ഗവര്‍ണര്‍ ഇടപെട്ട് സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റി വെപ്പിക്കുമ്പോഴേക്കും തിങ്കളാഴ്ച തുടങ്ങുന്ന പരീക്ഷകള്‍ക്കായി ദൂരദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ മിക്കവരും അവരുടെ പഠനകേന്ദ്രങ്ങളിലെത്തിക്കഴിഞ്ഞു. ദൂരസ്ഥലങ്ങളിലെ വീടുകളില്‍ നിന്നും കുട്ടികള്‍ കഷ്ടപ്പെട്ട് കോളേജ് ഹോസ്റ്റലുകളിലെത്തിയപ്പോഴേക്കും പരീക്ഷ മാറ്റിവെച്ചതിന്റെ അറിയിപ്പുകളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇനി തിരിച്ചു പോകണോ എന്ന ധര്‍മസങ്കടത്തിലാണ് പ്രത്യേകിച്ച് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍. ആരോഗ്യ സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചതാണ് വിദൂര സ്ഥലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ദുരിതമുണ്ടാക്കിയത്. പരീക്ഷാമാറ്റം ഒരു ദിവസം മുമ്പേ സ്വീകരിച്ചിരുന്നെങ്കില്‍ ഒരു പാട് യാത്രകള്‍ ഒഴിവാക്കാനാവുമമായിരുന്നു എന്ന കാര്യമാണ് വ്യക്തമാകുന്നത്.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റി വെയ്ക്കാന്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. തിങ്കളാഴ്ച മുതല്‍ നടത്തേണ്ട ഓഫ്‌ലൈന്‍ പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇതിനെ തുടര്‍ന്ന് മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു.