തനിക്ക് ഏപ്രില്‍ നാലാം തീയതി കൊവിഡ് ഉണ്ടായിരുന്നു എന്നത് ഭാവനാവിലാസമായിരുന്നുവെന്നും ഏഴാം തീയതി മുന്‍കരുതല്‍ എന്ന നിലയില്‍ ടെസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പിന്റെ ദിവസം മകള്‍ക്കും കൊച്ചുമകനും കൊവിഡ് പോസിറ്റീവ് ആയത് മനസ്സിലായപ്പോഴാണ് താന്‍ അവരുമായി സമ്പര്‍ക്കത്തില്‍ നിന്ന ഒരാള്‍ എന്ന നിലയില്‍ കരുതലിനായി പരിശോധനയ്ക്ക് വിധേയനായതെന്നും പിണറായി വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി നല്‍കി. താന്‍ ഇക്കാര്യത്തില്‍ ഒരു കൊവിഡ് ചട്ടലംഘനവും നടത്തിയിട്ടില്ല. തനിക്ക് യാതൊരുതരം ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. കൊവിഡ് പോസിറ്റീവ് ആയ ശേഷവും ഒരു ലക്ഷണമോ അസ്വാസ്ഥ്യമോ ഉണ്ടായിരുന്നില്ല.
ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ പോകുന്നതൊക്കെ കുടുംബ ബന്ധത്തിന്റെ ഭാഗമാണ്. കുടുംബങ്ങളില്‍ ഇതൊക്കെ സാധാരണമാണ്. തനിക്കും കൊച്ചുമകനും രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഭാര്യയും ഒപ്പംവന്നുവെന്നത് ശരിയാണ്. പിന്നീട് നടത്തിയ ടെസ്റ്റിലാണ് ഭാര്യയ്ക്ക് രോഗബാധ കണ്ടെത്തിയത്. താന്‍ ആയതുകൊണ്ട് മാത്രമാണ് അത് വിവാദമായതെന്നും പിണറായി പത്രസമ്മേളനത്തില്‍ ന്യായീകരിച്ചു.
നിയമനത്തിനുള്ള യോഗ്യതയില്‍ ഇളവു വരുത്തുന്നതിനു പകരം യോഗ്യതാ മാനദണ്ഡം കൂട്ടി ഒരു മന്ത്രി ഫയലില്‍ തീരുമാനമെടുത്താല്‍ അതിന് പിന്തുണച്ച് ഫയലില്‍ ഒപ്പുവെക്കുന്നതില്‍ എന്താണ് തെറ്റെന്നും പിണറായി വിജയന്‍ ചോദിച്ചു. കെ.ടി.ജലീലിന്റെ വിവാദ തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ചതിനു രേഖയുണ്ടെന്നതു സംബന്ധിച്ചുള്ള ചോദ്യത്തോടായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.