Categories
kerala

‘മുസ്ലീം സഖാക്കളുടെ രാഷ്ട്രീയം നിങ്ങള്‍ സ്‌മൈലിയിട്ട് റദ്ദു ചെയ്യുകയാണ്’

“ഇപ്പുറത്തുള്ള രക്തസാക്ഷികളുടെ നീണ്ട ലിസ്റ്റിട്ട് കൊണ്ട് ന്യായീകരിക്കാൻ പറ്റുന്നതല്ല ഒരു കൊലപാതകവും”

Spread the love

ഒരുപാട് പേര് ജീവിതത്തിൽ ആദ്യമായി അരിവാൾ ചുറ്റികക്ക് വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് കടന്നു പോയത്. നിങ്ങള് സൈബറിടത്തിൽ നടത്തുന്ന ഓരോ ആനന്ദപ്രകടനങ്ങളും വെല്ലുവിളികളും അവരെ കൂടിയാണ് ബാധിക്കുന്നത്. ഒരുപാട് കഷ്ടപെട്ടാണ് ഞങ്ങളൊക്കെ (വിശിഷ്യാ, മുസ്ലിം സഖാക്കൾ) നമ്മുടെ പരിസരങ്ങളിൽ ഇടത് രാഷ്ട്രീയം പറയുന്നത്. അതിനെയാണ് നിങ്ങള് സ്മൈലി ഇട്ടു കൊണ്ട് റദ്ധ് ചെയ്ത് കളയുന്നത്.

പാനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ വിദേശത്തും മറ്റുമിരുന്ന്ആഹ്‌ളാദം പ്രകടിപ്പിക്കുന്ന സൈബര്‍ സഖാക്കളോട് അമര്‍ഷം പ്രകടിപ്പിച്ച് നാട്ടുകാരനും ഇടതുപക്ഷക്കാരനുമായ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. കരിയാട് സ്വദേശി ബിലാല്‍ ശിബിലിയാണ് സൈബര്‍ സഖാക്കളോട് അമര്‍ഷം പ്രകടിപ്പിച്ച് പ്രതികരിച്ചിരിക്കുന്നത്.
ഇത്തവണത്തെ ഇലക്ഷനില്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്ത മുസ്ലീങ്ങളെ ബാധിക്കുന്നതാണ് സൈബര്‍ സഖാക്കളുടെ ആഹ്ലാദം എന്നും വളരെ കഷ്ടപ്പെട്ട് മുസ്ലീം സഖാക്കള്‍ പറഞ്ഞ് സ്വീകാര്യതയുണ്ടാക്കുന്ന ഇടതു രാഷ്ട്രീയത്തെ സ്‌മൈലി ഇട്ട് റദ്ദു ചെയ്യുകയാണ് പോരാളി ഷാജിമാര്‍ ചെയ്യുന്നതെന്നും വിമര്‍ശനമുണ്ട്.

thepoliticaleditor

നേരത്തെയുള്ള രക്തസാക്ഷികളുടെ പേര് എടുത്തിട്ട് മന്‍സൂറിന്റെ കൊലപാതകത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന സി.പി.എം.സൈബര്‍ പോരാളികളുടെ ശ്രമത്തെയും ബിലാല്‍ നിശിതമായി വിമര്‍ശിക്കുന്നു.

ഇരന്നു വാങ്ങുന്നത് ശീലമായിപ്പോയി എന്നു തുടങ്ങിയ സാമൂഹ്യമാധ്യമ കമന്റുകളാണ് ധാരാളം മുസ്ലീം ഇടതുപക്ഷക്കാരായ വ്യക്തികളുടെ മനസ്സ് നോവിക്കുന്നത് എന്ന് ബിലാലിന്റെ കുറിപ്പിലൂടെ തെളിയുന്നു. ഒപ്പം മുസ്ലീം സമുദായത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ഇടത് ആഭിമുഖ്യം ഇല്ലാതാകുന്നതിന്റെ നിസ്സഹായതയും തെളിയുന്നു.

ബിലാലിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മൻസൂറിന്റെ കുടുംബത്തിനും നാട്ടുകാർക്കും പാർട്ടിക്കും പ്രസ്ഥാനത്തിനും ഉണ്ടായ സങ്കടത്തിന്റെ, നഷ്ടത്തിന്റെ, പ്രതിഷേധത്തിന്റെ, കൂടെ തന്നെയാണ്. പുല്ലൂക്കര പോലൊരു സ്ഥലത്ത് ഒരു കൊലപാതകം സംഭവിച്ചു എന്നറിഞ്ഞത് മുതലുണ്ടായ ഷോക്ക് ഇതുവരെ മാറിയിട്ടില്ല. സാധാരണയുള്ള അടിപിടികൾക്കപ്പുറം ഒരു ജീവനെടുക്കാനുള്ള എന്ത് പ്രകോപനമാണ് നടന്നത് എന്ന് മനസ്സിലായിട്ടില്ല.

മൻസൂർ

രണ്ട് ഭാഗത്തുള്ള ആളുകളും വേണ്ടപ്പെട്ടവരാണ്. മൻസൂർ സ്കൂളിൽ അനിയന്റെ സീനിയർ ആയിരുന്നു. കുടുംബ ബന്ധവുമുണ്ട്. മൻസൂറിന്റെ കൂട്ടുകാരെ പലരെയും പഠിപ്പിച്ചിട്ടുണ്ട്. ചുറ്റിലുമുള്ള നാട്ടുകാരുടെ, വിദ്യാർത്ഥികളുടെ, ബന്ധുക്കളുടെ ഒക്കെ സ്റ്റാറ്റസ് മൊത്തം അവൻ മാത്രമാണ്. അവരുടെ സങ്കടത്തിന്റെ കൂടെ നിൽക്കുക എന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യാനില്ല.

