തെന്നിന്ത്യന്‍ സിനിമാലോകത്തെ ദശാബ്ദങ്ങളോളം കുടുകുടെ ചിരിപ്പിച്ച ഹാസ്യനടന്‍ വിവേക് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. ഇന്നലെ വൈകീട്ട് കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ വടപളനിയിലെ സിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേക് ശനിയാഴ്ച രാവിലെ 4.35-നാണ് അന്തരിച്ചത്. ഹൃദയത്തിലെ ലെഫ്റ്റ് ആന്റീരിയല്‍ ഡിസെന്റിങ് ആര്‍ട്ടെറിയില്‍ നൂറ് ശതമാനം ബ്ലോക്ക് ഉണ്ടായതിനെത്തുടര്‍ന്നാണ് കടുത്ത ഹൃദയാഘാതം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. കോവിഡ് വാക്‌സിന്‍ വിവേക് സ്വീകരിച്ചത് വ്യാഴാഴ്ചയായിരുന്നു.
വിവേകാനന്ദന്‍ എന്നു പേരായ വിവേകിന് 59 വയസ്സു മാത്രമായിരുന്നു പ്രായം. 1961-ല്‍ കോവില്‍പട്ടി ഗ്രാമത്തില്‍ ജനിച്ച വിവേകാനന്ദന്‍ തെക്കെ ഇന്ത്യന്‍ ടെലിവിഷന്‍-സിനിമാസ്വാദകരുടെ മനസ്സില്‍ നിറഞ്ഞു നിന്ന വിവേക് ആയി വളര്‍ന്നത് അത്ഭുതകരമായ കഥയാണ്. രജനീകാന്തിനെപ്പോലുള്ളവരെ സിനിമയിലേക്കു കൊണ്ടുവന്ന കെ.ബാലചന്ദര്‍ തന്നെയാണ് എണ്‍പതുകളില്‍ വിവേകിനെയും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കു കൊണ്ടുവന്നത്. 1987-ല്‍ ആയിരുന്നു അത്. 90-കളുടെ തുടക്കത്തോടെയാണ് വിവേകിന് മികച്ച കോമഡി റോളുകള്‍ കിട്ടിത്തുടങ്ങിയത്. പിന്നീട് വെച്ചടി വെച്ചടി കയറ്റം. 2000-ാമാണ്ട് ഒറ്റ വര്‍ഷം അദ്ദേഹം 50 സിനിമകളില്‍ വരെ അഭിനയിച്ചു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വിവേകിന്റെ മുഖവു സിനിമാപോസ്റ്ററുകളില്‍ അനിവാര്യ ഘടകമായി.
നായകന്റെ സുഹൃത്തായിട്ടാണ് എപ്പോഴും വിവേകിന്റെ റോള്‍ ഉണ്ടാവാറ്. പക്ഷേ വിവേക് സ്‌ക്രീനില്‍ വരാന്‍ പ്രേക്ഷകര്‍ കാത്തുനിന്നു. അഭിനയത്തിലെ പല തലമുറകള്‍ക്കൊപ്പം അഭിനയിച്ച നടനാണ് വിവേക്-കമല്‍ ഹാസന്‍ മുതല്‍ വിജയ് വരെ. ചിന്ന കലൈ വാണര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട വിവേക് 2009-ലെ പത്മശ്രീ ഉള്‍പ്പെടെ, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ ധാരാളം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.