സി.പി.എമ്മില്‍ സഖാവ് എന്ന വിശേഷണത്തില്‍ മറുചൊല്ലില്ലാതെ, മറ്റൊരാളില്ലാതെ അറിയപ്പെടുന്ന ഒരേ ഒരു നേതാവേ ഉള്ളൂ എന്നതാണ് ചരിത്രം-അത് പി.കൃഷ്ണപിള്ള ആകുന്നു. സഖാവ് എന്നു പറഞ്ഞാല്‍ പാര്‍ടിക്ക് അത് കൃഷ്ണപിള്ളയാണ്. എല്ലാ കമ്മ്യൂണിസ്റ്റുകാരെയും സഖാവ് എന്നു വിളിക്കുമെങ്കിലും ആ വിളി പേരിന്റെ നാനാര്‍ഥങ്ങളിലൊന്നായത് പി.കൃഷ്ണപിളളയുടെ കാര്യത്തില്‍ മാത്രമാണ്. കൃഷ്ണപിള്ളയെ സഖാവ് എന്നു വിളിക്കുന്നത് വ്യക്തിപൂജയായി പാര്‍ടിയില്‍ ആരും കണക്കാക്കുന്നേയില്ല. കോടിയേരി ബാലകൃഷ്ണന്‍ സൂചിപ്പിച്ചതും അക്കാര്യമാണ്. എന്നാല്‍ സഖാവ് എന്നതിനു പകരം ക്യാപ്റ്റന്‍ എന്ന് വിളിക്കപ്പെടുമ്പോള്‍ അത് വ്യക്തിപൂജയായിത്തീരുന്നു എന്ന വിമര്‍ശനം സി.പി.എം. അണികള്‍ രഹസ്യമായി പങ്കുവെക്കുന്നു. പാര്‍ടി പത്രം ഒരു പഞ്ചുള്ള വിശേഷണമായി ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രചാരം നല്‍കിയ ക്യാപ്റ്റന്‍ എന്ന വിളി ഇപ്പോള്‍ പിണറായി പോലും ആഗ്രഹിക്കാതെ തന്നെ പിണറായിയുടെ വ്യക്തിപൂജാനാമമായി മാറിയിരിക്കയാണ്. ക്യാപ്റ്റന്‍ എന്ന വിളി പാര്‍ടിയില്‍ വ്യാപകമായ ചര്‍ച്ചയ്ക്കും വഴി തുറന്നിരിക്കുന്നു എന്നതാണ് മഞ്ഞുമലയുടെ അറ്റം പോലെ പി.ജയരാജന്‍, കോടിയേരി, പിണറായി വിജയന്‍ എന്നിവരുടെ പ്രതികരണങ്ങൾ നല്‍കുന്ന സൂചനയും. ക്യാപ്റ്റൻ എന്ന് പിണറായി വിജയനു വിശേഷണം ഉറപ്പിച്ചു നൽകിയത് പാർട്ടി മുഖപത്രം തന്നെ ആണ് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ മുപ്പത്തഞ്ച് കൊല്ലത്തിനിടയില്‍ എം.വി.രാഘവന്‍, വി.എസ്.അച്യുതാനന്ദന്‍, പി.ജയരാജന്‍ എന്നിവരാണ് പാര്‍ടിയില്‍ വ്യക്തിപൂജയുമായി ബന്ധപ്പെട്ട് വിമര്‍ശനവിധേയരായവര്‍. ഇ.എം.എസ്. നമ്പൂതിരിപ്പാട് വ്യക്തിപൂജയ്‌ക്കെതിരെ ശക്തമായി നിലകൊള്ളുകയും നിരന്തരം അതിനെപ്പറ്റി പാര്‍ടി പ്രവര്‍ത്തകരെ ബോധവല്‍ക്കരിക്കുകയും ചെയ്തു. അതിനു കാരണം താന്‍ തന്നെ പാര്‍ടിയില്‍ ബിംബവല്‍ക്കരിക്കപ്പെടുന്ന അവസ്ഥയുണ്ട് എന്ന തോന്നലായിരിക്കണം. സ്വയം എപ്പോഴും ഉടച്ചു കളയുന്ന ശീലം കൊണ്ട് ഇ.എം.എസിന് ഒരു പരിധി വരെ വ്യക്തിപൂജ ആസ്വദിക്കുന്ന വ്യക്തി എന്ന അപഖ്യാതി പാര്‍ടി അണികളില്‍ നിന്നോ നേതൃത്വത്തില്‍ നിന്നോ ഏറ്റുവാങ്ങേണ്ടി വന്നില്ല. എം.വി.രാഘവന്‍ സ്വയം ബിംബമായി മാറുന്നതിനെ പറ്റി ഇ.എം.എസ്. കടുത്ത വിമര്‍ശനം തന്നെ നടത്തുകയും ഉണ്ടായി.
