Categories
exclusive

ഇപ്പോഴേയില്ല രണ്ടാം ഡോസ്… മെയ് ഒന്നു മുതല്‍ സംഭവിക്കാൻ പോകുന്നത്

വാക്‌സിന്‍ പോളിസിക്കെതിരെ വര്‍ധിച്ചു വന്ന വിമര്‍ശനങ്ങളെ നേരിടാന്‍ നരേന്ദ്രമോദി പുറത്തെടുത്ത ആയുധമാണ് വ്യാപകമായ വാക്‌സിനേഷന്‍ എന്ന പ്രഖ്യാപനം. സത്യത്തില്‍ ഇത് മോദിയുടെ ആശയമല്ല. വ്യാപകമായി വാക്‌സിന്‍ നല്‍കി കൊവിഡ് പ്രതിരോധിക്കുക എന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആയിരുന്നു. കാരണം മഹാരാഷ്ട്ര കൈവിട്ടു പോകുകയാണെന്ന ആശങ്ക തന്നെ. തൊട്ടു പിറകെ കൊവിഡ് രൂക്ഷമായി വരുന്ന ഡെല്‍ഹിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍ മോദി അപ്പോഴൊന്നും ഇത് മൈന്‍ഡ് ചെയ്തില്ല. അദ്ദേഹം ബംഗാളില്‍ എല്ലാ കൊവിഡ് മാനദണ്ഡവും മറന്ന ആള്‍ക്കൂട്ട പ്രചാരണത്തിന്റെ നടുവിലായിരുന്നു. റോമാ നഗരം കത്തുമ്പോള്‍ വീണ വായിക്കുന്ന ചക്രവര്‍ത്തി എന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്ന അവസ്ഥയിലെത്തി. കൊവിഡ് തരംഗം ആഞ്ഞുവീശുമ്പോള്‍ മോദി ബംഗാളില്‍ ഭരണം പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു. ഇടതുപക്ഷവും കോണ്‍ഗ്രസും അവിടെ റാലികള്‍ ഉപേക്ഷിച്ചപ്പോഴും മോദി റാലികളില്‍ തകര്‍ത്തു പ്രസംഗിച്ച് തെറ്റായ മാതൃകയായി. പക്ഷേ ദേശീയ മാധ്യമങ്ങള്‍ പതിവു പോലെ മോദിയെ കാര്യമായി വിമര്‍ശിച്ചൊന്നുമില്ല.

സുപ്രീംകോടതിയിലും കാര്യങ്ങള്‍ എത്തിയപ്പോഴാണ് മോദി അനങ്ങിയത്. 18 വയസ്സു കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ആവശ്യപ്പെട്ട് അഡ്വ. രശ്മി സിങ് ഒരു ഹര്‍ജി ഫയല്‍ ചെയ്തു. ജസ്റ്റിസ് അശോക് ഭൂഷണ്‍-ന്റെ ബഞ്ച് ഹര്‍ജി കേള്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്തു. ഇതോടെ കാര്യങ്ങള്‍ തിരിച്ചടിയാകുമെന്ന് ഊഹിച്ച പ്രധാനമന്ത്രി തിരക്കിട്ട് പ്രഖ്യാപിക്കുകയായിരുന്നു 18 കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ മെയ് ഒന്നു മുതല്‍ എന്ന പദ്ധതി.
ഉയരുന്ന ചോദ്യം ഇതാണ്. 45 വയസ്സിനുമേലുള്ളവര്‍ക്ക് പോലും നല്‍കാന്‍ രാജ്യത്ത് വാക്‌സിന്‍ ഇല്ലാതിരിക്കെ 18 വയസ്സുകാര്‍ക്കുള്‍പ്പെടെ നല്‍കാന്‍ എവിടെ വാക്‌സിന്‍.

thepoliticaleditor

വാക്‌സിന്‍ ഇല്ലാതെ എവിടെ നിന്ന് നല്‍കും. വിദേശത്തു നിന്നുള്ള വാക്‌സിന്‍ വാങ്ങുന്നതിന് അനുമതിയായെങ്കിലും എപ്പോള്‍ കിട്ടുമെന്നോ എത്ര കിട്ടുമെന്നോ ഒരു കണക്കും സര്‍ക്കാര്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. പൊതുവിപണിയില്‍ വാക്‌സിന്‍ ഇറക്കി ആളുകള്‍ക്ക് ഇഷ്ടം പോലെ കുത്തിവപ്പെടുക്കാമല്ലോ എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ എളുപ്പമാണ്. പക്ഷേ അതുണ്ടാക്കുന്ന വാക്‌സിന്‍ അസമത്വം എത്ര ഭീകരമായിരിക്കുമെന്ന് കണ്ടറിയാന്‍ പോകുന്നതേയുള്ളൂ. ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കപ്പെടുന്ന വാക്‌സിന്‍ എത്ര പാവപ്പെട്ടവര്‍ക്ക് പ്രാപ്യമാകും എന്നത് കേന്ദ്രസര്‍ക്കാരിനെ അലട്ടുന്നുണ്ടോ.