സൈബർ സ്പേസിന്റെ സുരക്ഷയിൽ, വിദേശത്തും മറ്റുമിരുന്ന്, ദൗർഭാഗ്യഗരമായ ഈ സംഭവത്തിൽ ആനന്ദിക്കുന്ന, വെല്ലുവിളിക്കുന്ന ആളുകളാണ് കൊലപാതകത്തേക്കാൾ ഹീനമായ പ്രവൃത്തി ചെയ്യുന്നവർ.

ഇപ്പുറത്തുള്ള രക്തസാക്ഷികളുടെ നീണ്ട ലിസ്റ്റിട്ട് കൊണ്ട് ന്യായീകരിക്കാൻ പറ്റുന്നതല്ല ഒരു കൊലപാതകവും. വെഞ്ഞാറമൂടുള്ള ഹക്കും മിദിലാജും, കാസറഗോഡുള്ള ഔഫും ഇങ്ങ് പാനൂരുള്ള മൻസൂറും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇവിടെ അവരുടെ പേര് ചേർത്ത് വായിക്കുന്നത് പോലും ആ രക്തസാക്ഷികളോട് ചെയ്യുന്ന അനീതിയാണ്.

ഹഖിന്റെ വാർത്തക്കടിയിൽ ശുക്കൂറിന്റെ ഫോട്ടോ ഇടുന്നവരും, മൻസൂറിന്റെ വാർത്തക്കടിയിൽ ഹഖിന്റെ ഫോട്ടോ ഇടുന്നവരും ചെയ്യുന്നത് ഒരേ പണിയാണ്. ടാലി ഒപ്പിക്കാൻ നിന്നാൽ അതിനേ നേരം കാണൂ…

ഒരുപാട് പേര് ജീവിതത്തിൽ ആദ്യമായി അരിവാൾ ചുറ്റികക്ക് വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് കടന്നു പോയത്. നിങ്ങള് സൈബറിടത്തിൽ നടത്തുന്ന ഓരോ ആനന്ദപ്രകടനങ്ങളും വെല്ലുവിളികളും അവരെ കൂടിയാണ് ബാധിക്കുന്നത്. ഒരുപാട് കഷ്ടപെട്ടാണ് ഞങ്ങളൊക്കെ (വിശിഷ്യാ, മുസ്ലിം സഖാക്കൾ) നമ്മുടെ പരിസരങ്ങളിൽ ഇടത് രാഷ്ട്രീയം പറയുന്നത്. അതിനെയാണ് നിങ്ങള് സ്മൈലി ഇട്ടു കൊണ്ട് റദ്ധ് ചെയ്ത് കളയുന്നത്.

ജില്ലാ സെക്രട്ടറി എം. വി ജയരാജൻ അപലപിച്ച, ദൗർഭാഗ്യഗരമെന്ന് പറഞ്ഞ, മുൻ സെക്രട്ടറി പി. ജയരാജൻ സമാധാനം പുനസ്ഥാപിക്കണം എന്ന് പറഞ്ഞ ഒരു വിഷയത്തിൽ, നേതാക്കൾക്കില്ലാത്ത ശുഷ്‌കാന്തി പോരാളി ഷാജിമാർക്ക് എന്തിനാണ് !?

സുന്നി പ്രവർത്തകർ തമ്മിലുള്ള സംഘർഷമെന്ന് ദുർവാഖ്യാനം ചെയ്യുന്നത്, ബൂത്തിലടക്കമിരുന്ന് പണിയെടുത്ത സുന്നി പ്രവർത്തകരെ അപമാനിക്കലാണ്.

പ്ലീസ്, ബാക്കി ഉള്ളവർക്ക് ഇവിടെ ജീവിക്കണം.

അവസാനമായി, ലീഗുകാരോടും കോൺഗ്രസുകാരോടും….. ഗുണ്ടകളുടെ ഗാങ് ഫൈറ്റാണ് വെഞ്ഞാറമൂട് നടന്നതെന്നും, എ എ റഹീമിനെ പിടിച്ചു കൊടഞ്ഞാൽ സത്യം ബോധ്യപ്പെടുന്നും പുളിച്ച ചിരിയോടെ പറഞ്ഞ നേതാവ് വർക്കലയിൽ UDF സ്ഥാനാർഥി ആയിട്ടുണ്ട്. അയാളുടെ ശൈലി പിന്തുടരുന്ന ആരെങ്കിലും ഇപ്പുറത്തുണ്ടെങ്കിൽ, അവരെയും തള്ളിപ്പറയുന്നു. എരിതീയിൽ എണ്ണ ഒഴിക്കുന്നവരെ കാണാഞ്ഞിട്ടല്ല. അതിനുള്ള സന്ദർഭമല്ല. നിരുപാധികം നിങ്ങൾക്കൊപ്പമാണ്.

മൻസൂറിനും കുടുംബത്തിനും പ്രാർത്ഥനകൾ.

Spread the love
English Summary: strong criticism of a muslim comrade of panoor against the cyber comrades

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick