Categories
kerala

സിദ്ദിഖ് കാപ്പനെ ചികില്‍സയ്ക്കായി ഡെല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു

ഉത്തര്‍പ്രദേശ് പൊലീസ് ഹത്രാസില്‍ വെച്ച് പിടികൂടി ജയിലിലാക്കി രാജ്യദ്രോഹക്കുറ്റം ചുമത്തിയ മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികില്‍സയ്ക്കായി ഡെല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആറു തവണ കോടതി മാറ്റി വെച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിക്കാണ്ടാണ് ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ ബഞ്ചിന്റെ ഉത്തരവ്. കാപ്പന് ഇടക്കാല ജാമ്യം നല്‍കണം എന്ന ആവശ്യം കോടതി പരിഗണിച്ചില്ല. ഇപ്പോള്‍ ആരോഗ്യത്തിനാണ് പരിഗണന നല്‍കുന്നതെന്നും ജാമ്യം നേടാന്‍ പിന്നീട് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി.

മഥുര ജയിലില്‍ അടച്ച കാപ്പന് കൊവിഡ് ബാധ ഉണ്ടായെന്നും ആശുപത്രിയില്‍ കാപ്പനെ ചങ്ങലക്കിട്ടാണ് കിടത്തിയിരിക്കുന്നത് എന്നും കാപ്പന്‍ ജയിലിലായിരിക്കെ വീണ് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിച്ച് ഭാര്യ റെയ്ഹാനത്തും കേരള പത്രപ്രവര്‍ത്തക യൂണിയനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് കാപ്പന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ചികില്‍സ നല്‍കുന്ന കാര്യം കോടതി പരിഗണിച്ചത്. എന്നാല്‍ വേണമെങ്കില്‍ തന്നെ മഥുരയില്‍ ചികില്‍സിക്കാമെന്നും അവിടെ ഒരു കിടക്ക ലഭ്യമാക്കാമെന്നും യു.പി. സര്‍ക്കാരും സോളിസിറ്റര്‍ ജനറലും ശക്തമായ നിലപാട് എടുത്തു. കാപ്പന്റെ കൊവിഡ് നെഗറ്റീവ് ആയെന്നും അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയെന്നും യു.പി. സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ കോടതി ആവശ്യപ്രകാരം സമര്‍പ്പിച്ച ആരോഗ്യനിലയെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ താടിയെല്ലിന് പരിക്കുണ്ട് എന്ന കാര്യം കോടതി പ്രത്യേകം പരിഗണിച്ചു. പ്രതിയാണെങ്കിലും കാപ്പന് ശരിയായ ചികില്‍സ കിട്ടേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാണിച്ച പരിക്ക് ചികില്‍സിക്കേണ്ടതല്ലേ എന്നും ആരാഞ്ഞു. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ഉത്തരവ് നല്‍കാമെന്ന് കോടതി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതി സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന്, കാപ്പന് ചികില്‍സ നല്‍കാന്‍ ഡെല്‍ഹി എയിംസിലേക്കോ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കോ മാറ്റാമെന്ന് കോടതി ഉത്തരവ് നല്‍കിയത്.

thepoliticaleditor

കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാപ്പന്‍ കോവിഡ് പോസിറ്റീവാണെന്നും താടിയെല്ലിന് പരിക്കുണ്ടെന്നും പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങളുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ യുപിക്ക് അടുത്തുള്ള ഡല്‍ഹിയില്‍ കാപ്പന് അടിയന്തര ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് ചീഫ് ജസ്റ്റിസും ബെഞ്ചിലെ മറ്റ് രണ്ടു അംഗങ്ങളും പറഞ്ഞു.

എന്നാല്‍ യുപി സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഡല്‍ഹിയില്‍ കോവിഡ് സാഹചര്യം രൂക്ഷമാണെന്നും ആശുപത്രി കിടക്ക പോലും ലഭിക്കാന്‍ ബുദ്ധിമുണ്ടെന്നും കോടതിയെ അറിയിച്ചു. മഥുരയില്‍ കാപ്പന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റിയാല്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും സോളിസറ്റര്‍ ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

Spread the love
English Summary: supreme court ordered tshift journalist siddik kaapan to delhi for better medical care

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick