക്കപ്പെടുകയോ പുറത്തു പോകുകയോ ചെയ്തവരും ഈ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും രീതിയില്‍ ഒരു സ്വാധീന ഘടകമാണോ…
സംസ്ഥാനത്താകമാനമുള്ള അന്തരീക്ഷം പരിശോധിക്കുമ്പോള്‍ ഏറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ വി.എസ്.അച്യുതാനന്ദനോട് കൂറ് പുലര്‍ത്തിയിരുന്നവരും അനുയായികളും ഇപ്പോഴും പാര്‍ടിയിലും പുറത്തും സജീവമാണ് എന്നതാണ് പ്രത്യേകത. ഇത്തവണ പ്രമുഖരായ പഴയ വി.എസ്. ഗ്രൂപ്പുകാര്‍ക്കൊന്നും സീറ്റ് നല്‍കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതില്‍ പ്രധാനപ്പെട്ടവര്‍ ഏറണാകുളം ജില്ലയിലെ എസ്.ശര്‍മയും കെ.ചന്ദ്രന്‍പിള്ളയും ആണ്. വയനാട്ടിൽ ഒറ്റ തവണ മാത്രം മത്സരിച്ച അറിയപ്പെടുന്ന പഴയ വി എസ പക്ഷക്കാരനായ സി കെ ശശീന്ദ്രനു രണ്ടാമത് അവസരം കിട്ടിയില്ല. പി കൃഷ്ണ പ്രസാദിനെ പോലുള്ള നേതാക്കളും പരിഗണയിൽ വന്നില്ല. പാലക്കാട് ജില്ലയില്‍ മലമ്പുഴയില്‍ മല്‍സരിക്കുന്ന എ.പ്രഭാകരന്‍ മാത്രമാണ് ഇത്തവണ മല്‍സരരംഗത്തുള്ള അറിയപ്പെടുന്ന വി.എസ്. പക്ഷക്കാരന്‍.
ഏറണാകുളം ജില്ല പഴയ വി.എസ്-പിണറായി ഗ്രൂപ്പിസത്തിലെ വലിയ പോരാട്ടകേന്ദ്രമായിരുന്നു. സേവ് സി.പി.എം.ഫോറം രൂപീകരിച്ച് രംഗത്തിറങ്ങിയ വി.ബി.ചെറിയാന്റെ അനുയായികളും ഇവിടെ ഉണ്ട്. ശര്‍മയ്ക്കും ചന്ദ്രന്‍പിള്ളയ്ക്കും സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് കൊച്ചിയിലെ വി.എസ്. പക്ഷക്കാര്‍ക്ക് അമര്‍ഷം ഉണ്ടാക്കിയ കാര്യമാണ്. എന്നാല്‍ അത്തരം പ്രതിഷേധങ്ങള്‍ക്ക് ത്രാണിയില്ലാത്ത വിധം അവര്‍ നിശ്ശബ്ദരാണ്. ചന്ദ്രന്‍പിള്ള തീര്‍ത്തും അസംതൃപ്തനാണ്. പി.രാജീവിന് സ്ഥാനാര്‍ഥിത്വം ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്തതില്‍ ചന്ദ്രന്‍പിള്ള ക്യാമ്പിലുള്ളവര്‍ക്ക് അസംതൃപ്തിയുണ്ട്.
