ബൈപ്പാസിൽ കൂടത്തംപാറയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി മരിച്ചു.
രാമനാട്ടുകര ഒളിക്കുഴിയിൽ വീട്ടിൽ സെലിൻ വി. പീറ്ററാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. രാമനാട്ടുകരയിൽനിന്ന് കോഴിക്കോട് സ്റ്റാർകെയർ ആശുപത്രിയിലുള്ള മകളെ കാണാൻ വരുമ്പോൾ സെലിൻ ഓടിച്ച കാറും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
രാമനാട്ടുകര ഭാഗത്തേക്ക് സാധനങ്ങളുമായി പോകുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇടിച്ചത്. കാറിൽ സെലിൻമാത്രമേ ഉണ്ടായിരുന്നുള്ളൂ. സെലിനെ ഉടൻ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്