ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഔദ്യോഗിക നിലപാടിന് നിരക്കാത്ത രണ്ടു പ്രസ്താവനകളില്‍ നിന്നു വേണം മധ്യ-തെക്കന്‍ കേരളത്തിലെ വോട്ടുബാങ്കുരാഷ്ട്രീയത്തില്‍ ഇടതുപക്ഷം എത്രത്തോളം തന്ത്രപരമായാണ് നീങ്ങുന്നത് എന്നത് തിരിച്ചറിയാന്‍. കഴക്കൂട്ടം മണ്ഡലത്തില്‍ മല്‍സരിക്കുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാര്‍ച്ച് 11-ന് നടത്തിയ പ്രസ്താവനയാണ് ഒന്നാമത്തെത്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നതായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. മൃദുഹിന്ദുത്വ വോട്ടുകള്‍ നിര്‍ണായകമായ കഴക്കൂട്ടത്ത് ജയിക്കാനുള്ള അടവായിട്ടാണ് ആ പ്രസ്താവന വായില്‍ നിന്ന് വീണതെങ്കിലും അത് ഇടതുമുന്നണിയെയും സി.പി.എമ്മിനെയും ചാടിച്ച കുഴി ചെറുതായിരുന്നില്ല. എന്നു മാത്രമല്ല, ഈ തിരഞ്ഞെടുപ്പില്‍ വലിയതായി ചര്‍ച്ച ചെയ്യാതിരുന്ന ശബരിമല വിഷയം മുന്‍നിരയിലേക്കു വരാനും പ്രതിപക്ഷവും ബി.ജെ.പി.യും അത് പ്രധാന തിരഞ്ഞെടുപ്പു വിഷയമാക്കി മാറ്റാനും ഇടയായത് കടകംപള്ളിയുടെ ഈ പ്രസ്താവനയാണ്.
രണ്ടാമത്തെത് ജോസ് കെ.മാണിയില്‍ നിന്നുണ്ടായതാണ്–മാര്‍ച്ച് 27-ന്. ലൗ ജിഹാദ് എന്ന വിവാദവിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് ആവശ്യമാണെന്നായിരുന്നു ജോസിന്റെ പ്രതികരണം. കേരളത്തിലെ ജനസംഖ്യയുടെ 19 ശതമാനം വരുന്ന ക്രൈസ്തവരുടെ ഇടയിലെ ആധികാരിക പാര്‍ടിയായ മാണി വിഭാഗം കേരള കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് വിരോധം അവസാനിപ്പിച്ച് സി.പി.എമ്മിന്റെ സഖ്യകക്ഷിയായതോടെ ആ പാര്‍ടിക്ക് അതിന്റെ അടിത്തറ നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കാനുള്ള ബാധ്യത ഉണ്ടായിരിക്കയാണ്. തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി വിഷയത്തിലും സംവരണവിഷയത്തിലുമെല്ലാം മുസ്ലീംലീഗിനോട് വലിയ തോതില്‍ ഇടഞ്ഞു നില്‍ക്കുന്ന കത്തോലിക്കാ സഭ ബി.ജെ.പി.യുമായി തന്ത്രപരമായി അടുക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. ബി.ജെ.പി.യാവട്ടെ കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ തങ്ങള്‍ക്ക് വരുതിയിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് ക്രൈസ്തവരെയാണ്. മുസ്ലീങ്ങളോട് അവര്‍ക്കുണ്ടിയിട്ടുള്ള നീരസം കൃത്യമായി മുതലെടുക്കാന്‍ സഭാതര്‍ക്കത്തിലുള്‍പ്പെടെ തങ്ങള്‍ പരിഹാരമുണ്ടാക്കിത്തരുമെന്ന പ്രത്യാശ കൂടി ബി.ജെ.പി. നല്‍കിവരുന്ന കാലമാണിത്. ബി.ജെ.പി.യുമായി അടുക്കാന്‍ ക്രൈസ്തവ സഭകള്‍ നീങ്ങുന്നു എന്ന തോന്നലുണ്ടാക്കിയത് ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന കെ.സി.ബി.സി.യുടെ പ്രസ്താവനയിലൂടെയാണ്.
ഹിന്ദുത്വവാദികള്‍ നിരന്തരമായി ഉയര്‍ത്തുന്ന മുസ്ലീം വിരുദ്ധ ആശയമാണ് ലൗ ജിഹാദ്. ഇത് സ്ഥിരീകരിച്ചുള്ള പ്രസ്താവനയിലൂടെ ക്രൈസ്തവരുടെ ഇടയില്‍ ഉണ്ടായ വികാരം തനിക്ക് രാഷ്ട്രീയമായി അനുകൂലമാക്കാനുള്ള ജോസ് കെ.മാണിയുടെ തന്ത്രമായിരുന്നു ലൗ ജിഹാദ് ഉണ്ടോ എന്നത് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇടതുമുന്നണി ഘടകകക്ഷി എന്ന നിലയില്‍ മുന്നണി നിലപാടിന് യോജിക്കാത്ത പ്രതികരണമായി മാറി അത്. മറ്റ് കക്ഷികള്‍ പ്രതിഷേധിച്ചതോടെ ജോസ് കെ.മാണി തന്റെ വിവാദ പ്രസ്താവനയില്‍ കിടന്ന് ഉരുണ്ടു. ലൗ ജിഹാദ് കാര്യത്തില്‍ ഇടതുമുന്നണിയുടെ നിലപാടിനൊപ്പം എന്ന് തിരുത്തുകയും ചെയ്തു. എന്നാല്‍ കെ.സി.ബി.സി.യുടെ നിലപാടിനെ പിന്തുണച്ചതു വഴി ജോസ് കെ.മാണി ക്രൈസ്തവരുടെ ഇടയിലെ പിന്തുണ സംരക്ഷിക്കുകയാണ് തന്ത്രപരമായി ചെയ്തത്. പിന്നീട് തിരുത്തിയാലും അറിയേണ്ടവര്‍ക്കറിയാം മകന്‍മാണി തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന്. ജോസ് കെ.മാണി ആര്‍ജ്ജിക്കുന്ന ഈ പിന്തുണ മധ്യതിരുവിതാംകൂറിലെ ഇടതുവിജയത്തിന് തീര്‍ച്ചയായും ഇന്ധനമാകും എന്നതാണ് വസ്തുത.പിന്നീട് തിരുത്തപ്പെട്ട രണ്ട് പ്രസ്താവനകളിലൂടെ വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ തല്ലും തലോടലും ഇടതുമുന്നണി നേടിയെടുത്തു എന്നും മധ- തെക്കന്‍ കേരളത്തിലെ 54 മണ്ഡലങ്ങളിലെ ജയപരാജയങ്ങളില്‍ ഈ രണ്ടു പ്രസ്താവനകളുടെ ഗുണദോഷങ്ങള്‍ പ്രതിഫലിക്കാനിരിക്കുന്നു എന്നും വിലയിരുത്തപ്പെടുന്നു.