വി.എസ്.അച്യുതാനന്ദന്‍, പി.ജയരാജന്‍ എന്നിവരെക്കുറിച്ചുള്ള വ്യക്തിപൂജാവിവാദത്തില്‍ എതിര്‍പ്പിന്റെ നേതൃസ്ഥാനത്ത് പിണറായി വിജയന്‍ തന്നെയായിരുന്നു. പി.ജയരാജന്റെ പേരില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ആരാധകസംഘമായ പി.ജെ.ആര്‍മി സി.പി.എമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന് കണ്ണിലെ കരടാണ് വളരെക്കാലമായി. പി.ജയരാജന്റെ സമീപ വര്‍ഷങ്ങളിലെ സ്ഥാനനഷ്ടങ്ങളും ആരോപിക്കപ്പെടുന്ന ഒതുക്കപ്പെടലുകളുമൊക്കെ ഈ വ്യക്തിപൂജ ആരോപണവുമായി ബന്ധപ്പെട്ടു തുടങ്ങിയതാണെന്നത് പരസ്യമായ രഹസ്യമാണ്. പാര്‍ടി നേതാക്കള്‍ വ്യക്തിപൂജ ആസ്വദിക്കുന്നതിനെതിരെ ശക്തമായി നിലപാട് എടുത്തത് പിണറായി വിജയനാണ്. അതേ പിണറായി വിജയന്‍ ഇപ്പോള്‍ അതേ വ്യക്തിപൂജാ ആരോപണത്തിന് ഇരയായിരിക്കയാണ്.
പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതു പാർട്ടിയുടെ മുദ്രാവാക്യമല്ലെന്നും ചിലയാളുകൾ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം മാത്രമാണെന്നും കോടിയേരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതിനു പിന്നിലും ക്യാപ്റ്റന്‍ വിളിയുമായി ബന്ധപ്പെട്ട് പാര്‍ടിക്കകത്ത് ഉയര്‍ന്ന ഭിന്നാഭിപ്രായങ്ങളുടെ ബഹിര്‍പ്രകടനമായി വേണം കാണാന്‍.. പാർട്ടിയെ സംബന്ധിച്ച് എല്ലാവരും സഖാക്കളാണെന്നും സഖാവ് പിണറായി വിജയൻ എന്നാണു മുഖ്യമന്ത്രി അറിയപ്പെടുന്നതെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
പാര്‍ടിയില്‍ ക്യാപ്റ്റന്‍ ഇല്ലെന്നും എല്ലാവരും സഖാക്കള്‍ ആണെന്നും വ്യക്തിപൂജയില്‍ അഭിരമിക്കുന്നവര്‍ അല്ലെന്നും പി.ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചതിന് ഒരു പാട് മാനങ്ങളുണ്ട്. പാര്‍ടിയാണ് ക്യാപ്റ്റന്‍ എന്ന് ജയരാജന്‍ തുടര്‍ന്നു പറയുന്നു. അങ്ങിനെയെങ്കില്‍ പിണറായി ആണോ പാര്‍ടി എന്നാണ് സി.പി.എം. അണികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.
തന്നെ ക്യാപ്റ്റന്‍ എന്നു വിളിക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടെന്ന് പിണറായി വിജയന്‍ പ്രതികരിച്ചത് തന്നെ പാര്‍ടിയില്‍ ഇത് വലിയ ചര്‍ച്ചയാകുന്നു എന്ന് കണ്ടറിഞ്ഞുള്ള വിശദീകരണമാണ്. താല്‍പര്യം കൊണ്ട് ആളുകള്‍ പലതായി വിളിക്കുന്നതാണ് എന്ന് കരുതിയാല്‍ മതി എന്നാണ് പിണറായി പറഞ്ഞത്.