ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് സാമൂഹ്യമാധ്യമത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് നടത്തിയ അഭ്യര്‍ഥന ഹൃദയഭേദകമായ യാഥാര്‍ഥ്യം പുറത്തറിയക്കുന്നതായി മാറി. രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ നല്‍കാനുള്ള മെഡിക്കല്‍ ഓക്‌സിജന്‍ തീര്‍ന്നുകൊണ്ടിരിക്കയാണ്. ഏതാനും മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമേ ആശുപത്രികളില്‍ ഉള്ളൂ. ഡെല്‍ഹിക്ക് പ്രാണവായു തരൂ എന്ന് കൂപ്പുകൈയ്യോടെ അപേക്ഷിക്കുന്നു–കെജരിവാള്‍ ഇങ്ങനെയാണ് എഴുതിയത്.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 18 ആശുപത്രികളുടെ പട്ടിക സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചു. പല ഇടങ്ങളിലും എട്ട് മുതല്‍ 12 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമേ ബാക്കിയുള്ളൂ.
ഡെല്‍ഹി ഹൈക്കോടതി ഓക്‌സിജന്‍ ലഭ്യതാ പ്രശ്‌നത്തില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തി. പ്രസിദ്ധമായ ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഓക്‌സിജന്റെ അളവ് കുറച്ചിരിക്കയാണെന്നാണ് അറിയുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന ശാലകളെക്കുറിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. നാല് ഓക്‌സിജന്‍ ഉല്‍പാദന ശാലകള്‍ പണിയാന്‍ പി.എ.കെയര്‍ ഫണ്ട് ഉപയോഗിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കി.