കൊവിഡ് വ്യാപനത്തിനിടയില്‍ ഹരിദ്വാറിലെ കുംഭമമേള നടത്തിപ്പിനെ വിമര്‍ശിച്ച വനിതാ യൂ ട്യൂബർ-ജേര്‍ണലിസ്റ്റ് തെരുവില്‍ പട്ടാപ്പകല്‍ ക്രൂരമായി കുത്തിക്കൊല ചെയ്യപ്പെട്ടു എന്ന രീതിയില്‍ പ്രചരിച്ച വീഡിയോയില്‍ കൊല്ലപ്പെട്ടത് മറ്റൊരാളാണെന്ന് കണ്ടെത്തി. അതിക്രൂരമായ കൊലപാതകത്തിന് ഇരയായത് കാഴ്ചയിലും വേഷത്തിലും സാമ്യം തോന്നിക്കുന്ന യുവതിയാണ്.
പ്രഗ്യ മിശ്ര എന്ന യൂ ട്യൂബർ-ജേര്‍ണലിസ്റ്റ് കുംഭമേളയെ വിമര്‍ശിക്കുന്ന ഒരു ദൃശ്യവും അവരോട് സാദൃശ്യം തോന്നിക്കുന്ന ഒരു യുവതിയെ റോഡില്‍ കുത്തിക്കൊല്ലുന്ന ദാരുണദൃശ്യവും ഒന്നിച്ചു ചേര്‍ത്താണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. വസ്ത്രധാരണത്തിലും കാഴ്ചയിലും പ്രഗ്യാ മിശ്രയാണെന്ന് തോന്നിക്കുന്ന യുവതിയാണ് തെരുവില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇത് വേറൊരു സംഭവമാണെന്ന് സോഷ്യല്‍മീഡിയ തന്നെ ഇന്ന് തെളിയിച്ചു.
ഏപ്രില്‍ പത്താം തീയതി ഉച്ച തിരിഞ്ഞ് വടക്കു പടിഞ്ഞാറന്‍ ഡെല്‍ഹി രോഹിണിക്കടുത്ത ബുദ്ധ വിഹാറില്‍ പകല്‍ സമയത്ത് നീലു മേത്ത എന്ന യുവതിയെ അവരുടെ ഭര്‍ത്താവ് തന്നെ കുത്തിക്കൊലപ്പെടുത്തിയ ഭയാനക ദൃശ്യമാണ് പ്രഗ്യാ മിശ്രയുടെതെന്ന രൂപത്തില്‍ പ്രചരിച്ചത് എന്നാണ് പുതിയ കണ്ടെത്തല്‍. നീലുവിനെ ഭര്‍ത്താവ് ഹരീഷ്‌മേത്ത 25 തവണ തുടര്‍ച്ചയായി വയറിലും നെഞ്ചിലും കുത്തിയാണ് കൊലപ്പെടുത്തിയത്. 40-കാരനായ ഹരീഷിനെ പിന്നീട് അറസ്റ്റ്‌ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ നീലുവിനെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നീലുവിനെ രാജ്‌കോട്ട് സ്വദേശിയായ ഹരീഷ് അടുത്തയിടെയാണ് വിവാഹം ചെയ്തത്. ഇദ്ദേഹം വിവാഹബ്യൂറോയിലായിരുന്നേ്രത ജോലി ചെയ്തിരുന്നത്. അതുവഴിയാണ് നീലുവിനെ പരിചയപ്പെട്ടതും കല്യാണം കഴിച്ചതും.
പ്രഗ്യ മിശ്രയുടെ വീഡിയോയുടെ ഒപ്പം പ്രചരിച്ച കൊലപാതക വീഡിയോയിലെ ഒരു നിശ്ചല ദൃശ്യം. ഈ ചിത്രത്തിലുള്ളത് നീലു മേത്ത എന്ന യുവതിയാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഭാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നതില്‍ അസംതൃപ്തനായിരുന്നു താന്‍ എന്ന് ഹരീഷ് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഭാര്യ വീട് നോക്കിയാല്‍ മതിയെന്നായിരുന്നു ഭര്‍ത്താവിന്റെ ഇംഗിതം. ഇത് നിരസിച്ചത് അന്യപുരുഷ ബന്ധം കൊണ്ടാണെന്ന് ഹരീഷ് സംശയിച്ചു. തുടര്‍ന്ന് ഭിന്നത മൂത്തപ്പോള്‍ നീലു ബുദ്ധവിഹാറിലുള്ള സ്വന്തം വീട്ടിലേക്ക് മാറി. ഹരീഷ് അവിടെയെത്തി കാത്തു നിന്ന് മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കത്തിയുമായാണ് നടന്നു വരികയായിരുന്ന നീലുവിനെ തടഞ്ഞു നിര്‍ത്തി കുത്തിയത്.
ഈ ദാരുണ ദൃശ്യം കണ്ട ഒരാള്‍ പോലും അക്രമിയെ പിന്തിരിപ്പിക്കാന്‍ പോയില്ല എന്നതും അക്രമി പല തവണ കുത്തിയ ശേഷം പല തവണ തെരുവില്‍ ഭീഷണി മുഴക്കിയതും എല്ലാം വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. സംസാരിച്ചു നില്‍ക്കവേ പെട്ടെന്ന് അക്രമി യുവതിയെ കത്തിയെടുത്ത് കുത്തി റോഡിലിടുകയായിരുന്നു. പിന്നീട് 25 തവണ കുത്തിയെന്നാണ് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായത്. സംഭവം കണ്ട് സമീപത്തെ കടക്കാരന്‍ ഷട്ടര്‍ ഇട്ട് രംഗം കാലിയാക്കുന്നതും വീഡിയോയില്‍ ഉണ്ട്. എത്ര നിസ്സംഗവും ക്രൂരവുമാണ് സമൂഹത്തിന്റെ പ്രതികരണം എന്ന് ഞെട്ടലോടെ മാത്രമേ ഈ വീഡിയോ കാണുന്നവര്‍ക്ക് തിരിച്ചറിയാനാവൂ.
താന്‍ കൊവിഡ് ക്വാറന്റൈനില്‍ ആണെന്നും തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും പ്രഗ്യ മിശ്ര സാമൂഹ്യമാധ്യമതത്തിലൂടെ അറിയിച്ചിട്ടുണ്ട്.