വളര്‍ത്തുനായയെ സ്‌കൂട്ടറിനുപിന്നില്‍ കിലോമീറ്ററോളം കെട്ടിവലിച്ച സംഭവത്തില്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.. മലപ്പുറം ജില്ലയിലെ മലയോരത്താണ് സംഭവം. വെസ്റ്റ് പെരുങ്കുളം പ്രൈസ് വില്ല വില്‍സണ്‍ സേവ്യറിനെയാണ് ഞായറാഴ്ച രാവിലെ എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സ്വന്തം വളര്‍ത്തുനായയെ വില്‍സണ്‍ സേവ്യര്‍ പെരുങ്കുളം റോഡിലൂടെ സ്‌കൂട്ടറില്‍ കെട്ടിവലിച്ചത്.
ചെരിപ്പ് കടിച്ചുവലിച്ചതിനാണ് വളർത്തുനായയെ ഈ വിധം ക്രൂരമായി ശിക്ഷിച്ചത്. ഉടമസ്ഥനും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കയറുകെട്ടി 3 കിലോമീറ്റർ ദൂരമാണ് നായയെ വലിച്ചിഴച്ചത്. ക്രൂരത കണ്ട് നാട്ടുകാർ ഇടപെട്ടതോടെയാണു വിവരം പുറംലോകമറിഞ്ഞത്. മിണ്ടാപ്രാണിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ചകണ്ട നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇവരോടെല്ലാം ഉടമസ്ഥൻ തട്ടിക്കയറുകയായിരുന്നു.
പൊതുപ്രവർത്തകർ വാഹനം തടഞ്ഞാണു നായയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ രോഷാകുലരായതോടെ സ്കൂട്ടറിൽ നിന്നു കെട്ടഴിച്ചുവിട്ട നായയെ പിന്നീട് ഉടമസ്ഥൻ വീട്ടിലേക്കു കൊണ്ടു പോയി. എന്നാൽ ദൃശ്യങ്ങൾ ഇതിനകം വൈറൽ ആയി. മൃഗസ്നേഹികളുടെ സംഘടനാ പ്രതിനിധികൾ പരാതി നൽകിയതോടെ പോലീസ് ഉണർന്നു.
മൃഗങ്ങളോടുള്ള ക്രൂരത, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് വില്‍സണ്‍ സേവ്യറിന്റെ പേരില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ചെരിപ്പ് കടിച്ചുനശിപ്പിച്ചതിനെതുടര്‍ന്നാണ് നായയെ കെട്ടിവലിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. പെരുങ്കുളം മുതല്‍ മുസ്ല്യരങ്ങാടിവരെയുള്ള മൂന്ന് കിലോമീറ്ററോളം കെട്ടിവലിച്ചതിനെ തുടര്‍ന്ന് ശരീരം മുഴുവന്‍ നായയ്ക്ക് പരിക്കേറ്റിരുന്നു. നായയെ പിന്നീട് നിലമ്പൂരില്‍നിന്നെത്തിയ റെസ്‌ക്യൂഫോഴ്‌സ് ഏറ്റെടുത്തു.