ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂർപൂരം വീണ്ടും വടക്കുംനാഥന്റെ തേക്കിൻകാട്ടിൽ നാദ, വർണ , ശബ്‌ദ വിസ്മയം തീർക്കാൻ എത്തുന്നു. 21നാണ് സാമ്പിള്‍ വെടിക്കെട്ട്. 22ന് ചമയപ്രദര്‍ശനം. 23നാണ് തൃശൂര്‍ പൂരം. 24ന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും രാവിലെ പകല്‍പൂരവും ഉപചാരം ചൊല്ലിപിരിയലും.
പൂര വിളംബരം അറിയിച്ചുള്ള തെക്കേഗോപുര വാതില്‍ തള്ളിതുറക്കുന്നത് മുതല്‍ ഉപചാരം ചൊല്ലി പിരിയുന്നത് വരെയുളള എല്ലാ ചടങ്ങുകളും ഇത്തവണ പതിവുപോലെ നടക്കും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ പൂരത്തിന്റെ ഒരുക്കങ്ങള്‍ അതിവേഗത്തിലായി.
തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളില്‍ ഇന്ന് പൂരത്തിന് കൊടിയേറും. തിരുവമ്പാടിയില്‍ രാവിലെ 11.15 നും 12 നും ഇടയ്ക്ക് കൊടിയേറ്റ് നടക്കും. പാറമേക്കാവ് ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് 12.05നാണ് പൂരം കൊടിയേറ്റം. രാവിലെ 11.15ന് വലിയപാണി കൊട്ടി അവസാനിച്ചാല്‍ പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന ചെമ്പട മേളത്തിന്റെ അകമ്പടിയോടെ ഭഗവതിയെ പുറത്തേക്ക് എഴുന്നെള്ളിക്കും.
പൂരത്തില്‍ പങ്കെടുക്കുന്ന 8 ഘടകക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍ തകൃതിയായാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് കൊണ്ടുപോയ പൂരത്തെ ഇത്തവണ എല്ലാ ആഘോഷ ആവേശത്തോടും കൂടി വരവേല്‍ക്കാനാണ് തട്ടകങ്ങള്‍ ഒരുങ്ങുന്നത്. വെടിക്കെട്ട്, വര്‍ണക്കുടകള്‍, ആനചമയങ്ങള്‍ എന്നിവയുടെയെല്ലാം പണികള്‍ നടന്നു വരികയാണ്. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ സ്വരാജ് റൗണ്ടില്‍ നിര്‍മ്മിക്കുന്ന അലങ്കാരപ്പന്തലുകളുടെ നിര്‍മ്മാണവും അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.