കളമശ്ശേരിയില്‍ മല്‍സരിക്കുന്ന രാജീവ് പിണറായി വിജയന്റെ വിശ്വസ്തനാണ്. കളമശ്ശേരി വ്യവസായ മേഖലയിലായിരുന്നു പഴയ വി.എസ്.പക്ഷക്കാരുടെയും ട്രേഡ് യൂണിയനിസ്റ്റുകളുടെയും ശക്തി കേന്ദ്രം. സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കൂടി ആയചന്ദ്രന്‍പിള്ളയുടെ പ്രവര്‍ത്തനസ്വാധീന കേന്ദ്രവും ഇവിടെയാണ്. വിവാദ സി.പി.എം.നേതാവ് സക്കീര്‍ഹുസൈനുമായി ബന്ധപ്പെട്ട് ഒട്ടേറെ അസംതൃപ്തരായ പാര്‍ടി അനുയായികള്‍ ഉള്ള മേഖലയാണ് കളമശ്ശേരി. സക്കീര്‍ഹുസൈനെ സംരക്ഷിക്കുന്നതില്‍ പി.രാജീവ് താല്‍പര്യം കാണിച്ചുവെന്ന വിമര്‍ശനം ആ മേഖലയില്‍ സ്വരം താഴ്ത്തിയുള്ള ചര്‍ച്ചാവിഷയമാണ്. ഇതെല്ലാം വെച്ച് വായിക്കുമ്പോള്‍ പി.രാജീവിന്റെ വിജയം തീര്‍ച്ചയായും ഒരു വെല്ലുവിളിയും മല്‍സരം കടുത്ത പോരാട്ടവുമാണ്.
ഈ മണ്ഡലം രൂപം കൊണ്ടതു മുതല്‍ ഇത് ഒരു യു.ഡി.എഫ് മണ്ഡലമാണ്. മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് 2011-ല്‍ 7,789 വോട്ടിനും 2016-ല്‍ 12,118 വോട്ടിനും വിജയിച്ച മണ്ഡലമാണിത്. എന്‍.ഡി.എ.ക്ക് 24,244 വോട്ടും കിട്ടി എന്നത് ശ്രദ്ധേയമാണ്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുഖ്യപ്രതിയായി മുഖം നഷ്ടപ്പെട്ട ഇബ്രാഹിംകുഞ്ഞ് ഇത്തവണ മാറി അദ്ദേഹത്തിന്റെ മകന്‍ വി.ഇ. അബ്ദുല്‍ ഗഫൂര്‍ ആണ് യു.ഡി.എഫ്.സ്ഥാനാര്‍ഥി. ഇടതു പക്ഷം അഴിമതി പ്രധാന വിഷയമാക്കുമ്പോള്‍ യു.ഡി.എഫിന് പ്രതിരോധം തീര്‍ക്കേണ്ടിവരുമെങ്കിലും പി.രാജീവിന്റെ വിജയം അനായാസമേയല്ലാതാക്കുന്നത് പഴയ വി.എസ്. പക്ഷക്കാരും അനുയായികളുമായ പാര്‍ടി വോട്ടര്‍മാരുടെ മനോഭാവം തന്നെയായിരിക്കും. സക്കീര്‍ ഹുസൈനുമായി ബന്ധപ്പെടുത്തി പാര്‍ടിയെ ബാധിക്കും വിധം ഉയര്‍ന്ന പരാതികളും അഴിമതിവിരുദ്ധ പ്രചാരണത്തില്‍ ഇടതുപക്ഷത്തിന് കല്ലുകടി സൃഷ്ടിക്കും. ഇതൊന്നും പരസ്യമായി ദൃശ്യമാകുന്ന സംഗതികളല്ല. എന്നാല്‍ നിശ്ശബ്ദമായി ചില അടിയൊഴുക്കുകളുടെ സൂചന നല്‍കുന്നുണ്ട്. കളമശ്ശേരിയില്‍ പി.രാജീവ് തോറ്റു പോയാല്‍ അത് തീര്‍ച്ചയായും ഇടതുമുന്നണി സംസ്ഥാനത്താകെ പാലാരിവട്ടം പാലം തകര്‍ച്ച മുന്‍നിര്‍ത്തി അഴിച്ചുവിട്ട അഴിമതി വിരുദ്ധ പ്രചാരണത്തിന് കനത്ത തിരിച്ചടി തന്നെയായി മാറും എന്നതും പി.രാജീവിന്റെ ജയം സി.പി.എമ്മിന് അത്യാവശ്യമാക്കിത്തീര്‍ക്കുന്നുണ്ട്.