അമേരിക്ക, ജപ്പാന്‍, ഇംഗ്ലണ്ട്, യുറോപ്യന്‍ യുണിയന്‍ എന്നിവിടങ്ങളില്‍ നിന്നും വാക്‌സിന്‍ വാങ്ങാന്‍ തിരക്കിട്ട് കേന്ദ്രസര്‍ക്കാര്‍ ്അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുമെന്ന് പറഞ്ഞിട്ടുമില്ല. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണമെങ്കില്‍ വാങ്ങി യഥേഷ്ടം വാക്‌സിനേഷന്‍ നടത്താം. കേന്ദ്രത്തിന്റെ ചുമതലയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗവും സംസ്ഥാനങ്ങളുടെ തലയില്‍ ഭാരം വെച്ചുകൊടുക്കാനുള്ള നീക്കവുമായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ടിപ്പോള്‍. ഇനി വാക്‌സിന്‍ കിട്ടാത്തതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതില്‍ നിന്നും ബി.ജെ.പി.ക്ക് രക്ഷപ്പെടാന്‍ മാര്‍ഗമായി. വാക്‌സിന്‍ കുത്തകയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഈ വിമര്‍ശനം അസ്ഥാനത്തല്ല.

ഇപ്പോള്‍ ഒന്നാം ഡോസ് എടുത്തവര്‍ക്കു തന്നെ രണ്ടാം ഡോസ് എടുക്കാനുള്ള വാക്‌സിന്‍ സ്‌റ്റോക്ക് സംസ്ഥാനങ്ങളില്‍ ഇല്ല. ആ സ്ഥിതിയില്‍ പ്രഖ്യാപിച്ച മെയ് ഒന്നിന് എങ്ങിനെ വ്യാപക വാക്‌സിനേഷന്‍ തുടങ്ങാനാവും. എപ്രില്‍ 19-ന്റെ കണക്കനുസരിച്ച് 12 കോടി 38 ലക്ഷം ഡോസ് വാക്‌സിനാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ 10.73 കോടി ആദ്യ ഡോസ് ആണ്. ബാക്കി 1.64 കോടി രണ്ടാം ഡോസിനുള്ളതാണ്. ആദ്യ ഡോസുകാര്‍ക്കെല്ലാം നല്‍കാനുള്ള രണ്ടാം ഡോസ് സര്‍ക്കാരിന്റെ കയ്യില്‍ ഇല്ല. സെന്‍സസ് അനുസരിച്ച് 46 കോടി ആളുകളാണ് 45നു മുകളില്‍ പ്രായമായവാരായി രാജ്യത്തുള്ളത്. ഇവര്‍ക്കു തന്നെ വാക്‌സിന്‍ നല്‍കാന്‍ എപ്പോള്‍ കഴിയും.

ഏപ്രില്‍ അഞ്ചിനാണ് രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 45 ലക്ഷം പേര്‍ക്ക്. പക്ഷേ പിന്നീട് വാക്‌സിന്‍ ഇല്ലാത്തതിനാല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ മന്ദഗതിയിലായി. പലതും ഇപ്പോള്‍ ഇല്ലാതായി. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദകരായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് 91 ശതമാനം വാക്‌സിനും ഉല്‍പാദിപ്പിക്കുന്നത്. അസംസ്‌കൃതവസ്തുക്കളുടെ കുറവു മൂലം ഉല്‍പാദനം കൂടുതലാക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ മുന്‍കൂട്ടിക്കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ല എന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.
ചുരുക്കത്തില്‍ 18 വയസ്സിനു മേലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കുക എന്നത് സംസ്ഥാനങ്ങളുടെ മേല്‍ ചാരിയ ചുമതലയായിട്ടാണ് വരാന്‍ പോകുന്നത്. ആകെ ആശ്വാസം ആറ് വിദേശ വാക്‌സിനുകള്‍ വാങ്ങാനും പൊതുവിപണിയില്‍ ലഭ്യമാക്കാനും സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും എന്നതു മാത്രമാണ്. വാക്‌സിനേഷന്‍ ചെലവുകള്‍ സൗജന്യമാക്കാനായി തുടങ്ങിയ പ്രധാനമന്ത്രിയുടെ പി.എ.കെയേര്‍സ് ഫണ്ടിലെ സഹസ്രകോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നല്‍കാന്‍ സാധ്യതയില്ല. അങ്ങിനെ വരുമ്പോള്‍ വാക്‌സിനേഷന്റെ സാമ്പത്തിക ഭാരവും സംസ്ഥാനങ്ങള്‍ വഹിക്കേണ്ടി വരും.
വാക്‌സിന്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമായാല്‍ ജാതീയവും വര്‍ഗീയവുമായ വേര്‍തിരിവുകളും അവഗണനയും ഉണ്ടാവുമെന്ന ആശങ്ക പ്രത്യേകിച്ച് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കിടയിലുണ്ട്

കൊവിഡ് വാക്‌സിനേഷന്‍ ഇപ്പോള്‍ ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമാണ്. സര്‍ക്കാരായാലും ആശുപത്രികളായാലും അവരുടെ സ്റ്റോക്കും വിലയുമൊക്കെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം എന്ന് നിബന്ധനയുണ്ട്. ഇത് എങ്ങിനെ പാലിക്കപ്പെടും എന്നതും ഇനിയും അവ്യക്തം.

Spread the love
English Summary: no-sufficient-doses-of-vaccine-even-now-then-what-will-happen-from-may-1

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick